റഹ്മാൻ പറന്നിറങ്ങി; മണിരത്നത്തിനായി പാടി

മണിരത്നത്തിനായി 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിലെ ഗാനം ലൈവായി പാടി എ.ആർ. റഹ്മാൻ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു റഹ്മാന്റെ ആലാപനം. മണിരത്നത്തോടൊപ്പമുള്ള തന്റെ അനുഭവങ്ങളും റഹ്മാൻ പങ്കുവച്ചു. 

ഓഡിയോ ലോഞ്ചിനായി അമേരിക്കയിൽനിന്ന് ഇന്നലെയാണ് റഹ്മാൻ ചെന്നൈയില്‍ എത്തിയത്. മണിരത്നത്തിന്റെ ‘നായകൻ’ സിനിമയുടെ കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കുപോലെയാണ് ഈ സിനിമയുടെ ദിവസങ്ങൾ തോന്നിയതെന്നു റഹ്മാൻ പറഞ്ഞു. അന്നത്തെ അതേ എനർജിയിലാണ് മണിരത്നമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. 

മണിരത്നവും റഹ്മാനും ഒരുമിച്ചെത്തിയ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം എക്കാലത്തും ആസ്വാദകർക്കു പ്രിയപ്പെട്ടവയായിരുന്നു. റഹ്മാനും മണിരത്നവും ഒന്നിക്കുമ്പോൾ സംഗീത ആസ്വാദകർക്ക് ആവശ്യമായ ചേരുവകളെല്ലാം ആ ചിത്രത്തിലുണ്ടാകുമെന്നും അത് ഒരു പരാജയമായിരിക്കില്ലെന്ന് ഉറപ്പാണെന്നും ആരാധകർ പറയുന്നു.

മണിരത്നത്തിന്റെയും റഹ്മാന്റെയും മറ്റൊരു സൂപ്പർഹിറ്റ് ചിത്രമായിരിക്കും 'ചെക്ക ചിവന്ത വാനം' എന്നാണു പ്രതീക്ഷ. വൈരമുത്തുവാണു പാട്ടുകൾ എഴുതിയത്. മണിരത്നവും റഹ്മാനും തങ്ങളുടെ പ്രിയപ്പെട്ട ഗാനരചയിതാവിനൊപ്പം ഗോവയിലെത്തിയാണു ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. റഹ്മാൻ കരസ്ഥമാക്കിയ ആറു ദേശീയ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മണിരത്നം ചിത്രങ്ങൾക്കായിരുന്നു. 

ആക്‌ഷൻ എന്റർടെയ്നറായാണു ചെക്ക ചിവന്ത വാനം തിയറ്ററുകളിലെത്തുക. പ്രകാശ് രാജ്, അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, ജ്യോതിക, അതിഥി റാവു, ഐശ്വര്യ രാജേഷ് എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്നത്.