Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മിഴിയിൽ നിന്നും മിഴിയിലേക്ക്’ പാടി അനാര്‍ക്കലി

maayanadhi-song-cover

കണ്ണില്‍ നിന്നു കണ്ണിലേക്ക് പിന്നെ മനസ്സിലേക്ക് ഒരു  നദിയായൊഴുകിയ ആ പ്രണയഗീതം കേട്ടു കൊതിതീരുന്നേയില്ല. മായാനദിയെന്ന പേരു പോലെ മായികമായ ഈണക്കൂട്ടുള്ള പാട്ടിനോടു പ്രണയമാണ് നമുക്ക്. മായാനദിയിലെ മിഴിയില്‍ നിന്നും എന്ന പാട്ടിനൊരു കവര്‍ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് നടി അനാര്‍ക്കലിയും ബെഞ്ചമിന്‍ ജോ എന്ന ഗായകനും. 

ജെസ്റ്റിനും ബെഞ്ചമിനും ചേര്‍ന്നു രൂപം കൊടുത്ത മീറ്റ് ദി ജെ.ബി എന്ന ബാന്‍ഡ് ആണു പാട്ട് പുറത്തിറക്കിയത്. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനാര്‍ക്കലി മികച്ചൊരു ഗായിക കൂടിയാണെന്ന് അടിവരയിടുന്നു ഈ പാട്ട്. 

മിഴിയില്‍ നിന്നും മിഴിയിലേക്ക്...എന്നു തുടങ്ങുന്ന വരികളിലുള്ള പാട്ട് അത്രമേല്‍ ഹൃദയം തൊടും വിധമാണു മായാനദിയിൽ ഷഹബാസ് അമന്‍ പാടിയത്. അതുകൊണ്ടു തന്നെ ആ പാട്ടിനൊരു കവര്‍ വേര്‍ഷന്‍ ചെയ്യുമ്പോള്‍ വെല്ലുവിളികളും ഏറെ. ഓര്‍ക്കസ്‌ട്രേഷന്റെ  അതിപ്രസരമില്ലാതെ യഥാര്‍ഥ ഈണത്തിന്‌റെ ഭംഗിയോടു നീതിപുലര്‍ത്തി അനാര്‍ക്കലിയും ബെഞ്ചമിനും പാടുന്നത് ആ വെല്ലുവിളിയെ അതിജീവിച്ചുകൊണ്ടാണ്. മനോഹരമാണ് ഇരുവരുടെയും ആലാപനം. 

റെക്‌സ് വിജയന്‍ ഈണമിട്ട പാട്ടിന്റെ വരികള്‍ അന്‍വര്‍ അലിയുടേതാണ്. അപ്പുവായി ഐശ്വര്യ ലക്ഷ്മിയും മാത്തനായി ടൊവീനോയും അഭിനയിച്ച ഗാനരംഗം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അഭിനേത്രിയായ അനാര്‍ക്കലിയുടെ ഭാവപ്രകടനങ്ങളും കവര്‍ വേര്‍ഷന്റെ വിഡിയോയെ രസകരമാക്കുന്നു. അപ്പുവിനെ ഉൾക്കൊണ്ടുകൊണ്ടാണ് പാടുന്നതെന്ന് അനാര്‍ക്കലിയുടെ മുഖഭാവത്തിലും ആലാപനത്തിലെ ഭംഗിയിലും വ്യക്തം.