പ്രണയാർ‍ദ്രം ടൊവീനോയും മഞ്ജുവും പിന്നെയീ പാട്ടും!

മഞ്ജു വാര്യർ നായികയാകുന്ന കമൽ ചിത്രം, ആമിയില്‍ നിന്ന് കാവ്യസാന്ദ്രമായ മറ്റൊരു പാട്ടു കൂടി. മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിലെ ഈ പാട്ടിൽ കൃഷ്ണ ഭഗവാനോടുള്ള അവരുടെ പ്രണയമാണു വിഷയം. ആ പ്രണയത്തിന്റെ നൊമ്പരങ്ങളും കിനാവുമെല്ലാം ഈണവും വരികളുമായി പുനർജനിക്കുന്നു. ആ പ്രണയം എത്രമാത്രം കാൽപനിക സുന്ദരമായിരുന്നുവോ ആ തലത്തിൽ തന്നെയാണു പാട്ടിന്റെ വരികളും ഈണവും ആലാപനവും. 

പ്രണയമയീ രാധാ... എന്ന ഗാനം റഫീഖ് അഹമ്മദാണ് എഴുതിയത്. എം.ജയചന്ദ്രന്റേതാണു സംഗീതം. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണീ പാട്ടു പാടിയിരിക്കുന്നത്. ഇരുവരുടെയും ഭാവസാന്ദ്രമായ സ്വരം ഒരു പാട്ടിൽ ഒന്നുചേരുമ്പോൾ കേട്ടിരിക്കുവാൻ അത്രമേൽ സുഖമുണ്ട്. 

ഭർത്താവ് മാധവദാസുമൊത്തുള്ള ജീവിതവും അമ്മയെന്ന സത്യത്തിലേക്കുള്ള അവരുടെ യാത്രയുമൊക്കെയാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ ആവിഷ്കരിക്കുന്നത്. പ്രണയവും സ്നേഹവും തേടുന്ന രാധയെ പോൽ ആമിയെത്തുന്ന പാട്ട് കടലിലേക്കു ചാഞ്ഞു വീഴുന്ന സായാഹ്ന രശ്മി പോല്‍ മനോഹരമാണ്; കാഴ്ചയിലും ഈണത്തിലും ആ നേരത്തെ ശാന്തതയുണ്ട്.