‘വെൽക്കം ബാക്ക് നസ്രിയ’: ‘കൂടെ’യിലെ വിഡിയോ ഗാനം

മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന സിനിമയായ ‘കൂടെ’യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. നാലു വർഷങ്ങൾക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ ‘ആരാരോ’ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

റഫീക്ക് ആഹമ്മദ് എഴുതിയ വരികൾക്ക് ഇൗണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ആൻ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, പാർവതി, നസ്രിയ നസീം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി, വിജയരാഘവൻ, സംവിധായകൻ രഞ്ജിത്ത് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 2012–ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് ഇൗണം കൊടുത്തിരിക്കുന്നത് എം. ജയചന്ദ്രനാണ്. 

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍നാഷനലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റില്‍ സ്വയമ്പാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും.