കേൾവി കീഴടക്കിയ പുതിയ പാട്ടുകൾ

നാടൻ വഴിയിലെ കള്ള കാമുകന്റെ കുസൃതിക്കുറിച്ച് പാടി ഭാവഗായകൻ. വേഗത്തിൽ പാടി അതിശയിപ്പിക്കുന്ന വൈക്കം വിജയലക്ഷ്മി. രുചിഭേദങ്ങളെക്കുറിച്ച് പാടിയ ഒഴിവു ദിവസത്തെ കളി. വീണ്ടുമെത്തിയ ഒരു പുത്തൻ‌ പാട്ടുകാലത്തിലേക്ക്...

പൊടിമീശ മുളയ്ക്കണ കാലം

പഴയകാലത്തെ രസകരമായ അനുഭവങ്ങളെക്കുറിച്ചുള്ള പാട്ടുകളെ എപ്പോഴും നമ്മൾ പ്രണയിച്ചിട്ടുണ്ട്. ഭാവഗായകൻ ആലപിച്ച ഈ പാട്ടും ആദ്യ‍ കേൾവിയിൽത്തന്നെ മനസിലേക്ക് കയറിക്കൂടിയതും മറ്റൊന്നുംകൊണ്ടല്ല. പാ.വ എന്ന ചിത്രത്തിലെ പൊടിമീശ മുളയ്ക്കണ കാലം എന്ന പാട്ട്, അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല പാട്ടുകളിലൊന്നാകുകയാണ്. ചില പാട്ടുകളുടെ ദൃശ്യങ്ങൾ, മറ്റുചിലതിന്റെ ഈണമായിരിക്കും, ചില നേരങ്ങളിൽ പാടുന്നയാളിന്റെ സ്വരമായിരിക്കും ഒരു ഗാനത്തിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. പക്ഷേ  ഈ മൂന്നു ഘടകങ്ങളും സുന്ദരമായി ഒന്നുചേർന്നിരിക്കുന്നു ഈ പുതിയ ഗാനത്തിൽ. ആനന്ദ് മധുസൂദനൻ ഈണമിട്ട പാട്ടാണിത്. പൊടിമീശ മുളയ്ക്കണ കാലം

അവളും നാനും

റഹ്മാൻ ഈണത്തിൽ വിജയ് യേശുദാസ് പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങളുടെ കൂട്ടത്തിലാണ് അച്ചം എൻപത് മടമൈയെടായിലെ ഈ പാട്ടിന്റെയും സ്ഥാനമിനി. പവനന്ദേർ ഭാരതിദാസൻ കുറിച്ച വരികളും അതിനിട്ട ഈണവും റഹ്മാൻ പാട്ടുകളിഷ്ടപ്പെടുന്നവരുടെ മാത്രമല്ല എല്ലാത്തരം ആസ്വാദകരുടെയും പ്രിയം നേടി. ഹരംകൊളളിച്ച് റഹ്‍മാൻ മാജിക് വീണ്ടും

നീയോ ഞാനോ

വേഗത്തിൽ പാടി വിജയലക്ഷ്മി നമ്മുടെ ആസ്വാദനത്തെ സന്തോഷിപ്പിച്ചിട്ടുണ്ട്. അനുരാഗ കരിക്കിൻ വെള്ളമെന്ന ചിത്രത്തിലെ ഈ പാട്ടും അത്തരത്തിലൊന്നാണ്. നഗരക്കാഴ്ചയേയും അവിടത്തെ ജീവിതങ്ങളേയും കുറിച്ച് പാടിയ പാട്ടിന് ഈണമിട്ടത് പ്രശാന്ത് പിള്ളയാണ്. വരികൾ ശബരീഷ് വർമയുടേതും. വൈക്കം വിജയലക്ഷ്മി അനായാസകരമായി സ്വരത്തെ പായിക്കുമ്പോഴുള്ള കേൾവിസുഖമാണ് ഈ പാട്ടിന്റെ വലിയ പ്രത്യേകത. നീയോ ഞാനോ...ഞാനോ നീയോ: വിഡിയോ സോങ് പുറത്തിറങ്ങി

ഉലകത്തിൻ ഇങ്ങേക്കോണിൽ

സംഗീത സംവിധായകൻ ഈണമിട്ട് പാടിയ പാട്ടാണ് കരിങ്കുന്ന സിക്സസെന്ന ചിത്രത്തിൽ നിന്ന് ആദ്യം പുറത്തുവന്നിരിക്കുന്നത്. ജയിലിലെ ജീവിതത്തെ ക്കുറിച്ചുള്ള പാട്ടിൽ ആവേശമേറെ. വരികളും നമ്മെയൊന്ന് ചിന്തിപ്പിക്കും. ദൃശ്യങ്ങളും അതുപോലെ തന്നെ. മഞ്ജു വാര്യർ വോളിബോൾ പരിശീലകയുടെ വേഷമവതരിപ്പിക്കുന്ന ചിത്രമായതിനാൽ ദൃശ്യങ്ങളിലും കൗതുകമേറെ. വിനായക് ശശികുമാർ എഴുതിയ പാട്ട് രാഹുൽ രാജും അരുൺ ആലാട്ടും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ജയിലിലെ ഹാപ്പി ജീവിതം പാടി കരിങ്കുന്നം സിക്സസ്

ഷാപ്പ് കറിയും അന്തിക്കള്ളും...

രുചിഭേദങ്ങളെ കുറിച്ചുള്ള ഗാനങ്ങൾ എപ്പോഴൊക്കെ കേട്ടിട്ടുണ്ടോ അതൊക്കെ കാലാതീതമായി മനസിലേക്കതങ്ങനെ കയറിക്കൂടിയിട്ടുണ്ട്. ഒഴിവുദിവസത്തെ കളിയെന്ന സിനിമയിലെ പ്രൊമോ ഗാനവും അത്തരത്തിലൊരെണ്ണമാണ്. കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രത്തിലെ കൂട്ടുകാർ പാടിയ പാട്ട് എഴുതിയത് സംവിധാ.കൻ സനൽ കുമാർ ശശിധരനാണ്. വരികളിലെ നാടൻ ഭംഗിയും ആലാപനത്തിലെ നാടൻചേലുമാണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നത്. ഷാപ്പ് കറിയും അന്തിക്കള്ളും കപ്പക്കൂട്ടാനും