പ്രിയദർശനും എം ജി ശ്രീകുമാറിനുമുള്ള സമ്മാനം ഈ പാട്ട്

മോഹൻലാൽ ചിത്രമായ ഒപ്പത്തിലെ എല്ലാ ഗാനങ്ങളും ഏറെ ഹൃദ്യമായിരുന്നു. എം ജി ശ്രീകുമാറിന്റെ ആലാപന ഭംഗി കുറേക്കാലത്തിനു ശേഷം മലയാളി അനുഭവിച്ച ചിത്രം കൂടിയായിരുന്നു ഇത്. അദ്ദേഹം ഹരിത ബാലകൃഷ്ണൻ എന്ന പുതു ഗായികയ്ക്കൊപ്പം പാടിയ ചിരിമുകിലും എന്ന പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യൂസിക് ഈണമിട്ട പാട്ടാണിത്. 

പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഒപ്പം.സിനിമയ്ക്കു സംഗീതമിട്ട ഫോർ മ്യൂസിക് പ്രിയദർശനും പ്രിയഗായകൻ എം ജി ശ്രീകുമാറിനുമുള്ള ആദരമായിട്ടാണ് ഈ പാട്ടു ചിട്ടപ്പെടുത്തിയത്. ജഗതി ശ്രീകുമാറും, ഇന്നസെന്റും നെടുമുടി വേണുവും, പ്രഭുവും തുടങ്ങി പ്രിയദർശന്റെ സിനിമാ ജീവിതത്തിലെ നിർണായക നിമിഷങ്ങളേയും അതിൽ ഭാഗമായ അഭിനേതാക്കളേയും കൂടി ഓർത്തെടുക്കുന്നു വിഡിയോ. സിനിമയിലെ മറ്റു പാട്ടുകൾ പോലെ വീണ്ടും വീണ്ടും കേൾക്കുവാൻ കൊതി തോന്നുന്ന ഈണം. 

സിനിമയിലെ ഗാനങ്ങൾക്കെല്ലാം യുട്യൂബിൽ മികച്ച പ്രതികരണമാണു ലഭിച്ചതും. എം ജി ശ്രീകുമാർ പാടിയ സോളോ ചിന്നമ്മ അടി കുഞ്ഞി പെണ്ണമ്മ, ശ്രയാ ജയദീപിനൊപ്പം പാടിയ മിനുങ്ങും മിന്നാമിനുങ്ങേ എന്നീ പാട്ടുകൾ ഇതുവരെ പതിനഞ്ചു ലക്ഷത്തിലധികം പ്രാവശ്യമാണ് യു ട്യൂബ് വഴി ആളുകൾ കണ്ടത്.