കോയിക്കോട് പാട്ടിന്റെ ഗായികയെ പോലും കൊതിപ്പിച്ചു ഈ ആലാപനം!

കോഴിക്കോടിന്റെ മൊ‍ഞ്ചിനെ കുറിച്ചു പാടിയ കുഞ്ഞിപ്പാട്ടിനൊരു നാരങ്ങാ മിഠായിയുടെ മധുരമായിരുന്നു. ആ മധുരത്തിന്റെ ലഹരിയിപ്പോഴും മനസിലുണ്ട്. കോയിക്കോടൻ പാട്ടങ്ങനെ മൂളിനടക്കുകയാണ് നമ്മളെല്ലാം. ഒരുപാടു ചങ്ങാതിമാർ ആ പാട്ട് ഏറ്റുപാടി, നൃത്തമാടി. അവയിൽ ചിലതു ഏറെ പ്രിയങ്കരമായി. അക്കൂട്ടത്തിൽ രസകരമായി തോന്നിയൊരു കോയിക്കോട് ഗാനാലാപനത്തെക്കുറിച്ചാണു പറയുന്നത്. കോയിക്കോട് പാട്ട് പാടിയ അഭയ ഹിരൺമയിയുടെ പോലും മനസു കീഴടക്കി ഈ ആലാപനം. അഭയ തന്നെയാണ് ഈ പാട്ട് സമൂഹ മാധ്യമത്തിൽ പങ്കുവച്ചതും. തന്റെ പാട്ട് തന്നെ കുഞ്ഞു തിരഞ്ഞെടുത്തതിൽ അഭിമാനം തോന്നുന്നുവെന്നാണ് ഗായികയുടെ കമന്റ്.

ദക്ഷിണ എന്ന കുട്ടിയാണ് ഗായിക. പാട്ടിന് സ്വന്തം ശബ്ദത്തിൽ ഓർക്കസ്ട്രയൊക്കെ കൊടുത്ത് കൈകൊണ്ട് താളമൊക്കെ പിടിച്ച് ഗൗരവത്തിലാണ് ആലാപനം. പാട്ടിനിടയിൽ 'ഹൊയ്'  പറയുന്നതു കേൾക്കാനൊക്കെ ഒരുപാട് രസമാണ്. കുഞ്ഞുങ്ങൾ പാടുമ്പോൾ ഉച്ചാരണത്തിലെ പിശകിനു പോലും നല്ല ചന്തമാണ്. ആ ചന്തം ഇവിടെയും ആസ്വദിക്കാം. പാട്ടിന്റെ വരികൾ മറക്കാതെ അതിന്റെ ഭാവം കുഞ്ഞു സ്വരത്തിൽ ഉൾക്കൊണ്ടാണ് പാടുന്നത്. ഈണത്തിലെ നീട്ടലും കുറുക്കലും ഉയർച്ചയും താഴ്ചയുമൊക്കെ തന്നെ കൊണ്ടു കഴിയാവുന്ന പോലെയൊക്കെ പാടുന്നുണ്ട്. പാട്ടു കേട്ടു കഴിയുമ്പോൾ പാട്ടുകാരിയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നും. ഗോപി സുന്ദർ ഈണമിട്ട പാട്ട് 'ഗൂഢാലോചന' എന്ന ചിത്രത്തിലേതാണ്. ബി.കെ.ഹരിനാരായണനാണ് പാട്ട് എഴുതിയത്.