മേക്കപ്പ് കൂടുതലല്ലേ...ഈ പ്രണയത്തിനും പാട്ടിനും വേറിട്ട ഭംഗിയാണ്

പ്രണയമെന്നും സിനിമയുടെ വിഷയമായിരുന്നു. പ്രണയത്തിന്റെ ഭാഷയ്ക്കും ഭാവത്തിനും കാലത്തിനൊപ്പം വന്ന മാറ്റവും സിനിമാപ്പാട്ടുകളിലും ദൃശ്യങ്ങളിലും പ്രമേയത്തിലും അതിസുന്ദരമായി ഇഴചേർന്നിട്ടുണ്ട്.  മായാനദിയെന്ന മോഹിപ്പിക്കുന്ന പേരുളള ചിത്രത്തിലും പ്രണയമാണ്. അതിലെ പാട്ടുകളും അതുകൊണ്ടു തന്നെ മനോഹരമാണ്. നെഞ്ചം തൊടുന്ന സ്വരഭംഗിയുള്ള ഷഹബാസ് അമന്‍ പാടിയ മറ്റൊരു ഗാനം കൂടി മായാനദിയിൽനിന്ന് എത്തി. കാറ്റിൽ...എന്നു തുടങ്ങുന്ന പാട്ടിന് കാറ്റിന്റെ ഭംഗിയാണ്. വിനായക് ശശികുമാറിന്റേതാണു ഗാനരചന. റെക്സ് വിജയന്റേതാണു സംഗീതം. 

പുതുനിര സംഗീത സംവിധായകരിൽ ശ്രദ്ധേയനായ സുഷിൻ ശ്യാം ആണു പാട്ടിന്റെ സ്ട്രിങ് അറേഞ്ച്മെന്റിൽ. ബാക്കിങ് വോക്കലിൽ നേഹ നായരും. പാട്ടു പോലെ ഹൃദയം തൊടുന്നു ദൃശ്യങ്ങളും. ഐശ്വര്യ ലക്ഷ്മിയും ടൊവിനോ തോമസുമാണ് ആ രംഗങ്ങളിൽ. മോഡലായ നായിക മൂന്നു തരത്തിലുള്ള മണവാട്ടിയായി അണിഞ്ഞൊരുങ്ങിയെത്തുന്നു. അവൾക്കൊപ്പം പ്രണയനായകനുമുണ്ട്. തീവണ്ടി യാത്രയിലെയും കടൽത്തീരത്തെ നേരങ്ങളിലെയും അവരുടെ നോട്ടങ്ങളും വർത്തമാനങ്ങളും പ്രേക്ഷകന്റെ നെഞ്ചിനുള്ളിലേക്കാണു ചേക്കേറുന്നത്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി.