റിയാലിറ്റി ഷോയിൽ മത്സരാർഥിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ശരത്

മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോയായ സൂപ്പർ 4–ന്റെ വിധിനിർണയത്തിനിടെ പൊട്ടിക്കരഞ്ഞ് സംഗീത സംവിധായകൻ ശരത്. ദേവ് പ്രകാശ് എന്ന മത്സരാർഥിയുടെ പ്രകടനത്തെ വിലയിരുത്തുമ്പോഴായിരുന്നു മറ്റു വിധികർത്താക്കളെയും മത്സരാർഥികളെയും ഞെട്ടിച്ചു കൊണ്ട് ശരത് കരഞ്ഞത്. 

രവീന്ദ്ര ജയിൻ ഇൗണമിട്ട് യേശുദാസ് പാടിയ ‘ജബ് ദീപ് ജലെ ആനാ’ എന്ന ഗാനമാണ് ദേവ് വേദിയിൽ ആലപിച്ചത്. അതിമനോഹരമായാണ് ദേവ് ഇൗ ഗാനം പാടിയത്. ദേവിന്റെ പാട്ടിനു ശേഷം മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാളായ ഷാൻ റഹ്മാൻ പ്രകടനത്തെ വിലയിരുത്തി. പാട്ട് മികച്ചതായിരുന്നുവെന്ന് ഷാൻ അഭിപ്രായപ്പെട്ടു. ഇൗ പാട്ട് പാടാൻ തിരഞ്ഞെടുത്തതിനെ അഭിനന്ദിച്ചു കൊണ്ടാണ് ശരത് വിലയിരുത്തൽ ആരംഭിച്ചത്. രവീന്ദ്ര ജെയിൻ എന്ന സംഗീതജ്‍ഞൻ അന്ധനായിരുന്നെന്നും അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങൾ ദാസേട്ടൻ പാടിയുട്ടുണ്ടെന്നും ശരത് പറഞ്ഞു. എന്നാൽ അദ്ദേഹം അന്ധനായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നു പറഞ്ഞ മത്സരാർഥിയോട് ഇതൊക്കെ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. 

താങ്കൾക്ക് കാഴ്ച ലഭിച്ചാൽ എന്താണ് ആദ്യം കാണേണ്ടത് എന്നു ചോദിച്ചപ്പോൾ എനിക്ക് യേശുദാസിനെയാണ് കാണേണ്ടതെന്നാണ് രവീന്ദ്ര ജെയിൻ പറഞ്ഞതെന്ന് ശരത് പറഞ്ഞു. ദാസേട്ടനെക്കുറിച്ച വാചാലനായ ശരത് അതിനു പിന്നാലെ വിതുമ്പി കരഞ്ഞു. അടുത്തിരുന്ന ഷാൻ റഹ്മാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും പറഞ്ഞത് മുഴുവനാക്കാൻ പോലും അദ്ദേഹത്തിനായില്ല. സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒച്ചയടയുകയും മുഖം പൊത്തി അദ്ദേഹം കരയുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം. ദാസേട്ടനോടും ആ പാട്ടിനോടുമുള്ള സ്നേഹമാണ് കണ്ണിൽ കൂടി വരുന്നതെന്ന് മറ്റൊരു വിധികർത്താവായ സുജാത പറഞ്ഞു. ദാസേട്ടനെപ്പറ്റിയും അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചും ഒാർമിച്ചതിനാലാണ് താൻ ആവശ്യമില്ലാതെ ഇമോഷനലായതെന്നു ശരത് ഏറ്റവുമൊടുവിൽ പറയുകയും ചെയ്തു. 

1976-റിലീസായ ചിറ്റ്ചോർ എന്ന ചിത്രത്തിലേതാണ് ‘ജബ് ദീപ് ജലെ ആനാ’ എന്ന ഗാനം. ബാസു ചാറ്റർജി സംവിധാനം ചെയ്ത ചിത്രത്തിലെ ഇൗ ഗാനരംഗത്തിൽ അമോൽ പലേക്കറും സെറീനാ വഹാബുമാണ് അഭിനയിച്ചത്. അന്നും ഇന്നും ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതാണ് ഇൗ ഗാനം. ഇതേ ചിത്രത്തിലെ ‘ഗോലി തെരാ’ എന്ന ഗാനത്തിന് യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇൗ ചിത്രത്തിലെ നാലു ഗാനങ്ങളും അദ്ദേഹം തന്നെയാണ് പാടിയിരിക്കുന്നതും.