Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപകരുടെ അതൃപ്തി; ഊബർ മേധാവി രാജിവച്ചു

uber-traviz

സാൻഫ്രാൻസിസ്കോ ∙ ആഗോള ഓൺലൈൻ ടാക്സി സേവന സ്ഥാപനമായ ഊബറിന്റെ സ്ഥാപകകരിൽ ഒരാളായ ട്രവിസ് കലനിക് (40) കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) സ്ഥാനം രാജിവച്ചു. തൊഴിൽപരമായ ആരോപണങ്ങൾ നേരിടുന്ന കമ്പനിയുടെ തലപ്പത്തുനിന്ന് കലനിക് ഒഴിയണമെന്നു നിക്ഷേപകരിൽ ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി.

സിലിക്കൺവാലിയിലെ മിന്നും സംരംഭകരിൽ ഒരാളായ കലനിക്കിന്റെ തലയിലുദിച്ച ആശയമായിരുന്നു ഊബർ. ഓൺലൈൻ ടാക്സി രംഗത്ത് എന്നല്ല ലോകത്തെമ്പാടും ഗതാഗത രംഗത്തുതന്നെ വൻ മാറ്റത്തിനു കാരണമാകാൻ‍ 2009 ൽ സ്ഥാപിതമായ ഊബറിനു കഴിഞ്ഞു. എന്നാൽ സമീപകാലത്തുണ്ടായ ചില വിവാദങ്ങളാണ് കലനിക്കിന്റെ രാജിയിലേക്കു നയിച്ചത്.

ഊബറിന്റെ ഓഹരിയുടമകളിൽ മുൻപന്മാരായ വെഞ്ച്വർ കാപ്പിറ്റൽ സ്ഥാപനം ബെഞ്ച്മാർക് അടക്കം പ്രധാനപ്പെട്ട അഞ്ച് നിക്ഷേപക സ്ഥാപനങ്ങൾ സിഇഒയുടെ രാജിക്കായി കടുത്ത സമ്മർദം ചെലുത്തി. ഷിക്കാഗോയിൽ ആയിരുന്ന കലനിക്കിന് അവർ രാജി ആവശ്യപ്പെട്ട് കത്തു നൽകുകയായിരുന്നു. കത്ത് കൈപ്പറ്റി ഏതാനും ഡയറക്ടർമാരുമായി ചർച്ച നടത്തി കലനിക്  രാജിക്കു സമ്മതിച്ചു. ഊബറിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അദ്ദേഹം അംഗമായി തുടരും.

നിക്ഷേപകരുടെ ഇംഗിതപ്രകാരം താൻ സ്ഥാനമൊഴിയുകയാണെന്നും തീരുമാനം വേദനാജനകമാണെന്നും കലനിക് പ്രതികരിച്ചു. ‘‘ലോകത്ത് മറ്റെന്തിനെക്കാളുമേറെ ഊബറിനെയാണ് ഞാൻ സ്നേഹിക്കുന്നത്. അതുകൊണ്ടുതന്നെ പോരിനു തയാറല്ല. ഊബറിന്റെ വളർച്ചയാണ് എന്റെയും താൽപര്യം’’

ലൈംഗിക അതിക്രമങ്ങളും തൊഴിലിലെ വേർതിരിവുമെല്ലാം ആരോപണങ്ങളായി ഊബറിനെ വേട്ടയാടുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. ഈ വർഷം ആദ്യം മുതലാണ് ആരോപണങ്ങൾ പ്രവഹിച്ചു തുടങ്ങിയത്. തനിയ ഓടുന്ന കാർ രൂപകൽപന സംബന്ധിച്ച് വേയ്മോയുമായി ബൗദ്ധിക സ്വത്തവകാശ കേസും ഊബർ നേരിടുകയാണ്.

പരാതികളിൽ കമ്പനി ചുമതലപ്പെടുത്തിയ മുൻ യുഎസ് അറ്റോർണി ജനറൽ എറിക് ഹോൾസർ  അന്വേഷണം നടത്തുകയാണ്. ഔദ്യോഗിക ഏജൻസികൾ ചില ആരോപണങ്ങൾ അന്വേഷിക്കുന്നു. ഊബർ ബ്രാൻഡ് മൂല്യത്തിന് ആരോപണങ്ങൾ കാരണം ക്ഷീണമുണ്ടായി. ഇതിനു പുറമെ കമ്പനി ഉപയോഗിക്കുന്ന ചില സോഫ്റ്റ്‌വെയറുകൾ നിയമ വിധേയമല്ല എന്ന ആക്ഷേപവും ഉയർന്നു.

കലനിക്കിനെ സംബന്ധിച്ച് വ്യക്തിപരമായും മോശം കാലമാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ അമ്മ ബോട്ട് അപകടത്തിൽ മരിച്ചത്. അനിശ്ചിതകാലത്തേക്ക് അവധിയെടുക്കാൻ താൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. തന്റെ അഭാവത്തിൽ പത്തു കമ്പനി എക്സിക്യൂട്ടീവുകൾ ഊബറിന്റെ ഭരണം കൈകാര്യം ചെയ്യുമെന്നും അറിയിച്ചു.

എന്നാൽ ഇതൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിലായിരുന്നു നിക്ഷേപകർ. ബെഞ്ച് മാർക്കിനു പുറമെ ഫസ്റ്റ് റൗണ്ട് കാപിറ്റൽ‍, ലോവർ കേസ് കാപ്പിറ്റൽ, മെൻലോ വെ​ഞ്ച്വേഴ്സ്, ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്സ് എന്നിവയാണ് ഊബറിലെ വലിയ നിക്ഷേപകർ. കമ്പനി ബോർഡിൽ 40% വോട്ടവകാശവും ഇവർക്കുണ്ട്. ഈ സ്ഥാപനങ്ങളാണ് രാജി ആവശ്യം ഉന്നയിച്ചത്. കമ്പനിക്ക് സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കണമെന്നും പരിചയ സമ്പന്നനായ ചീഫ് ഫിനാൻസ് ഓഫിസറെ ഉടൻ നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

കലനിക്കിന്റെ രാജി ഉയർത്തുന്ന പ്രശ്നങ്ങൾ വലുതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വളർന്നു പന്തലിച്ചതാണ് ഊബർ. അത് ഇനി ആര് ഏറ്റെടുക്കും എന്നതു ചിന്താവിഷയമാണ്. ഊബർ ബോർഡിൽ ഇപ്പോഴും ഭൂരിപക്ഷ വോട്ടിങ് പങ്ക് കലനിക്കിന് ആണ്. അതുകൊണ്ടുതന്നെ നയ രൂപീകരണത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിശ്ചയമായും പ്രതിഫലിക്കും.

സിലിക്കൺ വാലിയിലെ സ്റ്റാർട്ടപ്പുകളിൽ പ്രതിഭാധനരായ സിഇഒമാർ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വാഴുമെന്ന സങ്കൽപത്തിനും ഇതോടെ മാറ്റം വരികയാണ്. തങ്ങളുടെ നിക്ഷേപം സംരക്ഷിക്കാൻ ഓഹരിയുടമകൾ കർശന നിലപാടുകളിലേക്കു പരസ്യമായി നീങ്ങുന്നത്  പുതിയ പ്രവണതയാണ്.

2009–ൽ സ്ഥാപിക്കപ്പെട്ട ഊബർ 1100 കോടി ഡോളർ നിക്ഷേപം ഇതിനകം സമാഹരിച്ചിട്ടുണ്ട്. ടിപിജി കാപ്പിറ്റൽ, സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, മ്യൂച്വൽ ഫണ്ട് ഭീമന്മാരായ ബ്ലാക് റോക്, വൻ ധനകാര്യ സ്ഥാപനങ്ങളായ മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാക്സ് തുടങ്ങിയവയും കമ്പനിയിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്.

2017 എന്ന കഷ്ട വർഷം

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് കമ്പനിയായ ഊബറിന് 2017 കഷ്ടകാലങ്ങളുടെയും കസേരകളിയുടെയും വർഷമാണ്. ജനുവരി 17 ന് ഫെഡറൽ ട്രേഡ് കമ്മിഷൻ 200 കോടി ഡോളർ കമ്പനിക്ക് പിഴ വിധിച്ചു. ഡ്രൈവർമാരുടെ വേതനം സംബന്ധിച്ച കേസിലായിരുന്നു പിഴ. ഒരാഴ്ചയ്ക്കു ശേഷം ആഗോള തലത്തിൽ #dDeleteUber ക്യാംപെയ്ൻ ശക്തമായി.

സിഇഒ കലനിക്  പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശക ബോർഡിൽ ചേർന്നപ്പോഴും ഉപയോക്താക്കൾ ഊബറിനെ കൈവിട്ടു. അവസാനം കലനിക് ഉപദേശക സ്ഥാനത്തുനിന്നും പിൻവാങ്ങി. സഹപ്രവർത്തക സിഇഒക്ക് എതിരെ ആരോപിച്ച പരാതിയെത്തുടർന്ന് ലിംഗവിവേചനത്തിന്റെ ഓഫിസ് എന്ന് കലിഫോർണിയയിലെ ഊബർ ആസ്ഥാനം  മുദ്രകുത്തപ്പെട്ടു.

ഡ്രൈവറില്ലാ കാറുകളുടെ സാങ്കേതികവിദ്യ തട്ടിയെടുത്തെന്നാരോപിച്ച് ആൽഫബെറ്റ് ഊബറിനെതിരെ കേസ് ഫയൽ ചെയ്തു.ഊബറിൽ നിന്ന് ഈ വർഷം മാത്രം പടിയിറങ്ങിയത് 14 എക്സിക്യൂട്ടീവ് ഓഫിസർമാരാണ്. ഇതിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടും; ഊബർ എൻജിനീയറിങ് വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റ് അമിത് സിംഗാളും  സാമ്പത്തിക വിഭാഗം മേധാവി ഗൗതം ഗുപ്തയും.