മനസു കീഴടക്കിയ പശ്ചാത്തല സംഗീതം

ഒരു സിനിമയുടെ കഥയും അതിന്റെ ആത്മാംശവും പ്രേക്ഷകരിലേക്കെത്തുന്നത് കഥാപാത്രങ്ങളിലൂടെയും പശ്ചാത്തലങ്ങളിലൂടെയും മാത്രമല്ല, പശ്ചാത്തല സംഗീതത്തിലും കൂടിയാണ്.  കഥയുടെ ഉള്ളറിഞ്ഞ് സംഗീത സംവിധായകൻ പകർന്ന സംഗീതമാണെങ്കിൽ അതു തീർച്ചയായും ആ സിനിമ പോലെ പ്രേക്ഷകനൊപ്പം കൂടിയാണ്. സിനിമയെ ഓർക്കുമ്പോൾ അറിയാതെ ആ പാട്ടും ഉള്ളിൽ താളം പിടിക്കും. 2016ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിന്ന് അത്തരം ചില ഈണങ്ങളെ കൂടി ഓർത്തെടുക്കാം. 

പുലിമുരുകൻ

കയ്യടി കാരണം തീയറ്ററിൽ വ്യക്തമായി കേൾക്കാൻ കഴിയാതെ പോയി പുലിമുരുകനിലെ പശ്ചാത്തല സംഗീതം. നൂറു കോടിയിലധികം വാരിയ മലയാള ചിത്രം എന്ന റെക്കോര്‍ഡിന്റെ അത്രയും പ്രൗഡിയുണ്ടായിരുന്നു ഗോപി സുന്ദർ പകർന്ന സംഗീതത്തിനും. കാട്ടു വേഴാമ്പലിന്റെ മുഴക്കം പോലെ മനസു പിടിച്ചെടുക്കുന്ന സംഗീതം. പുലിമുരുകന്റെ ചടുലമായ നടത്തത്തിനും സാഹസികവും വൈകാരികതയും നിറഞ്ഞ ആ ജിവിതവും സ്ക്രീനിൽ കണ്ടപ്പോഴും പിന്നെ ഓർത്തോർത്ത് ആവേശം കൊണ്ടപ്പോഴും ഈ ഈണം ഉള്ളിൽ‌ താളം പിടിച്ചു. പുലിമുരുകന്റെ ഒരു ചെറിയ ചിത്രം കാണുമ്പോൾ പോലും ഈ സംഗീതം നമുക്കു ചുറ്റും നിറഞ്ഞു...

ആ ചെണ്ട കൊട്ട് കേട്ടാലറിയാം...

മൂക്കിൻ തുമ്പത്ത് ദേഷ്യമുള്ള സിദ്ധാർഥായി ദുൽഖർ സൽമാൻ വേഷമിട്ട ചിത്രമായിരുന്നു കലി. സിദ്ധാര്‍ഥിന്റെയും അയാൾ പ്രണയിച്ച് സ്വന്തമാക്കിയ അഞ്ജലിയുടെയും ജീവിതം സ്ക്രീനിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഗോപി സുന്ദർ നൽകിയ സംഗീതവും അതുപോലെ പ്രക്ഷുബ്ധവും താളാത്മകവുമായിരുന്നു. സിദ്ധാർഥിന് ദേഷ്യം വരുമ്പോഴൊക്കെ ചെണ്ടയിൽ നിന്നുയരുന്ന ദ്രുത താളം നൽകി. ആ ചെണ്ട കൊട്ട് കേൾക്കുമ്പോഴേ അറിയാം ദാ സിദ്ധാർഥ് പൊട്ടിത്തെറിയ്ക്കാൻ പോകുകയാണെന്ന്...

ലീല

ഉണ്ണി ആർന്റെ ലീല രഞ്ജിത് സിനിമയാക്കിയത് വലിയ ചർച്ചയായിരുന്നു. ആൺ അഹന്തയെ നിർവികാരമായ പെൺമുഖത്തെ പ്രതിനിധാനം ചെയ്ത സിനിമയ്ക്കു സംഗീതം ബിജിബാലിന്റേതായിരുന്നു. പശ്ചാത്തല സംഗീതത്തിനു ദേശീയ പുരസ്കാരം നേടിയ ബിജിബാലിൽ നിന്നു പ്രതീക്ഷിച്ച നിലവാരം സംഗീതത്തിനുണ്ടായിരുന്നു. അച്ഛനാൽ ബലാത്സംഗം ചെയ്യപ്പെട്ട് പിന്നെയും ഒരാണിന്റെ ഭ്രാന്തിനു മുന്നിൽ നിസഹായായി നിൽക്കേണ്ടി വന്ന ലീലയുടെ കണ്ണിലെ കനലോളം ആഴമുണ്ടായിരുന്നു ആ സംഗീതത്തിന്. കുട്ടിയപ്പന്റെ ഭ്രാന്തമായ സ്വപ്നത്തിനു യാഥാർഥ്യത തീർക്കാൻ ഒരു ആനക്കൊമ്പന്റെ അടുത്തേക്ക് പതിയെ ലീല നടന്നു നീങ്ങുമ്പോൾ പകർന്ന സംഗീതം പ്രേക്ഷകന്റെ നെഞ്ചകങ്ങളിലേക്കാണു തുളച്ചു കയറിയത്...ആ പ്രമേയം പോലെ

സൂരജിന്റെ കിടിലൻ സംഗീതം

ആൻ മരിയ കലിപ്പിലാണ്, വള്ളീം തെറ്റി പുള്ളീം തെറ്റി എന്നീ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകിയത് സൂരജ് എസ് കുറുപ്പ് ആയിരുന്നു. വള്ളീം തെറ്റി പുള്ളീം തെറ്റി എന്നത് സൂരജിന്റെ ആദ്യ ചിത്രം ആണ്. ഇതിലെ പാട്ടുകള്‍ പോലെ മനോഹരമായിരുന്നു പശ്ചാത്തല സംഗീതവും. പ്രേത്യേകിച്ച് നായികയായ ശ്യാമിലിയുടെ എൻട്രിയ്ക്കു നൽകിയ സംഗീതം. ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതമിടാനുള്ള നിയോഗം സൂരജിലേക്ക് അവസാന നിമിഷമാണെത്തിയത്. എന്നിട്ടും സംഗീതം മികവുറ്റതായി. ദുൽഖർ സൽമാന്റെ സർ‌പ്രൈസ് എൻട്രിയ്ക്കു നൽകിയ സംഗീതം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

നോവിച്ച് ഗപ്പി

പോയവർഷം മലയാളത്തിൽ ഇറങ്ങിയ വേറിട്ട ചിത്രമായിരുന്നു ഗപ്പി. നന്മയുള്ള ഒരു കൊച്ചു സിനിമ. സ്നേഹ ബന്ധങ്ങളുടെ ആഴത്തെ അസാധാരണ രീതിയിൽ അവതരിപ്പിച്ച സിനിമയിലെ സംഗീതം കടലാഴങ്ങളിലെ മീനിന്റെ സഞ്ചാരം പോലെ ഇമ്പമാർന്നതും മനോഹരവുമായിരുന്നു. വിഷ്ണു വിജയ് എന്ന നവാഗതന്റേതായിരുന്നു പശ്ചാത്തല സംഗീതവും പാട്ടുകളും. 

ചിന്തിപ്പിച്ച് കമ്മട്ടിപ്പാടം

നഗരവൽക്കരണത്തിന്റെ വളർച്ചയ്ക്കിടയിൽ അരികു ചേർക്കപ്പെട്ടു പോയവരേയും അവരെ അങ്ങനെ ആക്കിയവരുടെയും ജീവിത തലങ്ങളിലൂടെ സഞ്ചരിച്ച കമ്മട്ടിപ്പാടം പ്രതിനിധാനം ചെയ്തത് പുതിയ കാലത്തിന്റെ നെറികേടിനെയായിരുന്നു. നാലു മണിക്കൂറോളം ദൈർഘ്യമുള്ള, ഫിക്ഷനു വഴിമാറാത്ത കഥാനന്തുവിന് മികച്ച പിന്തുണ നൽകി പശ്ചാത്തല സംഗീതം. നെഞ്ചു പൊള്ളിക്കുന്ന, നമ്മൾ തിരിച്ചറിയാതെ പോയ ചില യാഥാർഥ്യങ്ങളിലൂടെ കടന്നുപോയ സിനിമ പ്രേക്ഷകന്റെ ചർച്ചകളിലും ചിന്തകളിലും ഇടം നേടിയതു പോലെതന്നെയായിരുന്നു അതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. കെ എന്നറിയപ്പെടുന്ന കൃഷ്ണ കുമാറിന്റേതായിരുന്നു പശ്ചാത്തല സംഗീതം.