അന്യായമായി മൊബൈൽ നിരക്ക് കുറച്ചാൽ പിഴ

ന്യൂഡൽഹി∙ രാജ്യത്ത് ഏതെങ്കിലും ടെലികോം സർക്കിളിൽ ഏതെങ്കിലും പ്രമുഖ മൊബൈൽ ടെലികോം കമ്പനി, മറ്റു കമ്പനികളെ തോൽപിക്കാൻ സേവന നിരക്ക് ക്രമാതീതമായി താഴ്ത്തിയാൽ 50 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ടെലികോം നിയന്ത്രണ ഏജൻസി (ട്രായി).

രാജ്യത്ത് 22 ടെലികോം സർക്കിളുകളാണുള്ളത് (കേരളം ഒരു സർക്കിൾ). ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ, റിലയൻസ് എന്നിവയ്ക്ക് എല്ലായിടത്തും പ്രവർത്തനമുണ്ട്. ബിഎസ്എൻഎൽ ഇരുപതിടത്താണുള്ളത്. എയർസെൽ ഏതാനും ഇടങ്ങളിൽ സേവനം നൽകുന്നു.

സർക്കിളിൽ 30 ശതമാനത്തിലേറെ വിപണിവിഹിതമുള്ള ടെലികോം കമ്പനികൾക്കാണു നിയന്ത്രണം ബാധകമാകുക. ശരാശരി പ്രവർത്തനച്ചെലവിനെക്കാൾ താഴെയാണു സേവന നിരക്കെന്നു കണ്ടാൽ ഒരു സർക്കിളിന് 50 ലക്ഷം രൂപ എന്ന കണക്കിൽ പിഴയീടാക്കും.