ബിജെപിയും സമ്മതിക്കുന്നു, രണ്ടു ചുവടു പിന്നോട്ട്

ബിജെപിക്കേറ്റ തിരിച്ചടിയെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്, വലിയ കുതിപ്പിനു മുൻപു രണ്ടു ചുവടു പിന്നോട്ടുവച്ചെന്നാണ്. രണ്ടു ചുവടു പിന്നോട്ടു പോയെന്ന് അദ്ദേഹം സമ്മതിക്കുന്നു. വലിയ കുതിപ്പ് ആർ‍ക്കെന്നതാണു 2019ലേക്കുള്ള ചോദ്യം.ലോക്സഭയിലോ നിയമസഭകളിലോ ചലനം സൃഷ്ടിക്കാൻ കെൽപുള്ളതല്ല ഈ ഉപതിരഞ്ഞെടുപ്പുഫലം. എന്നാൽ, പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷംപോലും ബാക്കിയില്ല എന്നതാണ് 10 സംസ്ഥാനങ്ങളിൽ‍നിന്നുള്ള ഫലത്തെ പ്രസക്തമാക്കുന്നത്. ബിജെപിക്കു മാത്രമല്ല, അകാലിദൾ, ജെഡിയു എന്നിവയ്ക്കും തിരിച്ചടിയേറ്റു. സംയുക്തമായും അല്ലാതെയും പ്രതിപക്ഷത്തിനു ബലമേറി.

പിന്നോട്ടുവച്ച ചുവടുകൾ

നാലു ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നിൽ ബിജെപി മൽസരിച്ചു. രണ്ടിടത്തു തോറ്റു; ഒരിടത്തു ജയം. മൂന്നും സിറ്റിങ് സീറ്റുകൾ. നാഗാലാൻഡിൽ‍, എൻഡിഎ സഖ്യകക്ഷിയായ എൻഡിഡിപി സീറ്റ് നിലനിർത്തി.

നിയമസഭയിലേക്കു ബിജെപി മൽസരിച്ച നാലു മണ്ഡലങ്ങളിൽ‍ മൂന്നിടത്തും പരാജയം. സഖ്യകക്ഷികളിൽ‍ അകാലിദളും ജെഡിയുവും സിറ്റിങ് സീറ്റുകളിൽ‍ പരാജയപ്പെട്ടു.

കയ്റാനയെന്ന ഊർജം

മാർച്ചിൽ ബിഎസ്പി സഖ്യമാണു ഗോരഖ്പുരിലും ഫൂൽപുരിലും എസ്പിയുടെ വിജയകാരണമായതെങ്കിൽ‍, ഇത്തവണ പ്രതിപക്ഷ സഖ്യത്തിൽ ആർഎൽ‍ഡി, കോൺഗ്രസ് എന്നിവയുമുൾപ്പെട്ടു. ബിഹാറിലും ജാർഖണ്ഡിലും ബിജെപി സഖ്യം പരാജയപ്പെട്ടതിനു പ്രസക്തിയേറെയാണ്. 2014ൽ ബിജെപിയുടെ വിജയത്തിൽ നിർണായകപങ്കാണു മൂന്നു സംസ്ഥാനങ്ങളും വഹിച്ചത്.

പ്രാദേശിക കാരണങ്ങളാണു പരാജയകാരണമെന്നു ബിജെപി പറയുന്നുണ്ട്. എന്നാൽ, എല്ലായിടത്തും സ്ഥാനാർഥികൾ മോദിയുടെ പേരിലാണു മൽസരിച്ചതെന്ന് അവർ രഹസ്യമായി സമ്മതിക്കുന്നു. 

ബിജെപിയോടു കൂടുതൽ അകന്നെന്നു ശിവസേന പരസ്യമായി സമ്മതിക്കുന്നു. പെട്രോൾ – ഡീസൽ വിലക്കയറ്റം പ്രശ്നമായെന്നും കേന്ദ്രം നടപടിയെടുക്കണമെന്നും ജെഡിയു പറയുന്നു. ശക്തികേന്ദ്രമായ ഷാകോട്ടിൽ പരാജയപ്പെട്ട അകാലിദളിനും അതൃപ്തിയുണ്ട്. 

പുതിയ നേതൃത്വം

പ്രതിപക്ഷ െഎക്യത്തിന്റെ പ്രത്യേകത അതിലെ അഞ്ചു പാർട്ടികളിലുണ്ടായിരിക്കുന്ന നേതൃമാറ്റമാണ് – രാഹുൽ‍ ഗാന്ധി (കോൺഗ്രസ്), അഖിലേഷ് യാദവ് (എസ്പി), തേജസ്വി യാദവ്് (ആർ‍ജെഡി), ജയന്ത് ചൗധരി (ആർഎൽഡി), സീതാറാം യച്ചൂരി (സിപിഎം). ഇവർ‍ക്കും ഒപ്പമുള്ള പാർട്ടികൾക്കും ബിജെപിയെ പുറത്താക്കുകയെന്ന പൊതു അജൻഡയാണുള്ളത്. പ്രതിപക്ഷ െഎക്യത്തിന് എത്രനാളത്തെ ആയുസ്സെന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോഴും അജൻഡയിലുള്ള െഎക്യം സുപ്രധാനമാണ്.

ബംഗാളിലെ ഫലം

ചെങ്ങന്നൂരിൽ വലിയ ജയം നേടിയ സിപിഎം, ബംഗാളിലെ മഹേഷ്സ്ഥല മണ്ഡലത്തിൽ മൂന്നാമതായി. കോൺഗ്രസിന്റെ പിന്തുണയുണ്ടായിട്ടും തൃണമൂലിനും ബിജെപിക്കും പിന്നിലായി. അപ്പോഴും, മഹാരാഷ്ട്രയിലെ പാൽഘറിൽ‍ സിപിഎമ്മിന്റെ നാലാം സ്ഥാനം ശ്രദ്ധേയമാണ്. കാരണം, അവിടെ കോൺഗ്രസ് അഞ്ചാമതാണ്. ബെംഗളൂരുവിലെ ഗ്രൂപ്പ് ഫോട്ടോയ്ക്കുശേഷവും ബംഗാളും മഹാരാഷ്ട്രയും രണ്ടു ചോദ്യങ്ങൾ ഉയർത്തുന്നു: 

സംയുക്ത പ്രതിപക്ഷത്തു മമത ബാനർജി ഉണ്ടാവുമോ? കേരളത്തിനു പുറത്തു കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു നിന്നാലും ഇല്ലെങ്കിലും എന്തെങ്കിലും വ്യത്യാസമുണ്ടോ?