വീണ്ടും ഗായകനായി തിളങ്ങി ഉണ്ണി മുകുന്ദൻ; രണ്ടാമത്തെ പാട്ടും ഹിറ്റിലേക്ക്

അഭിനയത്തിൽ മാത്രമല്ല ആലാപാനത്തിലും മികവ് തെളിയിച്ച യുവതാരമാണ് ഉണ്ണി മുകുന്ദൻ. അച്ചായന്‍സ് എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പാടിയ ‘നിനവറിയാതെ’ എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ ചാണക്യതന്ത്രം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ പുതിയ ഗാനവും ഹിറ്റിലേക്ക് കുതിക്കുന്നു. 

ഏതോ വഴിത്താരയിൽ എന്നു തുടങ്ങുന്ന ഗാനം ഉണ്ണിയും ടെസ്സയും ചേർന്ന് ആലപിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ ആണ് സംഗീതം.

അച്ചായൻസ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനും കണ്ണൻ താമരക്കുളവും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ചാണക്യതന്ത്രം.

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ഉണ്ണി മുകുന്ദനോടൊപ്പം ഒരു പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്. ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സമ്പത്ത് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

ആടുപുലിയാട്ടത്തിന്‍റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനു തിരക്കഥയൊരുക്കുന്നത്.