Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് വിളിക്കുന്നു; സംരംഭകർ ശ്രദ്ധിക്കുക

facebook india

കൊച്ചി ∙ ഫെയ്സ്ബുക് ഒരു മരമാണ്. ചുറ്റും വളരുന്ന പുൽനാമ്പുകൾ വെയിലേറ്റു തളർന്നുപോകാത‌െ തണലേകുന്ന മരം. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് കമ്പനി തന്നെ ലോകമെമ്പാടുമുള്ള കുഞ്ഞുകുഞ്ഞു സ്റ്റാർട്ടപ്പുകൾക്കു വളരാൻ വെള്ളവും വളവും നൽകുന്നു. അങ്ങനെ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും നേട്ടത്തിലെത്തിക്കാനുമുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്.

അപ്പോൾ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ നിന്നു വിട്ടുനിൽക്കാൻ ഫെയ്സ്ബുക്കിനാകുമോ. ഒരിക്കലുമില്ല. പ്രതിമാസം 20.1 കോടി ആക്ടീവ് ഉപയോക്താക്കളുള്ള ഇന്ത്യ, ഫെയ്സ്ബുക്കിന് ഏറ്റവും പ്രധാന രാജ്യം തന്നെയാണ്. പ്രധാനപ്പെട്ട വിപണിയും. ബൂസ്റ്റ് യുവർ ബിസിനസ് എന്ന പദ്ധതി തന്നെ ഫെയ്സ്ബുക് ആരംഭിച്ചതു ചെറു സംരംഭങ്ങൾക്കു വേണ്ടിയാണ്.

ഇതുവരെ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ നിന്നായി 30,000 യുവ സംരംഭകർക്കാണു കമ്പനി പരിശീലനം നൽകിയത്. ഇതിൽ 7000 പേർ വനിതകളുമാണ്. ഫെയ്സ്ബുക്കിന്റെ സാധ്യതകളുപയോഗിച്ച് എങ്ങനെ സ്റ്റാർട്ടപ്പുകളെ വിജയത്തിലെത്തിക്കാമെന്നു ബൂസ്റ്റ് യുവർ ബിസിനസ് പ്രോഗ്രാമിലൂടെ കമ്പനി പറഞ്ഞുകൊടുക്കും.

∙ സ്റ്റാർട്ടപ്പുകൾക്ക് ബൂസ്റ്റ്, ആദ്യഘട്ടം

ഓൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്നാണു ഫെയ്സ്ബുക് പരിശീലന പദ്ധതി രാജ്യത്തു നടപ്പാക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കു വളരാനുള്ള എല്ലാ പിന്തുണയും നൽകുന്നതാണു പദ്ധതി.

∙ പുതിയ സാങ്കേതിക വിദ്യകളിലൂടെയും പുതിയ കണ്ടുപിടിത്തങ്ങളിലൂടെയും  സംരംഭകർക്കു ലോക വിപണിയെത്തന്നെ പരിചയപ്പെടുത്തുന്നു.
∙ 2015ൽ തുടങ്ങിയ പദ്ധതിയിലൂടെ ഇതുവരെ ഫെയ്സ്ബുക് സംഘം സന്ദർശിച്ചത് 25 നഗരങ്ങൾ, 13 സംസ്ഥാനങ്ങൾ

∙ ആദ്യ ഘട്ടത്തിൽ ഉത്തർപ്രദേശ്, കർണാടക, തെലങ്കാന, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, അരുണാചൽപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളെ കമ്പനി തിരഞ്ഞെടുത്തു.
∙ സംരംഭകരും സ്വയം സഹായ ഗ്രൂപ്പുകളുമായി 30,000 പേർക്കു പരിശീലനം നൽകി.

ട്രെയിനിങ് പ്രോഗ്രാം @ 2017

ഗുജറാത്തിലെ ഗാന്ധിനഗറിലാണു രണ്ടാംഘട്ട പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്, ഓൺലൈനിലൂടെയുള്ള പബ്ലിസിറ്റി തുടങ്ങി സ്റ്റാർട്ടപ്പുകൾക്കു വളരാനുള്ള സാങ്കേതിക സഹായവും സാങ്കേതിക വിവരങ്ങളും പകർന്നു നൽകാനുള്ളതാണു പദ്ധതി. ഓൻട്രപ്രനർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്നു നടപ്പാക്കുന്ന പരിപാടിയിൽ 20,000 സംരംഭകർക്കാണു പരിശീലനം നൽകുന്നത്.

ഇതിൽ ഗുജറാത്തിൽ നിന്നു തന്നെയുള്ള 7500 സംരംഭകരെയാണു കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്. ബാക്കി 12,500 പേർക്കുള്ള വാതിലുകളാണ് ഇപ്പോൾ തുറന്നിട്ടിട്ടുള്ളത്. റീജനൽ ലാംഗ്വേജ് വിഭാഗത്തിൽ ഫെയ്സ്ബുക് പരിഗണിക്കുന്ന പ്രധാന വിപണികളിൽ ആദ്യസ്ഥാനത്തു തന്നെയുണ്ട് കേരളവും.

പരിശീലന പരിപാടിയിൽ കേരളത്തിൽ നിന്നുള്ള സംരംഭകരുടെ സാധ്യത ഉയർത്തുന്നതും ഈ ഘടകമാണ്. ഇഡിഐഐയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് റജിസ്ട്രേഷൻ നടക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ വിപണിക്ക് അതിരുകളില്ലാതാക്കുകയാണു ബൂസ്റ്റ് യുവർ ബിസിനസ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫെയ്സ്ബുക് ദക്ഷിണേഷ്യാ പ്രോഗ്രാം ഹെഡ് റിതേഷ് മേത്ത പറ‍ഞ്ഞു.

ഇന്ത്യയ്ക്കു പ്രാധാന്യമേറെ

ബൂസ്റ്റ് യുവർ ബിസിനസ് പദ്ധതിക്ക് ഏറ്റവും മുൻഗണന നൽകുന്ന രാജ്യം ഇന്ത്യയാണെന്നു ഫെയ്സ്ബുക് പറയുന്നു. ഇന്ത്യയിലെ ചെറുസംരംഭങ്ങളിൽ ഫെയ്സ്ബുക് നടത്തുന്ന നിക്ഷേപങ്ങളുടെ ഭാഗം തന്നെയാണിത്. ചെറുസംരംഭകരെ ഓൺലൈൻ മേഖലയിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

മാർക്കറ്റിങ്ങിനും പ്രമോഷനും ഫെയ്സ്ബുക് സഹായിക്കും. ഉപയോക്താവിന് ഉടമയിലേക്ക് ഒറ്റ ടച്ചിലൂടെ നേരിട്ടു ബന്ധപ്പെടാവുന്ന ആക്‌ഷൻ ടു ഡയറക്ട് ബട്ടൺ, ഉൽപന്നങ്ങളെയും സർവീസുകളെയും പറ്റി വിവരിക്കുന്ന കമ്പനിയുടെ ഫെയ്സ്ബുക് പേജുകൾ തുടങ്ങിയവ ഫെയ്സ്ബുക് സംരംഭകർക്കു ചെയ്തുകൊടുക്കും.

എഫ്ബി @ ഇന്ത്യ

∙പ്രതിമാസം 201 ദശലക്ഷം ആക്ടീവ് ഉപയോക്താക്കൾ.
∙ആകെ ഉപയോക്താക്കളിൽ 95 ശതമാനവും മൊബൈലിൽ നിന്ന് ഫെയ്സ്ബുക് ഉപയോഗിക്കുന്നവർ.
∙ഫെയ്സ്ബുക്കിലെ 57% ആളുകളും ഏതെങ്കിലും തരത്തിലുള്ള ഒരു സ്മോൾ ബിസിനസുമായി ബന്ധമുള്ളവർ.
∙ഒക്ടോബർ 2015–ലെ കണക്കുകൾവച്ച്, 20 ലക്ഷത്തിലധികം ചെറു ബിസിനസുകൾക്ക് എഫ്ബി പേജുകൾ.
∙കഴിഞ്ഞ നാലു വർഷങ്ങളിൽ വനിതാ സംരംഭങ്ങളുടെ എഫ്ബി പേജുകളുടെ എണ്ണത്തിൽ ആറു മടങ്ങു വളർച്ച.

അനുഭവസ്ഥൻ പറയുന്നു

അബ്ദുൾ മനാഫ് (ടേസ്റ്റിസ്പോട്സ് സ്റ്റാർട്ടപ് സ്ഥാപകൻ)

കേരളത്തിൽ നിന്ന് എഫ്ബി സ്റ്റാർട് എന്ന സ്റ്റാർട്ടപ്പ് വികസന പദ്ധതിയിൽ ഫെയ്സ്ബുക് ഉൾപ്പെടുത്തിയ ആദ്യ കമ്പനിയാണ് ഞങ്ങളുടേത്. ഫെയ്സ്ബുക് രണ്ടു ഘട്ടമായാണു എഫ്ബി സ്റ്റാർട് നടപ്പാക്കുന്നത്. ആദ്യഘട്ടം ഫൂട്സ്ട്രാപ് എന്ന പദ്ധതിയാണ്. അതു പ്രാരംഭഘട്ടത്തിൽ ചെറിയ സ്റ്റാർട്ടപ്പുകൾക്കു നൽകുന്ന സഹായമാണ്.

facebook-tasty-spot

ഞങ്ങൾക്കു കിട്ടിയത് ആക്സിലറേറ്റ് എന്ന രണ്ടാം ഘട്ടമാണ്. വളരെ ഉപയോഗപ്രദമായുള്ള പ്രോഗ്രാമാണ് ഫെയ്സ്ബുക് നൽകുന്നത്. 80 ലക്ഷം രൂപ മൂല്യം വരുന്ന ഉൽപന്നങ്ങളാണു നൽകുന്നത്. അതിൽ ക്ലൗഡ്, ആമസോൺ റസ്റ്ററന്റ് തുടങ്ങിയവയെല്ലാം ഫെയ്സ്ബുക്ക് നൽകിയതാണ്. 2500 ഡോളർ പ്രമോഷനായി നൽകുന്നുണ്ട്.

ആപ് വലിയ വിജയകരമായി തുടർന്നുകൊണ്ടു പോകുന്നതിൽ നിർണായക റോൾ എഫ്ബിക്കുണ്ട്. ഇപ്പോൾ ഫെയ്സ്ബുക്കിന്റെ പല പദ്ധതികളിലായി ഉൾപ്പെട്ട ഇരുപതിൽ ഏറെ സ്റ്റാർട്ടപ്പുകളുണ്ട്. ബൈജൂസ് ആപ് എല്ലാവർക്കും അറിയാം. അത് ഫെയ്സ്ബുക് നേരിട്ടു നിക്ഷേപം തന്നെ നടത്തിയ സ്റ്റാർട്ടപ്പാണ്. 

ഫെയ്സ്ബുക് വെരിഫൈ ചെയ്ത സ്റ്റാർട്ടപ്പാണ് ഇപ്പോൾ ഞങ്ങളുടേത്. അഞ്ചു ലക്ഷം ഫോളോവേഴ്സ് ഫെയ്സ്ബുക്കിലുണ്ട്. കഴിഞ്ഞ വർഷമാണ് എഫ്ബി സ്റ്റാർട് പ്രോഗ്രാമിലേക്കു തിരഞ്ഞെടുത്തതെങ്കിലും ഇതൊരു തുടർ പദ്ധതിയാണ്. ഫെയ്സ്ബുക്ക് നടത്തുന്ന രാജ്യാന്തര, ദേശീയ പരിപാടിയിൽ പങ്കെടുക്കാം. സാങ്കേതിക സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാം.

ടെക്നിക്കൽ ടീമിലെ ഒരു വ്യക്തിയുമായി നേരിട്ടു സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരം തന്നെ ലഭിക്കുന്നു. മാസം 1000, 2000 രൂപ വരെ സെർവറിനായി ചെലവഴിച്ചിരുന്ന ഞങ്ങൾക്ക് ഇപ്പോൾ സൗജന്യമാണ്. സ്റ്റാർട്ടപ്പുകളെ സംബന്ധിച്ചിടത്തോളം ഇതാണ് ഏറ്റവും വലിയ പ്രയോജനം.