Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദരോഗികളോട് ആർദ്രത കാട്ടുക

അർബുദരോഗത്തെക്കുറിച്ചു ദീർഘകാലമായി ഗവേഷണം നടത്തുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ടാൻബർഗർ ഈ മേഖലയിലെ ചികിത്സാവിദഗ്ധർക്കു നൽകിയ ഉപദേശം ഇതാണ്: “രോഗിയെ പരിശോധിക്കുമ്പോൾ കാൻസറിന്റെ അവസ്ഥാഭേദങ്ങളിലേക്കു മാത്രം കണ്ണയച്ചാൽ പോരാ. നിസ്സഹായത നിഴലിക്കുന്ന അവരുടെ മുഖങ്ങളിലേക്കു കൂടി ഉറ്റുനോക്കുക, അവരുടെ വേദനകളോടു താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുക.”

ഇതേ ഉപദേശം തന്നെയാണു പാവപ്പെട്ട അർബുദരോഗികൾക്കു ലഭ്യമായിരുന്ന പെൻഷൻ മുടക്കിയ സംസ്ഥാന സർക്കാരിനോടുള്ളതും. ആരോഗ്യവകുപ്പു പുറത്തിറക്കിയ പുതിയ ഉത്തരവാണ് പാവപ്പെട്ട അർബുദരോഗികളുടെ പെൻഷൻ തടഞ്ഞിരിക്കുന്നത്.

രോഗികൾക്കു സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ അർബുദരോഗ ചികിത്സാ വിദഗ്ധർക്കു മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവാണു രോഗികളെ വട്ടം ചുറ്റിക്കുന്നത്. 

സംസ്ഥാനത്ത് വർഷം 35,000 പേരിലെങ്കിലും കാൻസർ രോഗം പുതുതായി നിർണയിക്കപ്പെടുന്നുണ്ട്. രോഗം നൽകുന്ന നരക യാതനകളും, ദീർഘകാലം നീളുന്ന ചെലവേറിയ ചികിത്സയും വിദഗ്ധ ചികിത്സാസൗകര്യങ്ങളുടെ ദൗർലഭ്യവുമെല്ലാം ചേരുന്നതോടെ കാൻസർ സാധാരണക്കാരന്റെ പേടിസ്വപ്നമാണ്. 

രോഗവ്യാപനത്തെ നിയന്ത്രിക്കാനും പൂർണമായ സൗഖ്യം നൽകാനും പര്യാപ്തമായ മരുന്നുകളും ചികിത്സാ സങ്കേതങ്ങളും ഇന്നു ലഭ്യമാണ് എന്നത് ആശ്വാസകരം തന്നെ. എന്നാൽ, കാൻസർ ബാധിക്കുന്ന കുടുംബാംഗത്തിന്റെ ചികിത്സയ്ക്കായി പ്രതിശീർഷ വരുമാനത്തിന്റെ ഇരുപത് ഇരട്ടിവരെ ഒരു സാധാരണ കുടുംബം ചെലവാക്കേണ്ടിവരുന്നു. ഇടത്തരം കുടുംബങ്ങൾ പോലും കടുത്ത സാമ്പത്തിക ദുരിതത്തിലേക്കു വീണുപോവുന്ന സാഹചര്യം.

സാധാരണക്കാർ ഏറെയും ആശ്രയിക്കുന്ന പ്രാഥമികതല ചികിത്സാകേന്ദ്രങ്ങളിൽ കാൻസർ രോഗനിർണയത്തിനുള്ള സൗകര്യങ്ങളില്ല. അതുകൊണ്ടുതന്നെ മിക്കവരിലും രോഗബാധ തിരിച്ചറിയുന്നതു വൈകിയായിരിക്കും. ഈ സമയത്തിനുള്ളിൽ രോഗം വ്യാപിക്കുകയും ചെയ്യുന്നു.

കാൻസർ രോഗികൾക്കു ഫലപ്രദമായ ചികിത്സ കാലതാമസം കൂടാതെ ലഭിക്കുക എന്ന ലക്ഷ്യത്തിൽനിന്ന് ഏറെ അകലെയാണു നാമിന്നും. എണ്ണത്തിൽ കുറവായ വിദഗ്ധചികിത്സാ കേന്ദ്രങ്ങളാവട്ടെ രോഗികളുടെ തിരക്കിൽ ശ്വാസം മുട്ടുകയുമാണ്. വേണ്ടത്ര വിദഗ്ധ ഡോക്ടർമാരുടെ അഭാവവും കേരളത്തിന്റെ ആരോഗ്യരംഗത്തെ അലട്ടുന്നുണ്ട്. 

ഈ വിഷമസന്ധിയിലാണ് സൗജന്യ ചികിത്സാപദ്ധതിയും കുറഞ്ഞ നിരക്കിലെ മരുന്നു വിതരണവും പെൻഷനുമെല്ലാം രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങാവുന്നത്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള എല്ലാ അർബുദരോഗികൾക്കും മുൻ സർക്കാരിന്റെ കാലത്ത് 1000 രൂപ പ്രതിമാസ പെൻഷൻ ലഭിച്ചിരുന്നു.

പെൻഷൻ ബന്ധപ്പെട്ട താലൂക്ക് ഓഫിസുകളിൽ നിന്നു മണി ഓർഡറായി രോഗിക്കു നേരിട്ട് അയച്ചുകൊടുക്കുകയായിരുന്നു. ഇതിലേക്കായി വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റും ചികിത്സ നടത്തുന്ന ആശുപത്രിയിലെ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റും നൽകിയാൽ മതിയായിരുന്നു. 

ഈ സൗകര്യം ഇപ്പോൾ നിഷേധിക്കപ്പെട്ടതോടെ ഇനി സർട്ടിഫിക്കറ്റിനു വേണ്ടി സംസ്ഥാനത്തെ അങ്ങോളമിങ്ങോളമുള്ള രോഗികൾ പ്രധാന ചികിത്സാകേന്ദ്രങ്ങൾ തേടി അലയേണ്ടി വരും. അത്രയും ദൂരം സഞ്ചരിക്കാനുള്ള ആരോഗ്യമോ, മറ്റു സൗകര്യങ്ങളോ മിക്കവർക്കും ഉണ്ടാവണമെന്നില്ല. ചികിത്സാകേന്ദ്രങ്ങളിൽ മണിക്കൂറുകളോളം കാത്തിരുന്നു തളരേണ്ട ഗതികേടും പുതിയ പെൻഷൻ ഉത്തരവു മൂലം വന്നിരിക്കുകയാണ്.

സംസ്ഥാനത്ത് താഴ്ന്ന വരുമാനക്കാർക്കും, ദുർബലവിഭാഗങ്ങൾക്കുമുള്ള ക്ഷേമപെൻഷൻ വ്യാപകമാക്കി വരികയാണ്. അവർക്കൊപ്പം കാൻസർ രോഗികളെക്കൂടി കരുതേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.

രോഗികൾക്കു സഹായം നൽകാനും അവരോടു സഹാനുഭൂതി കാട്ടാനും ബാധ്യസ്ഥരായ ആരോഗ്യവകുപ്പ് പുതിയ ഉത്തരവിലൂടെ അവരെ കഷ്ടപ്പെടുത്തുന്നതു കേരള മോഡൽ ആരോഗ്യപദ്ധതിക്കു ഭൂഷണമല്ല. പെൻഷൻ വിതരണത്തിനുള്ള ഉപാധികൾ ലളിതമാക്കി ഈ ഹതഭാഗ്യരോട് അൽപം ആർദ്രത കാണിക്കുന്നതാവും ഏറ്റവും വലിയ സുകൃതം.