Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വട്ടം മോഷ്ടാക്കളു‌ടെ ആക്രമണത്തെ അതിജീവിച്ച, പിന്നീട് അവരോടു പൊറുത്ത ദമ്പതിമാരു‌ടെ അപൂർവ അനുഭവം

Jessy, Priyadas G. Mangalath പ്രിയദാസ് ജി.മംഗലത്തും ഭാര്യ ജെസിയും തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ.

തിരുവനന്തപുരം∙ അപൂർവങ്ങളിൽ അപൂർവമായിരുന്നു ആ സംഭവം. ജീവിതത്തിൽ ഒരേ ദുരന്തം ഒരേ പോലെ രണ്ടുതവണ സംഭവിക്കുക. രണ്ടിനെയും അതിജീവിച്ചു ജീവിതത്തിലേക്കു തിരിച്ചുവരിക. രണ്ടിലും ദാർശനികമായ നിസംഗതയോടെ കുറ്റവാളിയോടു ക്ഷമിക്കാൻ കഴിയുക. അതാണു തിരുവനന്തപുരത്തു പേട്ടയിൽ ‘ഗയ’യിൽ പ്രിയദാസ് ജി.മംഗലത്തിന്റെയും ഭാര്യ ജെസിയുടെയും ജീവിതത്തിൽ സംഭവിച്ചത്. ആദ്യ ദുരന്തം സംഭവബഹുലമായും രണ്ടാമത്തേതു ശാന്തവുമായാണു കടന്നുവന്നത്. ആദ്യത്തേത് അർധരാത്രിയിലും രണ്ടാമത്തേത് പട്ടാ പ്പകലുമായിരുന്നു.  രണ്ടു കൂട്ടരും അന്യ സംസ്ഥാനക്കാർ. രണ്ടിലും  ഇരകളെപ്പോലെ മോഷ്ടാക്കളും നേടിയതു ദുരന്തം മാത്രം.

ആദ്യ കവർച്ച

2009 നവംബർ 21ന് അർധരാത്രിയിൽ പ്രിയദാസിന്റെ വസതിയായ ‘ഗയ’യിലേക്ക്  കൊള്ളസംഘം  ഇരച്ചുകയറി. പ്രിയാദാസ് അന്ന് കോഴിക്കോട്ടായിരുന്നു. ഗാന്ധിയൻ കാഴ്ചപ്പാടോടെ യുവാക്കളായ വിദ്യാർഥികൾക്കു ദിശാബോധം നൽകാനായി താൻ നേതൃത്വം നൽകിയിരുന്ന ‘ഓൾട്ടൂയിസ്’ എന്ന പരിശീലന പരിപാടിക്കു നേതൃത്വം നൽകാൻ. വീട്ടിൽ ജെസി തനിച്ച്. മുഖംമൂടി ധരിച്ച മോഷ്ടാക്കൾ സ്വീകരണമുറിയുടെ ജനാലയഴി അറുത്ത് ഉള്ളിൽക്കടന്നു. ജെസിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ അഴിച്ചെടുത്തു. അലമാരകളുടെ താക്കോൽ കൈക്കലാക്കി. തുടർന്ന്, അവരെ വായും മൂക്കും മൂടി കട്ടിലിൽ കെട്ടിയിട്ടു. കത്തി കഴുത്തിൽവച്ചു രണ്ടുപേർ കാവൽ നിന്നു. മറ്റുള്ളവർ അലമാരകൾ തുറന്ന് അരിച്ചുപെറുക്കി. 20,000 രൂപയും 21 പവനും കവർന്നു. രണ്ടു മണിക്കൂർ നീണ്ട കവർച്ചയ്ക്കുശേഷം സംഘത്തലവൻ പറഞ്ഞു. ‘സിസ്റ്റർ  സോറി, വീ നീഡ് ഒൺലി മണി, ഗോൾഡ്’.

രാത്രി മുഴുവൻ ആ കിടപ്പുകിടന്ന ജെസി നേരം വെളുത്തപ്പോൾ കൈകാലിട്ടടിച്ച് ഒരുവിധം കാലിലെ കെട്ടഴിച്ചു. കൈയുടെ കെട്ട് ഊരാൻ കഴിഞ്ഞില്ല. വീടു പൂട്ടിയ നിലയിൽ. താക്കോൽ കാണുന്നില്ല. മൊബൈൽ ഫോണും കാണാനില്ല. പെട്ടെന്ന് അടുത്ത മുറിയിൽ മൊബൈൽ ഫോൺ അടിച്ചു. ആറുമണിക്ക് പള്ളിയിൽ പോകാൻ അലാം വച്ചതാണ്. ആശ്വാസത്തോടെ ഫോണെടുത്തു. കെട്ടിയ കൈ കൊണ്ടു തന്നെ ഭർത്താവിന്റെ നമ്പർ കറക്കി.  പ്രിയാദാസ് കുടുംബസുഹൃത്തായ എം.എ.ബേബിയെ വിളിച്ചു. ബേബിയും ഭാര്യ ബെറ്റിയും പാഞ്ഞെത്തി ജെസിയെ കയ്യിലെ  കെട്ടഴിച്ച് ആശുപത്രിയിലാക്കി. പൊലീസിനെ അറിയിച്ചു. അതോടെയാണു കവർച്ചയുടെ കഥ പുറംലോകം അറിഞ്ഞത്. മോഷ്ടാക്കൾ മുറ്റത്തുകിടന്ന ബെൻസ് കാറുമായാണു രക്ഷപ്പെട്ടത്. കാർ പിന്നീട് എറണാകുളത്തിനടുത്തുള്ള റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കവർച്ചയിൽ വിഘ്നം നേരിടാതിരിക്കാൻ മോഷ്ടാക്കൾ തലേന്നു വീടിനു സമീപം പൂജ നടത്തിയിരുന്നു. പൂജാസ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കിട്ടിയ ഒരു സ്വർണക്കടയുടെ ബില്ലായിരുന്നു പൊലീസിനു കിട്ടിയ തുമ്പ്. പൂജയ്ക്കുവേണ്ടി  വാങ്ങിയ ഏതാനും ഗ്രാം സ്വർണത്തിന്റെ ബിൽ  പൊലീസിനെ സ്വർണക്കടയിലേക്കു നയിച്ചു. കടയിലെ സിസി ടിവിയിൽ നിന്നു പ്രതികളെ തിരിച്ചറിഞ്ഞു.

തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം ഉൾപ്പെടെ രാജ്യം മുഴുവൻ പൊലീസ് പ്രതികളെ തിരഞ്ഞു. ഒടുവിൽ പുണെയിലെ കള്ളൻമാരുടെ മറ്റൊരു ഗ്രാമത്തിൽ നിന്നു സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സാഹസികമായി മുഖ്യ പ്രതി വികാസ് ഗോടാജി ചൗഹാനെ പിടികൂടി. ചൗഹാൻ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ.   അന്നു പൊലീസിനെ വെട്ടിച്ചുകടന്ന രണ്ടാം പ്രതി രാജൂഗോണിനെ കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ ഇൻഡോറിൽ വച്ചു ചെന്നൈ പൊലീസ് പിടികൂടിയതാണ് നാൾ വഴിയിൽ ഒടുവിലത്തേത്. ചെന്നൈയിലെ ഒരു കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പിന്നീടു സം‌ഭവിച്ചത്:

കഴുത്തിൽ കത്തിയുമായി കഴിഞ്ഞ ആ കാളരാത്രിയിലെ മാനസികാഘാതത്തിൽ നിന്നു ജെസി സാവധാനം ജീവിതത്തിലേക്കു തിരികെവന്നു. മനസ്സിന്റെ ഉൾവിളിയിൽ പ്രിയദാസും ജെസിയും ജയിലിൽ പ്രതികളെ സന്ദർശിച്ചു. ജെസി ഒരു കാര്യത്തിൽ നന്ദിയുള്ളവളായിരുന്നു. അവർ തന്നെ ഉപദ്രവിച്ചില്ലല്ലോ ! പട്ടിണി കൊണ്ടാണു മോഷണത്തിനിറങ്ങിയതെന്നു ചൗഹാൻ അവരോടു പറഞ്ഞു. ഉത്തരേന്ത്യക്കാരൻ പച്ച മലയാളത്തിലാണ് സംസാരിച്ചത്. ജയിലിൽ കിടന്ന് അയാൾ മലയാളം പഠിച്ചുകഴിഞ്ഞിരുന്നു. ഇനിയും മോഷ്ടിക്കില്ലെന്നു വാക്കുതന്നാൽ തടവു കഴിഞ്ഞിറങ്ങുമ്പോൾ ജോലി തരാമെന്നു വ്യവസായി കൂടിയായ പ്രിയദാസ് വാക്കുനൽകി. അത് അയാൾ സമ്മതിച്ചു. മക്കളുടെ സംരക്ഷണവും ഏറ്റെടുക്കാൻ ദമ്പതികൾ തയാറായി. എന്നാൽ ഇതിലെന്തോ കെണിയുണ്ടെന്നു സംശയിച്ച  ചൗഹാന്റെ ഭാര്യ  കുട്ടികളെ കൈമാറാൻ തയാറായില്ല. പ്രിയദാസും െജസിയും പിന്നെ സാധാരണ ജീവിതത്തിലേക്കു മടങ്ങി.

കഥ ആവർത്തിക്കുന്നു

രണ്ടുവർഷം കഴിഞ്ഞു 2011 ജൂൺ 19ന് ഉച്ചനേരം. ഇതേ വീട്ടിൽ ജെസിയും പ്രിയദാസുമുണ്ട്. വീടിനുള്ളിൽ പെയിന്റിങ് നടക്കുന്നു. കോളിങ് ബെൽ മുഴങ്ങി. ജെസി വാതിൽ തുറന്നപ്പോൾ ഒരു കറുത്ത മനുഷ്യൻ കടലാസ് തുണ്ട് നീട്ടി അതിലെ വിലാസത്തിലുള്ളയാളെ അറിയുമോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ അയാൾ വീടിനുള്ളിലേക്കു തള്ളിക്കയറി പാന്റിലെ പോക്കറ്റിൽ നിന്നു കത്തി വലിച്ചൂരി ജെസിക്കു നേരെ നീട്ടി ആഭരണങ്ങൾ ആവശ്യപ്പെട്ടു. ജെസി ബഹളം വച്ചപ്പോൾ പ്രിയദാസ് ഓടിയെത്തി. ആഗതനെ തള്ളി പുറത്താക്കാനുള്ള ശ്രമത്തിൽ ആദ്യത്തെ കുത്ത് പ്രിയദാസിന്. രണ്ടാമത്തെ കുത്ത് ജെസിക്ക്. വയറിൽ ആഴത്തിൽ കുത്തേറ്റ ജെസി തളർന്നുവീണു. കരച്ചിൽ കേട്ട് ഓ‌ടിയെത്തിയ പ്രിയദാസിന്റെ മകൻ ഗൗതമനെയും പ്രതി  കുത്തിയെങ്കിലും ഏശിയില്ല. ബഹളം  കേട്ട് ഓടിയെത്തിയ പെയിന്റിങ്  തൊഴിലാളി ജോയിയും ഗൗതമും ചേർന്നു മോഷ്ടാവിനെ കീഴടക്കി. അയാൾ പ്രഫഷനൽ മോഷ്ടാവായിരുന്നില്ല. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽനിന്നു തിരുവനന്തപുരത്ത് എംബിഎക്കു പഠിക്കാനെന്നു പറഞ്ഞു പുറപ്പെട്ട് പഠനം എങ്ങുമെത്താതെ ജീവിതത്തിൽ പരാജയപ്പെട്ട സുബ്രഹ്മണ്യൻ.

ഉപരിപഠനത്തിനു ബാങ്ക് വായ്പയെടുത്തിരുന്നു. കടം കയറി വീട് ജപ്തിയിലേക്ക്. കടം വീട്ടാൻ പെട്ടെന്നു പണം കണ്ടെത്താൻ നടത്തിയ അപക്വമായ കവർച്ചാശ്രമം. സ്ത്രീകൾ മാത്രമുള്ള ഏതെങ്കിലും വലിയ വീട്ടിൽ കയറി കവർച്ച നടത്താൻ പ്ലാനിട്ടു, ബസിൽ പോകുമ്പോൾ വലിയ വീടും വീടിനു മുന്നിൽ ബെൻസ് കാറും  ഒരു ജോഡി ലേഡീസ് ചപ്പലും കണ്ടു പെട്ടെന്നൊരാശയം തോന്നി ബസിൽ നിന്നിറങ്ങി ആസൂത്രണം ചെയ്ത കവർച്ച.

ജെസിയുടെ നില ഗുരുതരമായിരുന്നു. ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും ഐസിയുവിൽ ദിവസങ്ങളോളം കിടന്നു. മെഡിക്കൽ കോളജ് ആശുപത്രിയുടെ  െഎസിയുവിൽ  പരുക്കേറ്റ മോഷ്ടാവും  പ്രിയദാസും അടുത്തടുത്ത ബെഡിലാണു കിടന്നത്. ജീവിതത്തിലും കവർച്ചാ ശ്രമത്തിലും ഒന്നു പോലെ തോറ്റുപോയ ആ യുവാവിനെ പ്രിയദാസ് ദയനീയമായി നോക്കി. എന്തിനു ഞങ്ങളോടിതു ചെയ്തു എന്ന അർഥത്തിൽ. പ്രതിയുടെ നോട്ടവും ദയനീയമായിരുന്നു എന്നു പ്രിയദാസ്. ഏറെ നാൾ ആശുപത്രിയിൽ കിടന്ന ശേഷം ചികിൽസയുടെ ബലത്തിൽ  ജീവിതത്തിലേക്കു ജെസി തിരികെയെത്തി. 

പിന്നീട്:

പ്രതിയുടെ ജീവിത സാഹചര്യം അറിഞ്ഞ ജെസിയുടെ മനസ്സലിഞ്ഞു. തന്നെ  മരണവക്ത്രത്തിലെത്തിച്ച പ്രതിക്കു മാപ്പ് നൽകണമെന്ന് അവർ പൊലീസിനോടു പറഞ്ഞു. കേസന്വേഷണത്തിനു നേതൃത്വം നൽകിയിരുന്ന അന്നത്തെ െഎജി  വിൻസൻ എം പോൾ കോളജിൽ പ്രിയദാസിന്റെ സഹപാഠിയായിരുന്നു. വിൻസൻ എം.പോളിനോടും ജെസി ഈ അഭ്യർഥന നടത്തി. നിയമം അതിനു സമ്മതിക്കുന്നില്ലെന്ന്  അദ്ദേഹം ജെസിയെ പറഞ്ഞു ബോധ്യപ്പെടുത്തി.  പ്രതി ഇപ്പോൾ ജാമ്യത്തിലാണ്. കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.

രണ്ടാമത്തെ കവർച്ചാശ്രമത്തോടെ സുഹൃത്തുക്കളുടെ നിർബന്ധത്തെത്തുടർന്ന് ഇരുവരും തൽക്കാലം സുരക്ഷയ്ക്കായി ഫ്ലാറ്റിലേക്കു താമസം മാറ്റിയെങ്കിലും നാലു വർഷത്തിനു ശേഷം പേട്ടയിലെ പഴയ വീട്ടിലേക്കു മടങ്ങിയെത്തി. ഇതിനിടെ പ്രതിയ‌െയും അയാളുടെ വയോധികരായ മാതാപിതാക്കളെയും കാണാൻ തമിഴ്നാട്ടിലെ ഗ്രാമത്തിലേക്കു പോകാൻ പ്രിയദാസും ജെസിയും തുനിഞ്ഞെങ്കിലും ബന്ധുക്കൾ വിലക്കി. വാസ്തു വിധിപ്രകാരം വീടിന്റ വാതിൽ ഇരിക്കുന്ന സ്ഥാനമാണ് ആവർത്തിച്ചുള്ള ദുരന്തത്തിനു കാരണമെന്നു പ്രശ്നത്തിൽ  കണ്ടെത്തിയ സുഹൃത്തുക്കളിൽ ചിലർ കതകിന്റെ സ്ഥാനം മാറ്റണമെന്നു പ്രിയദാസിനെ ഉപദേശിച്ചു. അതിനു ശേഷം വർഷം ഒന്നു കൂടി കടന്നുപോയി. വാതിൽ ഇപ്പോഴു പഴയ സ്ഥാനത്തു തന്നെ.

related stories