പ്രണയത്തിനായി നിങ്ങൾ എത്ര ദൂരം സഞ്ചരിക്കും? ഈ ഗാനം പറയും

മനോഹരം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ടും വിശേഷിപ്പിക്കാനാകില്ല 'നമസ്തേ ഇംഗ്ലണ്ട്' എന്ന ചിത്രത്തിലെ ആദ്യഗാനം. അതിഫ് അസ്‌ലമിന്റെയും ആകാംക്ഷ ഭണ്ഡാരിയുടെയും  ആലാപന മികവ്, ജാവേദ് അക്തറിന്റെ വരികൾ, മന്നൻ ഷായുടെ സംഗീതം എല്ലാം ഗാനത്തെ മനോഹരമാക്കുന്നുണ്ട്. 

പരിണീതി ചോപ്രയുടെയും അര്‍ജുൻ കപൂറിന്റെയും പ്രണയമാണു ഗാനത്തിന്റെ പ്രമേയം. സാധാരണ മനുഷ്യന്റെ സ്വപ്നവും ജീവിതവുമടങ്ങിയ രംഗങ്ങൾ ഗാനത്തിനു മാറ്റുകൂട്ടുന്നുണ്ട്. 'നിങ്ങളുടെ പ്രണയത്തിനായി എത്രദൂരം സഞ്ചരിക്കാനും നിങ്ങൾ തയ്യാറാണോ? എങ്കിൽ ഈ ഗാനം നിങ്ങളുടെ ആത്മാവിലേക്കാണു എത്തുന്നത്' എന്ന കുറിപ്പോടെയാണു 'തേരെ ലിയെ' എന്ന ഗാനം റിലീസ് ചെയ്തത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധിപേരാണു ഗാനം യുട്യൂബിൽ കണ്ടത്. 

നല്ല ഒരു പ്രണയഗാനമില്ലാതെ ഒരു പ്രണയ സിനിമ അപൂർണമായിരിക്കും. അങ്ങനെയാണ് 'തേരെ ലിയേ' എന്ന ഗാനത്തിന്റെ പിറവി എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിപുൽ അമൃത്‌ലാൽ ഷാ പറഞ്ഞു. മന്നൻ ഷായും ജാവേദും അത്തിഫും ചേർന്ന് അതെനിക്കു സാധിച്ചു തന്നു എന്നും സംവിധായകൻ പറഞ്ഞു.

'ഈ വർഷം അത്തിഫ് അസ്‌ലമിന്റെതാണ്. എത്രമനോഹരമാണു ശബ്ദം. പ്രണയത്തിന് ഒരു ശബ്ദമുണ്ടെങ്കില്‍ അത് അത്തിഫ് അസ്ലമിന്റേതായിരിക്കും' എന്നാണു ആരാധകരുടെ അവകാശവാദം.  ഒക്ടോബർ 19നു ചിത്രം തിയറ്ററുകളിലെത്തും.