Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കു വേണ്ടത് യുവത്വം, മുഖ്യമന്ത്രിമാർക്ക് ഇഷ്ടക്കാർ

Author Details
cartoon

രാജ്യത്തെ പിന്നാക്ക ജില്ലകളിൽ കലക്ടർമാരായി യുവ ഐഎഎസ് ഓഫിസർമാരെ മാത്രമേ നിയമിക്കാവൂ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശ, അദ്ദേഹത്തിന്റെ പാർട്ടിയുടെ മുഖ്യമന്ത്രിമാർക്കും സഭാംഗങ്ങൾക്കും പോലും രസിക്കാനിടയില്ല. രാജ്യത്തെ 115 പിന്നാക്ക ജില്ലകളിലെ കലക്ടർമാരിൽ 90 ശതമാനത്തോളം പേരും നാൽപതിനു മുകളിൽ പ്രായമുള്ളവരാണെന്നു ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ വിളിച്ചുചേർത്ത എംഎൽഎമാരുടെയും എംഎൽസിമാരുടെയും യോഗത്തിൽ പ്രസംഗിക്കവേ നരേന്ദ്ര മോദി പറഞ്ഞു. ഇവരിലേറെപ്പേരും സംസ്ഥാന സിവിൽ സർവീസിൽനിന്നു സ്ഥാനക്കയറ്റം കിട്ടി ഐഎഎസ് റാങ്കിലെത്തിയവരും.

വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലവിതരണം, ശുചീകരണം തുടങ്ങി 48 മുഖ്യ മേഖലകളിൽ പിന്നാക്ക ജില്ലകൾ ദ്രുതപുരോഗതി ആർജിക്കണമെന്നാണു മോദിയുടെ ആവശ്യം. ചെങ്കോട്ടയിൽനിന്ന് കഴ‍ിഞ്ഞതവണ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ, പിന്നാക്ക മേഖലകളിൽ പുതിയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് 2022 ആണ് മോദി മുന്നോട്ടുവച്ച സമയപരിധി. രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ ബിജെപി നേരിട്ടോ പരോക്ഷമായോ ഭരണത്തിലായിട്ടും ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ അമാന്തിക്കുന്നതിൽ മോദി അസന്തുഷ്ടനാണ്. അഞ്ചുവർഷം വിദൂരമായ പിന്നാക്ക ജില്ലകളിൽ ധാരാളം സ‍ഞ്ചരിക്കാനും ചുമതല നിറവേറ്റാനും കുടുംബബാധ്യതകളില്ലാത്ത, ആരോഗ്യമുള്ള യുവ ഓഫിസർമാർക്കു കഴിയുമെന്നു മോദി കരുതുന്നു. മാസത്തിൽ 20 ദിവസമെങ്കിലും നാട്ടിലിറങ്ങി ജോലിചെയ്യണമെന്നാണു മുൻപൊരിക്കൽ കലക്ടർമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

മധ്യവയസ്സിലെത്തിയ ഓഫിസർമാർക്കു നഗരത്തിൽ പഠിക്കുന്ന മുതിർന്ന മക്കളുണ്ടാകുമെന്നതാണു നരേന്ദ്ര മോദി കണ്ടെത്തിയ പ്രശ്നം. അതിനാൽ, മധ്യവയസ്സിലെത്തിയ ഭൂരിഭാഗം ഓഫിസർമാരും നിയമനം തേടുന്നതു സംസ്ഥാന തലസ്ഥാനത്താകും. അവർക്കാകട്ടെ ജില്ലാ ഭരണനിർവഹണത്തിൽ പൂർണമായി മുഴുകാൻ കഴിയാറില്ല. പിന്നാക്ക ജില്ലകളിൽ നിയമിക്കപ്പെടുന്ന മുതിർന്ന ഓഫിസർമാർ മികച്ച സേവനത്തിനുള്ള അവസരമായിട്ടല്ല ഒരു ശിക്ഷയായിട്ടാണ് അതിനെ കാണുന്നത്. ഇക്കാരണത്താലാണു ജില്ലകളിൽ ചെറുപ്പക്കാരായ ഓഫിസർമാരെ, കഴിയുമെങ്കിൽ അവിവാഹിതരെ, കലക്ടർമാരായി നിയമിച്ചാൽ മതിയെന്നു നരേന്ദ്ര മോദി നിർദേശിച്ചത്. പക്ഷേ, ഇതു പറയാനെളുപ്പമാണ് നടപ്പാക്കാൻ പ്രയാസവും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും മുതിർന്ന ഓഫിസർമാരെയാണിഷ്ടം. കാരണം, അവരെ നിയന്ത്രിക്കാൻ സൗകര്യമാണ്.

പല സംസ്ഥാനങ്ങളിലും എടുത്തുചാട്ടക്കാരും രാഷ്ട്രീയക്കാർക്കു ചെവി കൊടുക്കാത്തവരുമായ യുവ ഐഎഎസ് ഓഫിസർമാരെക്കുറിച്ചു മന്ത്രിമാർക്കും മറ്റും മുഖ്യമന്ത്രിയോടു പരാതി പറയാനേ നേരമുള്ളൂ. ജോലിപരിചയമില്ലാത്ത യുവ ഓഫിസർമാർ പ്രശസ്തി മാത്രം ആഗ്രഹിച്ചു രാഷ്ട്രീയക്കാരെ മറികടന്ന് ഓരോന്നു ചെയ്തുകൂട്ടുമെന്നാണു നേതാക്കളുടെ പരാതി. എംഎൽഎമാർക്ക് ഇഷ്ടമുള്ള കലക്ടർമാരെയും ജില്ലാ പൊലീസ് മേധാവിയെയും മാത്രമാണു മുഖ്യമന്ത്രിമാർ ദശകങ്ങളായി നിയമിക്കാറുള്ളത്. ജനപ്രതിനിധികളെ വിട്ട് ചുറുചുറുക്കുള്ള ജില്ലാ കലക്ടർമാരെ വച്ചു തന്റെ വികസന അജൻഡ യാഥാർഥ്യമാക്കാൻ മോദി നടത്തുന്ന ശ്രമം രാഷ്ട്രീയക്കാർക്കിടയിൽ എളുപ്പം സ്വീകാര്യമാകില്ല.

കേരളത്തിലെ ഏക പിന്നാക്ക ജില്ല വയനാടാണ്. രാജ്യത്തു പിന്നാക്ക ജില്ലകൾ ഏറെയുള്ളതു മധ്യ–കിഴക്കൻ ഇന്ത്യയിലും. ജാർഖണ്ഡ് (20), ബിഹാർ (13), ഛത്തീസ്ഗഡ് (10), ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡിഷ (എട്ടുവീതം). പഞ്ചാബിൽ പിന്നാക്ക ജില്ലകളൊന്നുമില്ല. തന്റെ സർക്കാരിന്റെ കൊടിയടയാളങ്ങളായ വികസന പദ്ധതികളുടെ നടത്തിപ്പിലെ പരാജയമാണു മോദിയുടെ നൈരാശ്യത്തിനു കാരണം. സ്മാർട് സിറ്റി പദ്ധതി, ദേശീയ പൈതൃകനഗര പദ്ധതി, പ്രധാനമന്ത്രിയുടെ ഭവനപദ്ധതി, നഗര തൊഴിൽവികസന പദ്ധതി, സ്വച്ഛ് ഭാരത് പദ്ധതി, നഗരപരിവർത്തന അടൽ പദ്ധതി (അമൃത്) എന്നിങ്ങനെ ആറു കേന്ദ്രപദ്ധതികളിലെ വിഹിതം സംസ്ഥാനങ്ങൾ തീരെ ചെലവഴിച്ചിട്ടില്ലെന്നാണു നഗരവികസന മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്. 99 നഗരങ്ങൾ ഉൾപ്പെട്ട സ്മാർട് സിറ്റി പദ്ധതിക്കായി 9900 കോടി രൂപ അനുവദിച്ചെങ്കിലും സംസ്ഥാനങ്ങൾ ചെലവഴിച്ചത് 182 കോടി മാത്രം. 500 നഗരങ്ങളിൽ ശുദ്ധജലവിതരണത്തിനും ശുചീകരണത്തിനുമായി 12,000 കോടി രൂപ അടൽ പദ്ധതിയിൽ (അമൃത്) അനുവദിച്ചെങ്കിലും ഫെബ്രുവരി അവസാനം വരെ 2480 കോടി രൂപ മാത്രമാണു ചെലവഴിച്ചത്.

ഈ കേന്ദ്രപദ്ധതികളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കും കോർപറേഷനുകൾക്കുമായതിനാൽ കേന്ദ്രസർക്കാരിനു കാര്യമായി ഒന്നും ചെയ്യാനില്ല. അതേസമയം കേന്ദ്രസർക്കാർ നേരിട്ടു നടപ്പാക്കുന്ന സൗജന്യ പാചകവാതക കണക്‌ഷൻ, വളം സബ്‌സിഡി തുടങ്ങിയ പദ്ധതികൾ ഭേദപ്പെട്ട രീതിയിൽ നടപ്പാക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.