Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തശ്ശിയായതിന്റെ ത്രില്ലിൽ സുജാത!

sujatha-mohan സുജാത മോഹനും ഭർത്താവ് ഡോ.മോഹനും

യേശുദാസിനരികെ നിന്നു പാടുന്നൊരു കുഞ്ഞിപ്പാട്ടുകാരിയുടെ ചിത്രമാണ് ഇപ്പോഴും സുജാതയെ കുറിച്ചോർക്കുമ്പോൾ നമുക്ക് മുന്നിലേക്കെത്തുന്നത്. പാദസരക്കിലുക്കമുള്ള സ്വരഭംഗിയിൽ അവർ പാടിയ പാട്ടുകള്‍ക്ക് പനിനീർ പൂപോലെ ചിരിക്കുന്നൊരു പെൺഭംഗിയായിരുന്നു. പ്രണയവും സ്നേഹവും കുസൃതിയുമാണ് പാടിയ പാട്ടുകളലധികവും നിഴലിക്കുന്നത്. ഇപ്പോൾ ആ ഈണമെല്ലാം ചേർത്തുവയ്ക്കുന്ന പാട്ടുകൾ പാടിയൊരാളെ ഉറക്കുകയാണ് സുജാത. മകൾ ശ്വേതയുടെ കുട്ടി ശ്രേഷ്ഠ അശ്വിനെ. കുഞ്ഞു സുജാത ഇപ്പോൾ മുത്തശ്ശിയായതിന്റെ ത്രില്ലിലാണ്. വിശേഷങ്ങളുമായി മനോരമ ഓൺലൈനോടൊപ്പം അൽപ നേരം. 

sujatha-mohan-family ശ്വേതയ്ക്കും അശ്വിനുമൊപ്പം, സുജാത യേശുദാസിനും ഭാര്യ പ്രഭാ യേശുദാസിനുമൊപ്പം

"വീട്ടിൽ ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം എന്റെ അമ്മയാണ്. അളവില്ലാത്ത സ്നേഹവും കരുതലുമുള്ള അമ്മ. എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയയാൾ. എന്റെ ജീവിതത്തിന്റെ ഈണവും തണലുമായയാള്‍. എന്നേക്കാളധികം എന്റെ മകളെ വളർത്തിയതും ഇപ്പോഴും അവൾക്ക് കൂട്ടാകുന്നതും ആ അമ്മയാണ്. അതുപോലെ ദൈവത്തിന്റെ സമ്മാനമാണ് ഈ കുഞ്ഞു മകളും. അടുത്തിടെ ‍ഞാനും അമ്മയും പിന്നെ ശ്വേതയും മകളും ചേർന്നു നിന്നൊരു ഫോട്ടോ എടുത്തിരുന്നു. പാട്ടു പോലെ സന്തോഷം പകരുന്ന ചിത്രം. ജീവിതത്തിലെ സുകൃതമാണ് ആ ചിത്രം എന്നു ഞാൻ വിശ്വസിക്കുന്നു". സുജാത പറയുന്നു.

ആൺകുട്ടി ആയിരിക്കും എന്നായിരുന്നു ഞങ്ങൾ കരുതിയത്. ഓർത്തുവച്ചതെല്ലാം ആൺകുട്ടികളുടെ പേരും. മകൾ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ആലോചിച്ച് നിന്നില്ല. ശ്വേത തന്നെ പേരിട്ടു, ശ്രേഷ്ഠ എന്ന്. ശ്വേത പെട്ടെന്നോർത്തെടുത്ത പേരാണ് ശ്രേഷ്ഠ.

sujatha-old-pic സുജാതയുടെ പഴയകാല ചിത്രങ്ങൾ...

ശ്വേതയുടെ ഗർഭകാലം മുഴുവൻ അവൾക്കൊപ്പം ചെലവഴിക്കാനായി. തിരക്കുകളൊന്നും അന്നേരം വന്നില്ല. െചന്നൈയിലെ രണ്ടു ഫ്ലാറ്റുകളിലായി താമസിക്കുന്നു. ജീവിതത്തിൽ ഏറ്റവും സന്തോഷം പകർന്ന കാലമായിരുന്നുവത്. ശ്വേത പക്ഷേ പാട്ടുകളുമൊക്കെയായി തിരക്കായിരുന്നു. ഒമ്പത് മാസവും റെക്കോഡിങായിരുന്നു. അവളുടെ സ്വപ്ന ആൽബം ഷൂട്ട് ചെയ്തതും ഈ കാലയളവിലായിരുന്നു.

ലതാ മങ്കേഷ്കറിന്റെ പാട്ടുകളുടെ കവർ പുറത്തിറക്കണമെന്ന വലിയ സ്വപ്നം. അത് എ.ആർ. റഹ്മാന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിങ്. അവിടത്തെ കുട്ടികൾക്കായുള്ള വേദിയിൽ വച്ച്. കാണികളായി ആ കുട്ടികളുമെത്തി. അവർക്കിടയിൽ ശ്വേതയുടെ അച്ഛനുമുണ്ടായിരുന്നു. അതും ഒരു രസം.

ആറാം മാസത്തിലായിരുന്നു ഷൂട്ടിങ്. വയർ അധികം എടുത്തുകാണിക്കാത്ത വിധത്തിലുള്ള ഉടുപ്പൊക്കെ തുന്നിച്ച് വിഡിയോയിലെ രംഗങ്ങൾ അതിനൊപ്പം അഡ്ജസ്റ്റ് ചെയ്ത് ഷൂട്ട് ചെയ്തിരുന്നു. വലിയ രസമായിരുന്നു. എനിക്ക് ഉള്ളിൽ കുറച്ചൊക്കെ പേടിയായിരുന്നുവെങ്കിലും ശ്വേത നല്ല ആത്മവിശ്വാസത്തിലായിരുന്നു. ആ വിഡിയോ ഒരുപാട് അഭിനന്ദനങ്ങൾ നൽകി അവൾക്ക്.

സുജാതയെ തേടി ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുളള പുരസ്കാരമെത്തിയത് ഈ പാട്ടിലൂടെയാണ്.

"ശ്വേത കുഞ്ഞായിരിക്കുമ്പോൾ ഞാൻ എപ്പോഴും ചെത്തി മന്ദാരം തുളസി എന്ന പാട്ടു പാടിക്കൊടുക്കുമായിരുന്നു. ഇപ്പോൾ കുഞ്ഞു മകൾക്കരികിലിരിക്കുമ്പോഴും ആ പാട്ടല്ലാതെ മറ്റൊന്നും പെട്ടെന്ന് ഓർമ വരുന്നില്ല. ‍‍‍ഞങ്ങൾ എല്ലാവരേയും പോലെ കക്ഷിയ്ക്കും പാട്ടൊരുപാടിഷ്ടമാണെന്നു തോന്നുന്നു." ആ പാട്ടൊന്നു മൂളിക്കൊണ്ട് സുജാത പറഞ്ഞു നിർത്തി. 

2007ൽ ആദ്യമായി, ശ്വേത മോഹന് മികച്ച പിന്നണി ഗായികയ്ക്കുളള സംസ്ഥാന സർക്കാർ പുരസ്കാരം നേടിക്കൊടുത്ത ഗാനം.