മുകേഷിന്റെ മകന്റെ ചിത്രത്തിൽ പാടി ദുൽഖറും ഗ്രിഗറിയും

മുകേഷിന്റെ മകൻ ശ്രാവണിന്റെ ആദ്യ ചിത്രത്തിൽ പാട്ടു പാടി ദുൽഖർ സൽമാൻ. ഒപ്പം ഗ്രിഗറിയുമുണ്ട്. ധൃതംഗപുളകിതൻ എന്നു തുടങ്ങുന്ന പാട്ടാണ് ഇരുവരും പാടുന്നത്. പാട്ടിന്റെ ടീസർ യുട്യൂബിൽ ട്രെൻഡായി. കേൾവിയിലേക്ക് എത്താനിരിക്കുന്നത് ആവേശകരമായ ഗാനമാണെന്നു പറയുന്നു ഈ ടീസർ.

രാജേഷ് നായർ സംവിധാനം ചെയ്ത ചിത്രത്തിനു പ്രകാശ് അലക്സാണു സംഗീത സംവിധാനം. ലിങ്കു എബ്രഹാമിന്റേതാണു വരികൾ. പ്രകാശ്, റോസ് ടോണി, ബീന ലിബോയ് എന്നിവരാണ് പാട്ടിന്റെ ബാക്കിങ് വോക്കലിൽ. താളാത്മകമായ ബാക്കിങ് വോക്കലും ശ്രാവണിന്റെ സ്റ്റൈൽ നൃത്തവുമുണ്ട് പാട്ടിൽ.

ഇതിനോടകം നിരവധി ചലച്ചിത്ര ഗാനങ്ങൾ ദുൽഖർ ആലപിച്ചിട്ടുണ്ട്. അതെല്ലാം ഹിറ്റുകളാണ്. സിനിമയിലേക്ക് പുതിയതായി എത്തിയ താരപുത്രന്റെ ചിത്രത്തിനായി പ്രേക്ഷക മനസിലിടം നേടിയൊരു താരപുത്രന്റെ പാട്ടും അതുപോലെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പുതുമുഖം വർഷയാണു ചിത്രത്തിലെ നായിക. ശ്രാവണും വർഷയും  അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയം പറഞ്ഞ ആദ്യ ഗാനവും ശ്രദ്ധേയമായിരുന്നു.