വിവാദങ്ങൾക്കിടെ കേദാർനാഥിലെ ആദ്യഗാനം; റിലീസിന് അനുവദിക്കില്ലെന്നു ഭീഷണി

സാറാ അലിഖാനും സുശാന്ത് രജപുത്തും പ്രധാന വേഷങ്ങളിലെത്തുന്ന കേദാർനാഥിലെ ആദ്യഗാനം എത്തി. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവാദങ്ങൾക്കിടെയാണു നമോ നമോ എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. 

ശിവഭക്തിഗാനമായാണു ഗാനം എത്തുന്ന ഗാനത്തില്‍ കേദാർനാഥിലെ ജനജീവിതങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ഹിമാലയ താഴ്‌വരയിലെ ദൃശ്യങ്ങളും ഗാനരംഗങ്ങൾക്കു മാറ്റുകൂട്ടുന്നുണ്ട്. അമിതാഭ് ഭട്ടാചാര്യയുടെതാണു വരികൾ. അമിത് ത്രിവേദിയാണു സംഗീതം. 

ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ തന്നെ പ്രതിഷേധവുമായി കേദാർനാഥിലെ ഹിന്ദുപുരോഹിതർ രംഗത്തെത്തിയിരുന്നു. ചിത്രം ഹൈന്ദവരുടെ മത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണു സിനിമ എന്നാണ് ആരോപണം. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണു ചിത്രമെന്നാണു കേദാർനാഥിലെ ഹിന്ദു സന്യാസി സഭയുടെ പ്രധാന ആരോപണം. മുസ്‌ലീം യുവാക്കൾ മറ്റുവിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകളെ പ്രണയിച്ചു മതപരിവർത്തനത്തിനു നിർബന്ധിക്കുന്നതായും കേദാർ സന്യാസി സഭ അധ്യക്ഷൻ വിനോദ് ശുക്ല ആവരോപിച്ചു. ഉത്തരാഖണ്ഡ് ബിജെപി ഘടകവും സിനിമയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. 

എന്നാൽ നമോ നമോ എന്ന ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഗാനം റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനുപേർ യൂട്യൂബിൽ കണ്ടു. ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണു കഥ. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തീയറ്ററുകളിലെത്തും.