Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവ മാസ്റ്റർമൈൻഡ്; ആശയവിസ്മയം തീർത്ത് ശാസ്ത്രപ്രദർശനം

mastermind-yuva

ആശയങ്ങൾ വിസ്മയങ്ങളായപ്പോൾ ആശ്രാമം ‘ശാസ്ത്രാമ’മായി. കേരളത്തിലെ സ്കൂൾ, കോളജ് പ്രതിഭകളുടെ കണ്ടുപിടിത്തങ്ങളെ ആദരിക്കുന്ന മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 8 ഗ്രാൻഡ് ഫിനാലെയിലെ ശാസ്ത്രപ്രദർശനം കാണാൻ, കൊല്ലം ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. 

exhibition viewers കൊല്ലത്ത് മാസ്റ്റർമൈൻഡ് പ്രദർശനം കാണാനെത്തിയവർ.

നിത്യജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുത്തൻ കണ്ടെത്തലുകൾ വിസ്മയവും വിജ്ഞാനവും പകരുന്നതായി. രണ്ടായിരത്തോളം പ്രോജക്ടുകളിൽ നിന്നു തിരഞ്ഞെടുത്ത 50 എണ്ണമാണ് ഫൈനലിൽ മാറ്റുരച്ചത്. ഏഴരലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണു വിജയികളെ കാത്തിരിക്കുന്നത്. പുരസ്കാരങ്ങൾ ഇന്നു രാവിലെ 11നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വിതരണം ചെയ്യും. 

ഐടി രംഗത്തെ പ്രമുഖരായ ഐബിഎസ് ആണ് മാസ്റ്റർമൈൻഡ് പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങാണു സാങ്കേതിക സഹായം നൽകുന്നത്. 

automatic-vertical-cradle ഓട്ടമാറ്റിക് വെർട്ടിക്കൽ ക്രാഡിലുമായി തൃശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടീം.

കുഞ്ഞുറക്കത്തിനു കാവൽ

പഴയകാല ഡോട്ട്മെട്രിക്സ് പ്രിന്ററിനെ ബ്രെയിലി പ്രിന്ററാക്കി, കാഴ്ചവൈകല്യമുള്ളവർക്കു പ്രയോജനമാകുന്ന സാങ്കേതികവിദ്യയാണ് തൃശൂർ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്. 15,000 രൂപ മാത്രമേ ചെലവു വരൂ. പാർക്കിൻസൺസ് രോഗം പിടിപെട്ടവരെ സ്വയം ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന സംവിധാനം കോളജിൽ നിന്നുള്ള മറ്റൊരു സംഘം പ്രദർശിപ്പിച്ചു. 

തൃശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച ‘ഓട്ടമാറ്റിക് വെർട്ടിക്കൽ ക്രാഡിൽ’ ശ്രദ്ധ പിടിച്ചുപറ്റി. കുട്ടി ചുമലിൽ ചാരിക്കിടന്നുറങ്ങുന്ന രീതിയിൽ ഈ തൊട്ടിലിനെ ക്രമീകരിച്ചെടുക്കാം. 

റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളായ അമിതവേഗം, ലെയ്ൻ മാറുമ്പോഴുള്ള പാളിച്ചകൾ, ഡോർ തുറക്കുമ്പോഴുള്ള ശ്രദ്ധക്കുറവ് എന്നിവ പരിഹരിക്കാൻ തിരുവനന്തപുരം എസ്‌ഇടിയിലെ വിദ്യാർഥികൾ‌ വികസിപ്പിച്ചെടുത്ത ഗോസെയ്ഫ് സഹായകമാകും. നിലവിലുള്ള ബേബിവാക്കറുകൾ മറി‍ഞ്ഞു കുട്ടികൾക്ക് അപകടം സംഭവിക്കുന്നതു തടയുന്ന സംവിധാനമാണു പുത്തൻകുരിശിലുള്ള മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് വിദ്യാർഥികൾ‌ അവതരിപ്പിച്ചത്. 

തൃശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ‘വി–ഓവൻ’ ഭക്ഷണത്തിൽ അനാവശ്യമായുള്ള എണ്ണമയം കുറയ്ക്കും. തലശേരി നഴ്സിങ് കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച പ്രത്യേകതരം ഷൂവും സോക്സുമടങ്ങിയ സെറ്റ് വെരിക്കോസ് രോഗമുള്ളവർക്കു സഹായകമാണ്. 

smart-secure-sfotware സ്മാർട് സെക്യുർ സോഫ്റ്റ്‍‌വെയറുമായി തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് ടീം.

പാലക്കാട് ഗവ. പോളിടെക്നിക് കോളജിലെ വിദ്യാർഥികൾ വികസിപ്പിച്ച വീൽചെയർ കാറിനുള്ളിലേക്ക് ഓടിച്ചുകയറ്റാൻ സാധിക്കും. ചെമ്മീനിൽ നിന്നു കൈറ്റോസാൻ എന്ന രാസസംയുക്തം വേർതിരിച്ചെടുത്തു നിർമിച്ച ബാൻഡ് എയ്ഡ് പൊള്ളലിനു ശമനം നൽകുമെന്നു തൃശൂർ സഹൃദയ കോളജിലെ വിദ്യാർഥികൾ പറയുന്നു. വയോധികർക്ക് മൊബൈൽ ഫോണിലുള്ള ഡേറ്റ സുരക്ഷിതമായി സംരക്ഷിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് കാര്യവട്ടം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, കേരളയിലെ വിദ്യാർഥികൾ. 

ചോക്കുപൊടി ശ്വസിച്ച് അധ്യാപകർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായാലോ. അതിനു പരിഹാരവുമായാണ് പൊടി പറപ്പിക്കാത്ത, കിടിലൻ ഡെസ്റ്ററുമായി തിരുവനന്തപുരം സർവോദയ വിദ്യാലയത്തിലെ കുട്ടികളെത്തിയത്. 

തളർന്നു കിടപ്പിലായ രോഗികൾക്ക് കണ്ണിന്റെ ചലനങ്ങളിലൂടെ അവരുടെ ആവശ്യങ്ങളറിയിക്കാൻ സഹായിക്കുന്ന വിഷൻ ഓഫ് ലൈഫ് (മേരിമാതാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ്, പത്തനംതിട്ട), സ്കൂളിലേക്കു പോയ മക്കൾ ഇപ്പോൾ എവിടെയെന്ന് ഒരു മിസ്ഡ്കോളിലൂടെ കണ്ടെത്താൻ മാതാപിതാക്കളെ സഹായിക്കുന്ന സംവിധാനം (സിഎംഐ ക്രൈസ്റ്റ് സ്കൂൾ, ഇരിട്ടി) എന്നിവ പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു. 

eco-plasticus ഇക്കോ– പ്ലാസ്റ്റിക്കസുമായി പയ്യന്നൂർ കേന്ദ്രീയ വിദ്യാലയ ടീം.

വാഴപ്പിണ്ടി പ്ലാസ്റ്റിക് !

പ്ലാസ്റ്റിക്കിനു ബദൽ വാഴപ്പിണ്ടി...! ചിരി വരുന്നുണ്ടല്ലേ? യുവ മാസ്റ്റർമൈൻഡിൽ പയ്യന്നൂർ ‍കേന്ദ്രീയവിദ്യാലയത്തിന്റെ സ്റ്റാളിലെത്തിയവർ ഇനി ഇതുകേട്ടു ചിരിക്കില്ല. കാരണം, വാഴപ്പിണ്ടിയിൽനിന്നു പ്ലാസ്റ്റിക്കിനെ വെല്ലുന്ന ‘ഇക്കോപ്ലാസ്റ്റിക്ക്സ്’ നിർമിക്കാമെന്ന് അവർക്കു പിടികിട്ടി. പുഴുങ്ങിയെടുത്ത വാഴപ്പിണ്ടി അരച്ച് കുഴമ്പുരൂപത്തിലാക്കി, അതിനൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേർക്കും. ഈ മിശ്രിതം കടലാസുപോലെ പരത്തി, ഇളംവെയിലിൽ ഉണക്കിയെടുത്താൽ പ്ലാസ്റ്റിക്കിനു ബദലായ ഉൽപന്നം റെഡി. കവറുകൾ മുതൽ മേശവിരിവരെ ഇതുകൊണ്ടു നിർമിക്കാം. ഇക്കോപ്ലാസ്റ്റിക്ക്സ് ഒരുകൊല്ലം വരെ കേടാകില്ല. ഒരു ചതുരശ്ര അടി ഇക്കോപ്ലാസ്റ്റിക്ക്സ് നിർമിക്കാൻ വെറും രണ്ടുരൂപയേ ചെലവുള്ളൂ. ഇത്തരത്തിൽ പ്രകൃതിക്കു തുണയാകുന്ന ഒരുപിടി കണ്ടുപിടിത്തങ്ങളുമായാണു കൊച്ചുശാസ്ത്രജ്ഞരെത്തിയത്. 

തക്കാളി കേടാകാതിരിക്കാൻ ചെമ്മീൻതോട്! ചാലക്കുടി കാർമൽ എച്ച്എസ്എസിന്റെ കണ്ടുപിടിത്തം; ചെമ്മീൻതോടിൽ നിന്ന് ഉണ്ടാക്കിയെടുത്ത ബയോറാപ്പർ (ജൈവപൊതി). ഭക്ഷ്യവസ്തുക്കൾ ഇതുകൊണ്ടു പൊതിഞ്ഞാൽ രണ്ടാഴ്ച കേടാകാതിരിക്കും. ജൈവമാലിന്യത്തിൽനിന്നു വളമുണ്ടാക്കുന്ന മാസ്റ്റർ ബിൻ ആയിരുന്നു തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിന്റെ കണ്ടുപിടിത്തം. 

പ്രകൃതിയിലേക്കു പുറന്തള്ളുന്ന മലിനവാതകങ്ങളിൽ ഒരുപങ്ക് ശുചിമുറികളിൽ നിന്നുള്ളവയാണ്. ഇവയിലുള്ള സൂക്ഷ്മാണുക്കളെ നശിപ്പിച്ച് ശുദ്ധവായു ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണു ചെങ്ങന്നൂർ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്. 

കരിയും വെള്ളി നാനോകണങ്ങളും കൂട്ടിച്ചേർത്തു നിർ‌മിച്ച അരിപ്പയിലെ സംസ്കരണത്തിലൂടെ ശുദ്ധജലം ഉൽപാദിപ്പിക്കുന്നത് തൃശൂർ മേരി കോളജിൽ നിന്നുള്ള സംഘം ജനങ്ങൾ‌ക്കു കാട്ടിക്കൊടുത്തു. എറണാകുളം എസ്‌സിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ സമുദ്രജലത്തിൽനിന്നു ശുദ്ധജലം വേർതിരിക്കാനുള്ള ചെലവുകുറഞ്ഞ സാങ്കേതികവിദ്യ അവതരിപ്പിച്ചു. 

പുഴയിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശുദ്ധീകരിക്കാനുള്ള വിദ്യ തൃശൂർ റോയൽ കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികൾ പ്രദർശിപ്പിച്ചു. ഇവിടത്തെ തന്നെ മറ്റൊരു സംഘം സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന എസിയാണ് നിർമിച്ചത്. 

തൊഴിലാളികൾ തേയില നുള്ളുന്ന വിധം അനുകരിച്ചു നിർമിച്ചതാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ വിദ്യാർഥികളുടെ ‘ട്രീ ലീഫ് ഹാർവസ്റ്റർ’. ജാതിപത്രി പിളർത്തിമാറ്റുന്ന സംവിധാനം പാലാ സെന്റ് ജോസഫ് കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. തെങ്ങിൽ കയറാതെ തേങ്ങയിടാൻ സഹായിക്കുന്ന ഉപകരണം തൃശൂർ ഗവ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ പ്രദർശിപ്പിച്ചു. 

ktm-sh-mount-school കൊതുകു നിർമാർജന പ്രോജക്ടുമായി കോട്ടയം എസ്എച്ച് മൗണ്ട് എച്ച്എസ്എസ് ടീം.

കൊതുകുകളേ, ഓടിക്കോ...

വീട്ടിലെ കൊതുകിനെയെല്ലാം കെട്ടുകെട്ടിച്ചിട്ടേയുള്ളൂ എന്നുറച്ചാണ് കൊച്ചുശാസ്ത്രജ്ഞരുടെ വരവ്. ഒട്ടേറെ ടീമുകൾ കൊതുകുനിവാരണ പ്രോജക്ടുകളുമായെത്തി. മൂളിപ്പാട്ടുമായെത്തുന്ന കൊതുകുകളെ പാട്ടുംപാടി കൊല്ലാവുന്ന യന്ത്രം മുതൽ ചക്കയരക്കിൽ ഒട്ടിച്ചു കുടുക്കാവുന്ന കണ്ടുപിടിത്തം വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എയർ കൂളർ, മ്യൂസിക് സിസ്റ്റം, പാചകവാതകച്ചോർച്ച കണ്ടെത്തി അപായമണി മുഴക്കുന്ന സംവിധാനം, കള്ളന്മാരെത്തിയാൽ ഒച്ചവയ്ക്കുന്ന സംവിധാനം ഇവയെല്ലാം ചേർന്ന ഒന്നൊന്നര കൊതുകുകെണി, പാറിപ്പറക്കുന്ന കൊതുകുകളെ നീലവെളിച്ചം കാട്ടി ആകർഷിച്ചു കരിച്ചുകളയുന്ന ഉപകരണം, തെരുവുവിളക്കിൽ കൊതുകുകെണി... അങ്ങനെയങ്ങനെ. 

മേൽക്കൂരയോടു ചേർന്നു വെള്ളമൊഴുകിപ്പോകാൻ സ്ഥാപിക്കുന്ന പൈപ്പിൽ ഇലകൾ വീണ് ഒഴുക്കു തടസ്സപ്പെടുന്നത് ഒഴിവാക്കാൻ സാങ്കേതികവിദ്യ വികസിപ്പിച്ചത് അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ. ടാങ്കിലെ വെള്ളം വെയിലേറ്റു ചൂട‍ാകുന്നതു തടയാനുള്ള കണ്ടുപിടിത്തം (ചോയ്സ് സ്കൂൾ എറണാകുളം), പല്ലിയെ കുടുക്കാനുള്ള സൂത്രം (സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ, കോട്ടയം), ഓട്ടമാറ്റിക് ഫ്ലെഷിങ് സംവിധാനം (മേരിനിലയം സീനിയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം) എന്നിവയെല്ലാം മേളയിൽ കാഴ്ചക്കാരുടെ കയ്യടി നേടി. 

fardan-fadi മലപ്പുറം വാഴക്കാട് കൊയപ്പത്തൊടി ദാറുൽ ഉലും ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ ഫർദാൻ ഫാദി (ഇടത്തു നിന്നു മൂന്നാമത്) പ്രോജക്ട് വിശദീകരിക്കുന്നു.

കുഞ്ഞുഫർദാന്റെ വലിയ ആശയം

ഫർദാൻ ഫാദിയെന്നാൽ ആശയങ്ങളാണ്. റോബട്ടിക്സിലെ പരീക്ഷണങ്ങളാണു ഫർദാന്റെ ഒഴിവുസമയ വിനോദം. അങ്ങനെയുണ്ടായ ആശയം ചേട്ടന്മാരുടെ സഹായത്തോടെ യുവ മാസ്റ്റർമൈൻഡ് വേദിയിൽ എത്തിച്ചിരിക്കുകയാണ് ഈ അഞ്ചാം ക്ലാസുകാരൻ. 

ഹൈസ്കൂൾ ക്ലാസ് മുതലുള്ളവർക്കാണു മാസ്റ്റർ മൈൻഡിൽ പങ്കെടുക്കാൻ അവസരമെന്നതിനാലാണു ചേട്ടന്മാരുടെ അടുത്തെത്തിയത്. അവരും ഒപ്പം ചേർന്നതോടെ മലപ്പുറം വാഴക്കാട് കൊയപ്പത്തൊടി ദാറുൽ ഉലും ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ കണ്ടുപിടിത്തമായി ഫർദാന്റെ ആശയം മാസ്റ്റർ മൈൻഡിലെത്തി. അഴുക്കുചാലിലെ വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുന്ന ഉപകരണമാണ് ഇവർ അവതരിപ്പിച്ചത്. വെള്ളത്തിന്റെ അളവ് സെൻസർ വഴി സ്ക്രീനിൽ രേഖപ്പെടുത്തുന്ന ഉപകരണം ഉപയോഗിച്ച് അഴുക്കുചാൽ സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനാകുമെന്ന് ഇവർ പറയുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഷിബിൻ‍, അമാൻ മുഹമ്മദ്, ഫൈസാൽ മുഹമ്മദ് എന്നിവരാണു കണ്ടുപിടിത്തം പ്രദർശന സജ്ജമാക്കിയത്. സ്കൂൾ ലൈബ്രേറിയൻ സിദ്ദിഖ് അലിയായിരുന്നു മെന്റർ. റോബട്ടിക്സിൽ കൂടുതൽ പഠിക്കാനാണു കുഞ്ഞുഫർദാന്റെ തീരുമാനം. 

കഞ്ചൻമാർ കുടുങ്ങും !

കഞ്ചാവു വലിക്കുന്നവരെ പിടികൂടാൻ എക്സൈസുകാർക്കും പൊലീസിനും പാടാണ്. ഇതിനു പരിഹാരവുമായി എത്തിയത് തൃശൂർ സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ. കഞ്ചാവ് ഉപയോഗിച്ചയാളുടെ ഉമിനീർ പരിശോധിച്ച് ഉടൻ വിവരം നൽകാൻ ഇവർ വികസിപ്പിച്ച ഡിറ്റക്ടറിനു കഴിയും. കഞ്ചാവിലെ ടിഎച്ച്സി എന്ന രാസസംയുക്തത്തെ അടിസ്ഥാനപ്പെടുത്തിയാണിത്. കണ്ടുപിടിത്തം പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് ഡിപ്പാർട്മെന്റിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 

എക്സ്പ്രസ് ഹൈവേകളിൽ വാഹനങ്ങളുടെ വേഗനിയന്ത്രണം, ടോളുകളുടെ നിയന്ത്രണം എന്നിവ സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് തൃശൂർ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ പ്രദർശിപ്പിച്ചത്. മൂന്നു കപ്പികളിലും കയറിലും ഘടിപ്പിച്ച പെയിന്റിങ് സംവിധാനമാണ് അറക്കുന്നം ടോക് എച്ച് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ചത്. ലളിതമായ ഈ വിദ്യ വേണ്ടവിധം വികസിപ്പിച്ചാൽ ബഹുനിലക്കെട്ടിടങ്ങൾ പോലും പെയിന്റടിക്കാൻ സാധിക്കുമെന്നു വിദ്യാർഥികൾ അവകാശപ്പെടുന്നു. 

mukesh

ആവേശമുണർത്തുന്ന ആശയക്കൂട്ടായ്മ: എം. മുകേഷ് എംഎൽഎ 

കുട്ടികളുടെ ആവേശം എന്നെ പഴയ എസ്എൻ കോളജിലെ വിദ്യാർഥി ജീവിതത്തിലെത്തിച്ചു. ഒരു മിനിറ്റു കൊണ്ട് ഏറ്റവും ശ്രദ്ധേയമായ സ്ഥാനം കിട്ടുകയും നഷ്ടപ്പെടുകയും ചെയ്ത ഓർമയാണ് ഓടിയെത്തിയത്. എസ്എൻ കോളജിൽ വിദ്യാർഥിയായിരിക്കേ വലിയൊരു ശാസ്ത്രപ്രദർശനം കോളജിൽ നടന്നു. എന്നെ പ്രധാന പവിലിയനിൽ നിയോഗിച്ചു. ജനിറ്റിക്സ് ആണ് വിശദീകരിക്കേണ്ടിയിരുന്നത്. വെള്ളനിറമുള്ള രണ്ടു പൂച്ചകൾക്കു കറുത്ത കുട്ടിയുണ്ടായതു മുൻതലമുറ കാരണമായിരിക്കും എന്നു വിശദീകരിച്ചാൽ മതി. ‍കുറച്ചു തമാശയിരിക്കട്ടെയെന്നു വിചാരിച്ച് വെളുത്ത പൂച്ചകൾ‍ക്കു കറുത്ത പൂച്ചയുണ്ടാകാൻ കാരണം വെളിയിൽ നിന്ന് ആരോ... എന്തോ ഒരിടപെടൽ നടത്തി എന്നു വിചാരിക്കേണ്ട, അതു ജനിറ്റിക്സ് മാത്രമാണെന്നു തട്ടിവിട്ടു.

അതിൽ കുറച്ച് അശ്ലീലം കലർന്നെന്ന സംശയത്തിൽ പ്രഫസർ എന്നെ മാറ്റി. അതൊരു പാഠമായിരുന്നു. പൊതുസ്ഥലത്ത് എങ്ങനെ െപരുമാറണം, നമ്മൾ പറയുന്ന വാക്കുകൾ എത്രമാത്രം വ്യക്തമായിരിക്കണം, സഭ്യമായിരിക്കണം എന്നെല്ലാം പഠിച്ചു.

മാസ്റ്റർമൈൻഡിൽ പല സ്റ്റാളുകളിലെയും കുട്ടികളുടെ അടുത്തെത്തിയപ്പോൾ അറിവു പകർന്നുനൽകുന്ന കല ഞാൻ കണ്ടു. കട്ടിയേറിയ ശാസ്ത്ര കൗതുകങ്ങൾ സാധാരണക്കാർക്കായി മനോഹരമായി അവർ അവതരിപ്പിക്കുന്നു. ഇന്നവേഷൻ വലിയൊരു കാര്യമാണ്. ഈ ആശയങ്ങളുടെ കൂട്ടായ്മ ആവേശമുണർത്തുന്നതാണ്.

ജൂറി പറഞ്ഞത്

സാമൂഹിക പ്രതിബദ്ധതയോടെ ആശയങ്ങളെ പ്രായോഗിക തലത്തിൽ എത്തിക്കുന്നതിലും നിലവിലുള്ളവയെ മെച്ചപ്പെടുത്തിയെടുക്കുന്നതിലും വിദ്യാർഥികളുടെ മികവ് വലിയ സന്തോഷം നൽകുന്നു. സ്കൂൾ കുട്ടികളുടെ നിരീക്ഷണ പാടവവും ആശയ രൂപീകരണവും അതിനു പിന്നാലെ പോകാനുള്ള ഉൽസാഹവും അദ്ഭുതപ്പെടുത്തുന്നതാണ്. സർവകലാശാലാ   നിലവാരത്തിൽ അവർ ചിന്തിക്കുന്നു.

ജൂറി അംഗങ്ങൾ:

ജി.വിജയരാഘവൻ (ടെക്നോപാർക്ക് സ്ഥാപക സിഇഒ, പ്ലാനിങ് ബോർഡ് മുൻ അംഗം)

ഡോ. ജോബ് കുര്യൻ (പ്രഫസർ ആൻഡ് ഡീൻ, ഐഐടി, പാലക്കാട്)

ഡോ. എസ്.എം.സമീർ (വകുപ്പ് മേധാവി, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, എൻഐടി, കോഴിക്കോട്)

ഡോ. വൈശാഖൻ തമ്പി  (ശാസ്ത്ര എഴുത്തുകാരൻ, അധ്യാപകൻ, എൻഎസ്എസ് കോളജ്, ചേർത്തല)

ഡോ. ജേക്കബ് ഫിലിപ്പ്  (ഡീൻ, അക്കാദമിക്സ്, അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ്, കാഞ്ഞിരപ്പള്ളി)