യൂട്യൂബിലൂം ഹിറ്റായി മലർ

അൽഫോൺസ് പുത്രന്റെ പ്രേമം ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രേമത്തെ സൂപ്പർ ഹിറ്റാക്കി മാറ്റിയതിൽ മലർ എന്ന കഥാപാത്രവും മലരേ എന്ന ഗാനത്തിനും അതീവ പ്രാധാന്യമുണ്ട്. ചിത്രം കണ്ട് പുറത്തിറങ്ങുന്നവർ വീണ്ടും കാണാൻ ആഗ്രഹിക്കുന്നതും മലരേ എന്ന ഗാനമായിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഗാനത്തിന്റെ ഒറിജിനൽ വിഡിയോ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മലരേ എന്ന ഗാനം പുറത്തിറങ്ങിയത്.

പ്രേമം പോലെ തന്നെ മലരും ഹിറ്റായി മുന്നേറുകയാണ്. യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് വിഡിയോകളിൽ അഞ്ചാം സ്ഥാനത്തെത്തിയ മലയാളികളുടെ സ്വന്തം മലർ പുറത്തിറങ്ങി ഒന്നര ദിവസംകൊണ്ട് 7.4 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും അധികം ആളുകൾ കണ്ട മലയാള ഗാനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മലരേ.

ശബരീഷ് വർമ്മയാണ് മലരേ നിന്നെ കാണാതിരുന്നാൽ എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. രാജേഷ് മുരുകേശൻ സംഗീതം നൽകിയിരിക്കുന്നു. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജൂൺ 20ന് പുറത്തിറങ്ങിയ മലരേ എന്ന ഗാനം ഇതുവരെ 7.3 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. പ്രേമം പുറത്തിറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ആലുവ പുഴയുടെ തീരത്ത്, പതിവായി എന്നീ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആലുവ പുഴ ഇതുവരെ 17.5 ലക്ഷം ആളുകളും പതിവായി 17.1 ലക്ഷം പേരുമാണ് ഇതുവരെ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.