തൽക്കാലം ഷെഡിൽ കയറാൻ ഉദ്ദേശമില്ല: ശ്രീകുമാരൻ തമ്പി

മലയാള സിനിമയുടെ സുവർണ കാലഘട്ടത്തെ അതിമനോഹരമായ ഗാനങ്ങളാൽ അണിയിച്ചൊരുക്കിയ ശ്രീകുമാരൻ തമ്പി പാട്ടെഴുത്തിൽ വീണ്ടും സജീവമാകുന്നു. മലയാളികൾ വീണ്ടും തന്റെ പാട്ടു കേൾക്കേണ്ടി വരുമെന്ന് ഒരു കുപ്രസിദ്ധ പയ്യന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ശ്രീകുമാരൻ തമ്പി പറഞ്ഞു. 

ഒരിടവേളയ്ക്കു ശേഷം പാട്ടെഴുത്തിൽ സജീവമായതിനെക്കുറിച്ച് ശ്രീകുമാരൻ തമ്പി പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: സാധാരണ പ്രായമാകുന്ന സമയത്ത് സിനിമയിലും സാഹിത്യത്തിലും ചില പറച്ചിലുകളുണ്ട്. "ഓ... അയാളിപ്പോൾ ഷെഡിൽ കയറി. എന്നാൽ ശ്രീകുമാരൻ തമ്പി ഷെഡിൽ കയറിയെന്ന് ആരെക്കൊണ്ടും പറയിപ്പിച്ചിട്ടില്ല. കാരണം, ഞാൻ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഒന്നുമില്ലെങ്കിൽ സീരിയൽ ചെയ്യും. അതുകൊണ്ട്, ശ്രീകുമാരൻ തമ്പി ഷെഡിൽ കയറിയെന്ന് പറയാൻ ആരെയും ഞാൻ അനുവദിച്ചിട്ടില്ല. ഇനി അനുവദിക്കുകയുമില്ല."

"ജയരാജിന് ദേശീയ പുരസ്കാരം ലഭിച്ച ഭയാനകത്തിൽ പാട്ടെഴുതിയത് ഞാനാണ്. എന്റെ സഹായി ഒരു പടം ചെയ്യുന്നുണ്ട്. അതിൽ പാട്ടെഴുതിയിട്ടുണ്ട്. സുരേഷ് ഉണ്ണിത്താന്റെ അടുത്ത പടത്തിൽ പാട്ടെഴുതാൻ പോകുന്നുണ്ട്. വീണ്ടും രണ്ടുമൂന്നു പടങ്ങളിൽ പാട്ടെഴുതി തുടങ്ങിയിട്ടുണ്ട്. നിങ്ങളെന്റെ പാട്ടുകൾ വീണ്ടും കേൾക്കേണ്ടി വരും. അതുകൊണ്ട് തൽക്കാലം ഷെഡിൽ കയറാതെ ആൾക്കൂട്ടത്തിൽ തന്നെ നിൽക്കാൻ ശ്രമിക്കുകയാണ്," ശ്രീകുമാരൻ തമ്പി പറഞ്ഞു.  

ഔസേപ്പച്ചനും ശ്രീകുമാരൻ തമ്പിയും ചേർന്നാണ് ഒരു കുപ്രസിദ്ധ പയ്യനിലെ ഗാനങ്ങളൊരുക്കിയത്. "ഇത് അത്ഭുതകരമായ ഒരു സംഗമമാണ്. ഞാനും ഔസേപ്പച്ചനും ഒരൊറ്റ പടത്തിലേ ഇതിനു മുൻപ് പാട്ടൊരുക്കിയിട്ടുളളൂ. അത് ജോഷിയുടെ മഹായാനം എന്ന ചിത്രത്തിലാണ്," ശ്രീകുമാരൻ തമ്പി ഓർത്തെടുത്തു.  

പാട്ടെഴുത്തിന്റെ അമ്പത്തിരണ്ടാം വർഷത്തിൽ ന്യൂജെൻ ഹീറോ ആയ ടൊവീനോ തോമസിന്റെ ചിത്രത്തിനു വേണ്ടി പാട്ടൊരുക്കാൻ കഴിഞ്ഞതിലെ സന്തോഷം ശ്രീകുമാരൻ തമ്പി പങ്കു വച്ചു. 'എന്റെ പാട്ടെഴുത്തിന്റെ അമ്പത്തിരണ്ടാം വർഷമാണിത്. ഞാനാദ്യമായി സിനിമയ്ക്ക് പാട്ടെഴുതുമ്പോൾ ടൊവീനോയുടെ അമ്മയ്ക്ക് എട്ടു വയസായിട്ടില്ല. തീർച്ചയായും ഇത് എന്റെ നേട്ടമാണ്,' ശ്രീകുമാരൻ തമ്പി പറഞ്ഞു.