നാദിർഷയുടെ പാട്ടുപാടി കാവ്യാ മാധവൻ!

ഒരിടവേളയ്ക്കു ശേഷം സിനിമയിൽ കാവ്യാ മാധവന്റെ സാന്നിധ്യം. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യയെത്തുന്നത്. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിലാണ് ഗൗരവമാർന്ന സ്വരമുള്ള കാവ്യ വീണ്ടും ഗായികയായത്. വിജയ്‍ യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിനു സംഗീതം നാദിർഷയുടേതാണ്. വരികൾ സന്തോഷ് വർമയുടേതും. ചിത്രത്തിന്റെ പേരു പോലെ കേൾവിക്കാർക്ക് പുതുമയുള്ള സംഗീതാനുഭവമാണ് പാട്ട് സമ്മാനിക്കുന്നത്.

നാദിര്‍ഷയുടെ ഹാസ്യാത്മകമായ സംസാരം പോലെ മനസിൽ സന്തോഷം നിറയ്ക്കുന്ന ഈണവും കാഴ്ചകളുമാണ് പാട്ടിൽ. ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം മനോരമ മനോരമ മ്യൂസിക്കാണു പുറത്തിറക്കിയത്. വിനോദയാത്ര പോകും നേരമുള്ളതാണ് പാട്ട്. നാദിർഷയുടെ അനുജന്‍ സമദ്, പ്രയാഗ മാർട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ അണിനിരക്കുന്ന ഗാനരംഗങ്ങളിൽ നിറയെ ഡാൻസാണ്. പക്ഷേ വരികളിൽ നിറയെ ദൈവത്തേയും മനുഷ്യനേയും കാലത്തേയും കുറിച്ചുള്ള തത്വപരമായ കാര്യങ്ങളാണ്. അൽപം കാര്യവും കളിയും ഇടകലർന്നുള്ള ചടുലമായ ഈണം.