Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റുകൾ ക്ഷമിക്കുക; അപേക്ഷയോടെ മോഹൻലാലിന്റെ പാട്ട്

mohanlal

മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിയിൽ മനോഹര ഗാനവുമായി മോഹൻലാൽ. 'കസ്തൂരി മണക്കുന്നല്ലോ കാറ്റെ' എന്ന ഗാനവുമായാണ് മോഹൻലാൽ പുരസ്കാര വേദിയിലെത്തിയത്. 1979ൽ പുറത്തിറങ്ങിയ 'പിക്നിക്' എന്ന ചിത്രത്തിലേതാണു ഗാനം.  ശ്രീകുമാരൻ തമ്പിയുടെ വരികൾക്കു എം.കെ.അർജുനനാണ് സംഗീതം നൽകിയത്. 

'മലയാള സിനിമാശാഖയെ നട്ടുവളർത്തി ഒരു വടവൃക്ഷമാക്കി മാറ്റിയ നിരവധി മഹാരധൻമാരിൽ ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ, എം.എസ്.ബാബുരാജ്, ദേവരാജൻ മാസ്റ്റർ, എം.ബി.ശ്രീനിവാസൻ എന്നിവരോടൊപ്പമാണ് എം.കെ അർജുനൻ മാസ്റ്ററുടെ സ്ഥാനവും. പലരും വിശേഷിപ്പിക്കാറുള്ളതുപോലെ ഈ സാധുവായ മനുഷ്യനെ കാണുമ്പോഴേ നമ്മുടെ ഉള്ളിലെ അഹന്തകളെല്ലാം മാഞ്ഞുപോകുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. 48 വർഷത്തെ സംഗീത സപര്യയിൽ ഈ വർഷം അദ്ദേഹത്തിന് ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. ഞാൻ അഭിനയിച്ച ആറോളം സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. അത് എന്റെ ഭാഗ്യമായി ഞാൻ കാണുന്നു'. അദ്ദേഹത്തോടുള്ള ആദരവായി ഒരു ഗാനം സമർപ്പിക്കുന്നു എന്ന മുഖവുരയോടെയാണ് മോഹൻലാൽ ഗാനം ആലപിച്ചത്. ഒരു ഗായകനല്ലാത്തതിനാൽ തെറ്റുകൾക്കു മാസ്റ്ററോടു മുൻകൂട്ടി ക്ഷമ ചോദിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. 

കരഘോഷത്തോടെയാണ് മോഹന്‍ലാലിന്റെ പാട്ടും വാക്കുകളും സദസ്സ് സ്വീകരിച്ചത്. സംഗീത രംഗത്തെ നിരവധി പ്രമുഖർ എത്തിയ ചടങ്ങായിരുന്നു മഴവിൽ മാംഗോ മ്യൂസിക് അവാർഡ്. പാട്ടും നൃത്തവും ഇഴചേർന്നതായിരുന്നു പുരസ്കാര ചടങ്ങ്.