എന്റെ എല്ലാമെല്ലാമല്ലേ...

മലയാളത്തിന്റെ പെൺ ചന്തത്തിനു പ്രതീകമാണു കാവ്യ എന്ന നായിക. നർമം നിറഞ്ഞ നിഷ്കളങ്ക കഥാപാത്രങ്ങളിലൂടെ ഒരു വലിയ ജനതയുടെ ആഘോഷം തന്നെയായി മാറി ദിലീപ്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം മലയാളികള്‍ക്കു പ്രിയപ്പെട്ടതായി. മീശമാധവന്‍, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മിഴി രണ്ടിൽ, റൺവേ, സഹദേവന്റെ സമയം പിന്നെ ഏറ്റവുമൊടുവിൽ അടൂരിന്റെ പിന്നെയും...വരെ അങ്ങനെയങ്ങനെ എത്രയോ ചിത്രങ്ങൾ. വെള്ളിത്തിരയിൽ ഇരുവരും അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം ഏറ്റവുമിഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്‌. സിനിമയിൽ പ്രണയിനിയായും ഭാര്യയായും ഒക്കെ കാവ്യ ദിലീപിനൊപ്പം നിന്നപ്പോൾ, യഥാർഥത്തിലും അങ്ങനെയായെങ്കിൽ എന്നായി ചിന്ത. വർഷങ്ങൾക്കിപ്പുറം ഒരുമിച്ചൊരു സിനിമ ചെയ്ത് അധിക നാൾ കഴിയും മുൻപേ നാൾ ദിലീപ് കാവ്യയുടെ സ്വന്തമായി. സിനിമയെ വെല്ലുന്ന തിരക്കഥയോടെ ഗോസിപ്പുകൾക്ക് വിരാമമിട്ട് ലളിത മനോഹരമായ ചടങ്ങിൽ ദിലീപ് കാവ്യയെ സ്വന്തമാക്കി. ഇരുവരുടെയും വിവാഹ ചിത്രങ്ങളിലേക്കും ആ നിമിഷത്തിലേക്കും തിരിഞ്ഞു നോക്കുമ്പോൾ പിന്നണിയിൽ മുഴങ്ങുന്നില്ലേ കുറേ നല്ല പാട്ടുകൾ...ദിലീപ്-കാവ്യ ചിത്രങ്ങളിലൂ‍ടെ കണ്ട ഗാനങ്ങൾ...അവയിൽ ചിലതിലേക്ക്...

ദിലീപും കാവ്യയും ഒരു ഫ്രെയിമിനുള്ളിലെ കാഴ്‌ചയായി മാറിത്തുടങ്ങിയത് ചന്ദ്രനുദിക്കുന്ന ദിക്കിൽ ചിത്രത്തിലൂടെയായിരുന്നു. എങ്ങോ നഷ്ടപ്പെട്ട ഒരു പ്രണയപ്പൂവിതൾ പോലുള്ള രാധയുടെയും അവളെയോർത്ത് ഒരുപാട് രാപ്പകലുകളിൽ നോവുമായി കഴിഞ്ഞ മുകുന്ദന്റെയും കഥപറഞ്ഞ ചിത്രം. അവർ ഒന്നിക്കുന്നില്ല ഈ സിനിമയിൽ. നഷ്ടത്തിന്റെ ദുംഖം പേറുന്ന കണ്ണുകളുമായി രണ്ടു ജീവിതങ്ങളിലേക്ക് ഇരുവരും നടന്നകലുകയാണ്. വലിയ പൊട്ടുതൊട്ട് ഒരു മരത്തിൽ മുഖം ചേർത്തു നിന്ന് കാവ്യ നോക്കുന്ന ആ കാഴ്ച പോലെ മനോഹരമായിരുന്നു ഓരോ പാട്ടുകളും. അവളുടെ നെറ്റിത്തടത്തിൽ ചെഞ്ചുവപ്പൻ പൊട്ടിന്റെ ഭാവഭംഗി പോലുള്ള ഗാനങ്ങൾ. 

മോഷണത്തിലൂടെ സ്വന്തം വീടിനും നാടിനും തുണയായ കള്ളൻ മാധവൻ, മീശമാധവൻ, മലയാളത്തെയാകെ രസിപ്പിച്ചൊരു ചിത്രമാണ്. കാലം ആഘോഷിച്ച ദിലീപ് ചിത്രം എന്നു തന്നെ പറയാം. രുക്മിണി എന്ന കഥാപാത്രവും അവതരിപ്പിച്ചാണ് കാവ്യ എത്തിയത്. മാധവന്റെ ബാല്യകാല സഖിയായ രുക്മിണി. പിന്നീട് കോളെജിൽ പോയി പഠിച്ചു വരുമ്പോൾ അയാളോടു പുച്ഛവും പിന്നെ പ്രണയവും തോന്നുന്ന രുക്മിണി. സിനിമയിലെ എല്ലാ പാട്ടുകളും ആ കഥപോലെ രസകരമായിരുന്നു...പ്രത്യേകിച്ച് ഈ ഗാനം...എന്റെ എല്ലാം എല്ലാം അല്ലേ എന്ന പാട്ട്. 

കാവ്യയെ ഓർക്കുമ്പോൾ ആദ്യം മനസിൽ തെളിയുക ആ കണ്ണുകളാണ്. മിഴി രണ്ടിലും എന്ന ചിത്രത്തിൽ ഇരട്ട വേഷങ്ങളിൽ അതി സുന്ദരിയായിരുന്നു കാവ്യ. വീടിന്റെ ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്കു ചുമലിലേറ്റിയ ഭദ്രയും അൽപം ബോൾഡ് ആയ ഭാമയായും കാവ്യ അഭിനയ ചാരുതയറിയിച്ചു. ഇതിലെ ഒരു പാട്ടുണ്ട് ഓമലേ തങ്കമേ...എന്നത്. ദിലീപും കാവ്യയും തന്നെയാണീ പാട്ടിലുള്ളത്. ഒരുപക്ഷേ ഈ അവസരത്തിൽ ഏറ്റവും ഉചിതമായ ഗാനവും ഇതുതന്നെ.

ബുദ്ധസ്ഥിരതയില്ലാത്ത ഉണ്ണിയായി ദിലീപ് എത്തിയ ചിത്രമായിരുന്നു തിളക്കം. കു‍ഞ്ഞി പിള്ളേർക്ക് ദിലീപിനെ ഏറ്റവും പ്രിയപ്പെട്ടതാക്കിയ സിനിമകളിലൊന്നായിരുന്നു തിളക്കം. സിനിമയിലെ...സാറേ സാറേ സാമ്പാറെ എന്ന പാട്ട് അന്നും ഇന്നും പട്ടം പറപ്പിച്ചും, ഓലക്കീറുകൊണ്ട് കാറ്റാടിയുണ്ടാക്കിയും കളിച്ചു രസിക്കുന്നതിനിടയിൽ കുട്ടിപ്പട്ടാളം പാടിനടക്കാറുണ്ട്. 

സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്നവനാണ് യഥാർഥ കൂട്ടുകാരൻ. ദോസ്ത് എന്ന ചിത്രത്തിൽ കണ്ടത് അങ്ങനെയുള്ളൊരു ദിലീപിനെയാണ്. കാവ്യ സിനിമയിൽ ദിലീപിന്റെ കുഞ്ഞനുജത്തിയായാണ് എത്തുന്നത്. അനിയത്തിമാർക്ക് ഏറെ പ്രിയപ്പെട്ട ജ്യേഷ്ഠനായി ദിലീപും. അവരുടെ ആ കുഞ്ഞു വീടിന്റെ സന്തോഷങ്ങളെ അറിയിച്ച ഒരു പാട്ടുണ്ട്..ഇടയ്ക്കെങ്കിലും വെറുതെ ഓർക്കാറുള്ള ഒരു പാട്ട്..

രാഷ്ട്രീയ പ്രാധാന്യമുള്ളൊരു ചിത്രമായിരുന്നു ലയണ്‍. കാവ്യ ബോൾഡ് വേഷങ്ങൾ ചെയ്ത ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു അത്. മന്ത്രിയുടെ മകനായി ഒരു കുടുംബത്തിൽ ജനിച്ചിട്ട്, അച്ഛനെതിരെ രാഷ്ട്രീയം പറഞ്ഞു, നന്മയ്ക്കു വേണ്ടി നിലകൊണ്ട്, വീട്ടു വേലക്കാരിയുടെ മകളായ കാവ്യയെ ദിലീപ് വിവാഹം ചെയ്യുന്ന ചിത്രം ഏറെ പ്രശംസ നേടിയിരുന്നു. ജനപ്രിയ നായകനെന്ന വിശേഷണത്തിന് ആക്കംകൂട്ടിയ ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു ഇത്. ഇരുവരുടെയും പ്രണയത്തെ കുറിച്ചു പാട്ടുകള്‍ക്കെല്ലാം പ്രസന്നമായ ഭാവമായിരുന്നു.

ജ്യോതിഷത്തിൽ അന്ധമായി വ‌ിശ്വസിക്കുന്ന സദാനന്ദന്റെ ചെയ്തികളെ പൊട്ടിച്ചിരിയോടയല്ലാതെ ഓർത്തെടുക്കാനാകില്ല. ജ്യോതിഷത്തിൽ വിശ്വസിക്കുന്ന ശരാശരി സർക്കാർ ഉദ്യോഗസ്ഥനെ അത്രയേറെ യാഥാർഥ്യതതയോടെയാണ് ദിലീപ് അവതരിപ്പിച്ചത്. സദു ഏട്ടാ എന്നു വിളിച്ച് അയാളുടെ എല്ലാ വിശ്വാസങ്ങൾക്കും കുടപിടിച്ച് ഒപ്പം നിന്ന ഭാര്യയായി കാവ്യയും. കഥയുടെ യാഥാർഥ്യത പാട്ടുകളേയും മനോഹരമാക്കി.

ദിലീപിന് മികച്ച നടനുളള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് വെള്ളരിപ്രാവിന്റെ ചങ്ങാതികൾ. എഴുപതുകളിലെ നിത്യഹരിത ചലച്ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ചിത്രമായിരുന്നു അത്. അതുകൊണ്ടു തന്നെ പാട്ടുകളും  ആ കാലഘട്ടത്തിലേതു പോലെ സുന്ദരമായി...പതിനേഴിന്റെ പൂങ്കരളേ എന്ന പാട്ട് എന്നെന്നും പ്രിയപ്പെട്ട ദിലീപ്-കാവ്യ ഗാനങ്ങളിലൊന്നാണെന്നതിൽ തർക്കമില്ല. 

നിരവധി നാളുകൾ നീണ്ട ഊഹാപോഹങ്ങൾക്കും വിവാദങ്ങൾക്കും ചില ദിലീപ്-കാവ്യ ചിത്രങ്ങളിലേതു പോലെ അല്ലെങ്കില്‌ അതിനേക്കാൾ നാടകീയമായ ഒരു ക്ലൈമാക്സിലൂടെ അവസാനിമിട്ട് ഇരുവരും വിവാഹ ജീവിതത്തിലേക്കു പ്രവേശിച്ചു. ഈ സിനിമകളിലേതു പോലെ സ്വപ്നതുല്യമാകട്ടെ ഇരുവരുടെയും ജീവിതവും.