Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഋതുമതിയെ ആചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ' ബിജിബാലിന്റെ പാട്ടുവിപ്ലവം

bijibal-harinarayanan

ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച തർക്കങ്ങൾ മുറുകുമ്പോൾ, സംഗീതത്തിലൂടെ നിലപാടു പ്രഖ്യാപിക്കുകയാണ് സംഗീതസംവിധായകനായ ബിജിപാലും കവിയും പാട്ടെഴുത്തുകാരനുമായ ബി.കെ ഹരിനാരായണനും. ഹരിനാരായണൻ വരികളെഴുതി ബിജിപാൽ ഈണമിട്ട അയ്യൻ എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഒന്നാകലിന്റെ തത്വമായ തത്വമസിയുടെ സാക്ഷാൽക്കാരമാണ് അയ്യപ്പനെന്ന് ഗാനം പറയുന്നു. 

അയ്യൻ എന്ന ഗാനത്തിലെ വരികളും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. 'ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ' എന്ന വരികൾ ഗാനത്തിന്റെ വീഡിയോയ്ക്കൊപ്പം നിരവധി പേർ പങ്കു വച്ചു. ഇരുമുടിയിലല്ല ഭക്തരുടെ ഹൃദയത്തിലാണ് അയ്യപ്പന്റെ ഗിരിമുടിയെന്നും ഗാനം പറയുന്നു. തന്ത്രമന്ത്രങ്ങളുടെ അന്ധമായ പാലനത്തെ സ്നേഹം കൊണ്ട് തിരുത്തിയെഴുതാനുള്ള അഭ്യർത്ഥനയും ഗാനം മുന്നോട്ടു വയ്ക്കുന്നു. 

കറുപ്പുടുത്ത് കാട്ടിലൂടെ ഉടുക്കുകൊട്ടി പാടുന്ന അയ്യപ്പ ഭക്തരായി ബിജിപാലും ഹരിനാരായണനും തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സംഗീതം ചെയ്ത് ആലപിക്കുന്നതിനോടൊപ്പം വീഡിയോയുടെ എഡിറ്റിങ്ങും ബിജിപാൽ നിർവഹിച്ചിരിക്കുന്നു. കാലത്തിനോടു സംവദിക്കുന്ന കലാകാരന്മാർക്ക് അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ഭക്തിയുടെ അഹങ്കാര ആൾക്കൂട്ടങ്ങൾക്കെതിരെ, നന്മയുള്ള മലയാളിക്കു വേണ്ടി രണ്ടു യുവഗായകർ ചെയ്യുന്ന പ്രായശ്ചിത്തമാണ് ഈ അയ്യപ്പഗാനമെന്ന് എഴുത്തികാരിയും സമൂഹ്യപ്രവർത്തകയുമായ ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. 

കൈവശമുള്ള കലകൊണ്ട് എന്തു ചെയ്യണമെന്ന ബോധ്യമുള്ള രണ്ടുപേർ ഒരുമിക്കുമ്പോൾ സംഭവിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് ഗായിക സിത്താര വീഡിയോ പങ്കു വച്ചത്. ചൊവ്വാഴ്ച തൃശൂരിൽ നടന്ന ജനാഭിമാന സംഗമത്തിൽ അധ്യാപകനും വാഗ്മിയുമായ സുനിൽ പി ഇളയിടം വീഡിയോ പ്രകാശനം ചെയ്തു. ബിജിപാലിന്റെ നേതൃത്വത്തിലുള്ള ബോധി സൈലന്റ് സ്കേപ് ആണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. 

അതേസമയം, ഗാനത്തെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. 'ഇതു തന്നെയാണ് അയ്യനെന്ന് ഒരു നൂറു തവണ വിളിച്ചോതാൻ തോന്നുന്ന വരികൾ' എന്നാണ് ഒരു ആസ്വാദകൻ പങ്കു വച്ച കമന്റ്. രണ്ടരമിനിറ്റിൽ ലളിതമായി ഉള്ളതു പറഞ്ഞെന്ന് വേറൊരു കമന്റ്. അതേസമയം  രൂക്ഷമായ ഭാഷയിൽ ഗാനത്തെ വിമർശിച്ചവരും കുറവല്ല. പാട്ട് ഇഷ്ടമായെങ്കിലും വരികളോടു വിയോജിപ്പുണ്ടെന്നാണ് ഇവരുടെ പക്ഷം. വീഡിയോയ്ക്കൊപ്പം ഗാനത്തിന്റെ വരികളും പ്രസിദ്ധീകരിച്ചത് ചർച്ചകൾ സജീവമാക്കി. അയ്യപ്പനുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചർച്ചയാകുന്ന കാലത്ത് അയ്യനെക്കുറിച്ചൊരു പാട്ട് എന്ന അടിക്കുറിപ്പോടെയാണ് ഗാനം പങ്കു വച്ചിരിക്കുന്നത്.