അയ്യേ... ഇതെന്തു പാട്ട്? താരത്തോട് ആരാധകർ

തെലുങ്കിൽ മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ ആരാധകരുള്ള താരമാണ് വിജയ് ദേവർ കൊണ്ട. പുതിയ ചിത്രം ഗീതാ ഗോവിന്ദത്തിലെ ഒരു ഗാനം ആലപിച്ചത് താരം തന്നെയാണ്. ഈ ഗാനത്തിനാണ് ഇപ്പോൾ രൂക്ഷ വിമർശനം ഉയർന്നത്. 

'വാട്ട് ദി എഫ്' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ ഒഴിവാക്കിയത്. പാട്ട് യൂട്യൂബിൽ നിന്നും ഒഴിവാക്കാൻ എന്താണു കാരണം എന്നത് വ്യക്തമല്ല. എന്നാൽ ഈ ഗാനം യുട്യൂബിൽ എത്തിയപ്പോൾ താരത്തിന്റെ ആലാപനത്തെ കളിയാക്കും വിധമായിരുന്നു ഭൂരിഭാഗം കമന്റുകളും. വിജയ് ദേവർ കോണ്ടയുടെ ആലാപനം വളരെ മോശമാണെന്നു വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നു. 

അതേസമയം വനിതാ സംഘടനകളുടെ ഭാഗത്തു നിന്നുള്ള എതിർപ്പിനെ തുടർന്നാണ് ഗാനം ഒഴിവാക്കിയതെന്നും അഭിപ്രായമുണ്ട്. ആർക്കും മാനസിക പ്രയാസമുണ്ടാക്കണമെന്നു കരുതിയല്ല ഗാനം ഉള്‍പ്പെടുത്തിയതെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വിശദീകരണം. ഇതൊരു തമാശ ഗാനമായി മാത്രം ഉൾപ്പെടുത്താനാണ് തീരുമാനിച്ചത്. എന്നാൽ ഈ ഗാനത്തിന്റെ വരികളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും അർജുൻ റെഡ്ഡി പറഞ്ഞു. 

'വാട്ട് ദ എഫ്' എന്നു മാറ്റി 'വാട്ട് ദി ലൈഫ്' എന്നാക്കി മാറ്റി ഗാനത്തിലെ വരികള്‍. വിജയ് ദേവർ കോണ്ടയുടെ ശബ്ദത്തിനു പകരം മറ്റൊരു പുതിയ ഗായകനു അവസരം നൽകും. താരം തന്നെ ഇക്കാര്യം ട്വിറ്ററിൽ പങ്കുവച്ചു. നിങ്ങൾ നിങ്ങളുടെ ശബ്ദത്തിൽ വാട്ട് ദ ലൈഫ് എന്ന ഗാനം പാടി അയക്കുക. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആളുടെ ശബ്ദം എന്റെ ശബ്ദത്തിനു പകരം ഉപയോഗിക്കുമെന്നും വിജയ് ദേവർ കൊണ്ട ട്വിറ്ററില്‍ കുറിച്ചു. 

മോശം ശബ്ദമാണെന്ന വിമർശനം സ്വികരിക്കുന്നു. ഇനി പാട്ടുകൾ പാടില്ലെന്നും വിജയ് ദേവർ കോണ്ട പറഞ്ഞു. പരശുറാം ആണ് ചിത്രത്തിന്റെ സംവിധാനം. ഗോപീ സുന്ദർ ആണ് ഗീതാ ഗോവിന്ദത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.