Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃത്യതയോടെ ഞരമ്പു കണ്ടെത്താൻ ഉപകരണം; നേട്ടമെടുത്ത് മലയാളി സംരംഭകർ

waynewx വെയ്ന്യൂഎക്സ് വെയിൻ വ്യൂവർ

കൊച്ചി ∙ കുത്തിവയ്ക്കുന്നതിനായി ഞരമ്പു കണ്ടെത്താൻ സഹായിക്കുന്ന ആധുനിക ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) വെയ്ൻ വ്യൂവറുമായി മലയാളി സംരംഭകർ. രാജ്യത്ത് ആദ്യമായാണു ചെലവു കുറഞ്ഞ എആർ വെയ്ൻ വ്യൂവർ വികസിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായ മെഡ്‌ട്രാ ഇന്നവേറ്റീവ് ടെക്നോളജീസ് നിർമിച്ച ‘വെയ്ന്യൂഎക്സ്’ വെയ്ൻ വ്യൂവർ അടുത്ത മാസം വിപണിയിലെത്തും.

ബയോമെഡിക്കൽ എൻജിനീയർമാരായ സാജ് സുലൈമാനും എസ്. സുജിത്തുമാണു മെഡ്ട്രാ ചെയർമാനും മാനേജിങ് ഡയറക്ടറും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് എആർ വെയ്ൻ വ്യൂവർ വികസനം. നിലവിൽ യുഎസും ചൈനയും മാത്രമാണ് എആർ വെയ്ൻ വ്യൂവർ നിർമിക്കുന്നത്.

അഞ്ചു ലക്ഷം രൂപയിലേറെ വിലയുള്ളതിനാൽ ഇന്ത്യയിൽ ഇവ ഉപയോഗിക്കുന്നതു വിരളമാണ്. ഒരു ലക്ഷം രൂപയിൽ താഴെ ഉത്പന്നം ലഭ്യമാക്കുമെന്നു മാനേജിങ് ഡയറക്ടർ സുജിത് ‘മനോരമ’യോടു പറഞ്ഞു. 

കുഞ്ഞുങ്ങളിലും തടിച്ച ശരീരമുള്ളവരിലും പ്രായമുള്ളവരിലും അർബുദ രോഗികളിലുമൊക്കെ കൃത്യമായി ഞരമ്പു കണ്ടെത്തി കുത്തിവയ്പ്പെടുക്കുന്നത് എളുപ്പമല്ല. രണ്ടു മൂന്നു മാസം വരെ പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങൾക്കായി ടോർച് വെയ്ൻ വ്യൂവർ താരതമ്യേന കുറഞ്ഞ ചെലവിൽ ലഭ്യമാണെങ്കിലും മുതിർന്നവരിൽ അതു ഫലപ്രദമല്ല.

എആർ വെയ്ൻ വ്യൂവർ ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. ശരീരത്തിൽ എവിടെയായാലും കൃത്യതയോടെ വേഗത്തിൽ ഞരമ്പു കണ്ടെത്താൻ ഉപകരണം സഹായിക്കുന്നു. 

കായംകുളം സ്വദേശിയായ എസ്. സുജിത്തും എരുമേലി സ്വദേശിയായ സാജ് സുലൈമാനും സഹപാഠികളാണ്. യുഎസ് ആസ്ഥാനമായി ബയോ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന മെഡ്ട്രാ കമ്പനിയാണ് സാജിന്റെ ആദ്യ സംരംഭം. കുട്ടികൾക്കായുള്ള ബയോമെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഐബിസ് മെഡിക്കൽസ് സ്ഥാപകനാണു സുജിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനവേളയിൽ സാജ് സുലൈമാൻ ഉൾപ്പെടെ ഇന്ത്യക്കാരായ 12 വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ്, ഇന്ത്യയിൽ ബയോമെഡിക്കൽ ഉപകരണ നിർമാണ രംഗത്തു പുതുതായി എന്തെങ്കിലും ചെയ്യുകയെന്ന ആശയവുമായി ഇരുവരും ഒന്നിച്ചത്.

കുറഞ്ഞ ചെലവിൽ ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുന്നതിനായി കൊച്ചി കേന്ദ്രമാക്കി ബയോമെഡിക്കൽ ഇന്നവേഷൻ ഹബ് സ്ഥാപിക്കാനാണു മെഡ്ട്രാ ലക്ഷ്യമിടുന്നത്.