ഇലക്ഷൻ ഗാനവുമായി ക്യാൻഡിമൂൺ

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റു ചിത്രമായിരുന്നു വെള്ളിമൂങ്ങ. ചെറിയ ബ‍ജറ്റിലെത്തി വലിയ വിജയമായി മാറിയ ചിത്രത്തിലെ ഇലക്ഷൻ പ്രചരണഗാനമാണ് മാവേലിക്ക് ശേഷം ഞാനേയുള്ളു എന്നത്. രാഷ്ട്രീയക്കാരുടെ മോഹന വാഗ്ദാനങ്ങളേയും ഇലക്ഷൻ കാലത്തെ പ്രകടനത്തേയുമെല്ലാം പരിഹസിക്കുന്ന ഗാനത്തിന്റെ അനിമേറ്റഡ് വേർഷനുമായി എത്തിയിരിക്കുകയാണ് കാൻഡിമൂൺ മീഡിയ. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയക്കാരുടെ പ്രകടനമാണ് ഗാനത്തിന്റെ ഇതിവൃത്തം. വാഗ്ദാനങ്ങളും ചാനൽ ചർച്ചകളുമെല്ലാമുള്ള അനിമേഷന്റെ ക്രിയേറ്റീവ് ഡയറക്റ്റർ വിനോജ് ഗോപാലനാണ്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ, രമേഷ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, പി സി ജോർജ്, കെ എം മാണി, വെള്ളാപ്പിള്ളി നടേശൻ തുടങ്ങി കേരള രാഷ്ട്രീയത്തിലെ പ്രമുഖരുടെയെല്ലാം അനിമേറ്റഡ് രൂപം വി‍ഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. അനു കെവിയാണ് വിഡിയോയുടെ അനിമേഷൻ സംവിധാനം ചെയ്തിരിക്കുന്നത്. മനോരമ മ്യൂസിക്ക് ഗാനം പുറത്തിറക്കിയിരിക്കുന്നു. വെള്ളിമൂങ്ങയ്ക്ക് വേണ്ടി ബിജിബാൽ ഇണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നജീബ് ഹർഷാദാണ്. സന്തോഷ് വർമ്മ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

നേരത്തെ ക്യാൻഡിമൂൺ മീഡിയ ഭാസ്കർ ദ റാസ്കൽ എന്ന ചിത്രത്തിന് വേണ്ടി ദേവിക ദീപക് ദേവും ശ്വേത മോഹനും ചേർന്ന് പാടിയ ഐ ലവ് യു മമ്മി എന്ന ഗാനത്തിന്റേയും. 2004 ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിന് വേണ്ടി ബേബി വിദ്യ പാടിയ കുക്കുരുകുക്കു കുറുക്കൻ എന്ന ഗാനത്തിന്റേയും അനിമേഷൻ ക്യാൻഡിമൂൺ നിർവ്വഹിച്ചിരുന്നു.