Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും വിശ്വസിക്കില്ല, പക്ഷേ ഇൗ ‘ഫിഫ പാട്ട്’ മലയാളികളുടേത് !

sayanora-song

നിക്കി ജാമിന്റെ ഒൗദ്യോഗിക ഫിഫ ഗാനം തരംഗമായെങ്കിൽ അതിനെ വെല്ലുന്ന ഒരു ലോകകപ്പ് ഗാനമാണ് കുറച്ചു മലയാളികൾ ചേർന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹോളിവുഡ് ലുക്ക് ആൻഡ് ഫീലിൽ ഒരുക്കിയിരിക്കുന്ന ഇൗ ഇംഗ്ലീഷ്–റഷ്യൻ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയ ഗായിക സയനോരയാണ്. 

ഒർഫിയോ എന്ന ബാൻഡ് ഒരുക്കിയിരിക്കുന്ന ‘കമോൺ കമോൺ’ എന്ന ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത് പൂർണമായും റഷ്യയിലാണ്. പാട്ടിന് സംഗീതം കൊടുത്തിരിക്കുന്നത് റോബിൻ തോമസാണ്. ശ്യാം മുരളീധരനും ഡോൺ തോമസും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. സയനോരയ്ക്കൊപ്പം ഡോൺ തോമസും അഭിമന്യുവും പാടിയിരിക്കുന്നു. റഷ്യൻ സ്വദേശിയായ മരിയ ഗ്രിഗറോവയും ഇൗ മനോഹര ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇത്രയും മികച്ച ഒരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പാട്ടിന്റെ വിഷ്വലുകൾ കണ്ട് താൻ അത്ഭുതപ്പെട്ടു പോയെന്നുമാണ് ഗാനം ആലപിച്ച സയനോര പറയുന്നത്. ആദ്യം മടിച്ചെങ്കിലും വിഡിയോയുടെ തികവും മികവും കണ്ട് പാടാൻ തീരുമാനിക്കുകയായിരുന്നെന്ന് സയനോര പറഞ്ഞു. 

അതിഗംഭീരമായ വിഷ്വലുകൾ കോർത്തിണക്കിയ ഇൗ വിഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് സ്റ്റീവ് ബെഞ്ചമിനാണ്. പരിമിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് ആറു ദിവസം കൊണ്ടാണ് ഷൂട്ട് പൂർത്തീകരിച്ചതെന്ന് സ്റ്റീവ് പറയുന്നു. ‘റഷ്യയിൽ വിനോദസഞ്ചാരികളെ പോലെ പോയാണ് ചിത്രീകരണം നടത്തിയത്. വിഡിയോയിൽ അഭിനയിച്ചിരിക്കുന്നവരെ പോലും വളരെ ബുദ്ധിമുട്ടിയാണ് ഒരുക്കിയെടുത്തത്. ഇപ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങൾ വിലമതിക്കാനാവാത്തതാണ്.’ സ്റ്റീവ് പറഞ്ഞു.