ഇന്ദിരാഭവനിൽ ഇനി കൂട്ടായ നേതൃത്വം

സിപിഎമ്മിനെപ്പോലെ കൂട്ടായ നേതൃത്വം എന്ന സങ്കൽപത്തിനു കേരളത്തിൽ കോൺഗ്രസും വഴിമാറുന്നു. കെപിസിസി പ്രസിഡന്റ് എന്ന ഒറ്റയാൾപട്ടാളമല്ല ഇനി ഇന്ദിരാഭവനിൽ ഉണ്ടാകുക. മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം തോളോടു തോൾ ചേർന്നു പാർട്ടിയെ നയിക്കാൻ മൂന്നു വർക്കിങ് പ്രസിഡന്റുമാർ കൂടി. 

കേരളത്തിലെ കോൺഗ്രസിൽ ഇതാദ്യമാണു വർക്കിങ് പ്രസിഡന്റുമാർ വരുന്നത്. എം.എം. ഹസനു പകരം മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനാകുമെന്ന അഭ്യൂഹം ശക്തമായപ്പോൾ മുതൽ വർക്കിങ് പ്രസിഡന്റുമാർ എന്ന സാധ്യതയും പരിഗണിച്ചിരുന്നു. ഇരു ഗ്രൂപ്പുകളും അതിലേക്കു പേരുകൾ നൽകി. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് എന്നുറപ്പിച്ചിരുന്നുവെങ്കിൽ വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിൽ ഇവിടെനിന്നുള്ള നിർദേശങ്ങളും പരിഗണിക്കണമെന്നു ഗ്രൂപ്പുകൾ ആഗ്രഹിച്ചുവെങ്കിലും അതു കാര്യമായി കണക്കിലെടുത്തിട്ടില്ല. 

ആഗ്രഹിച്ചത് പ്രസിഡന്റാകാൻ 

പ്രസിഡന്റ് പദം കാംക്ഷിച്ചിരുന്നവരാണു വർക്കിങ് പ്രസിഡന്റുമാരായതെന്നതും ശ്രദ്ധേയം. വി.എം. സുധീരൻ മാറിയപ്പോൾ മുതൽ കെ. സുധാകരനുവേണ്ടി ശക്തമായ നീക്കം പാർട്ടിയിലുണ്ടായി. അദ്ദേഹമല്ലാതെ മറ്റൊരാളില്ലെന്നു ‘കെ.എസ് ബ്രിഗേഡ്’ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പട്ടികജാതി–വർഗ വിഭാഗത്തിൽനിന്നു ദക്ഷിണേന്ത്യയിൽ ഒരു പിസിസി പ്രസിഡന്റ് എന്ന വാദവുമായി കൊടിക്കുന്നിൽ സുരേഷിനായും ചരടുവലികളുണ്ടായി. കറുത്ത കുതിരയായി താൻ വരുമെന്ന് എം.എം. ഷാനവാസെങ്കിലും പ്രതീക്ഷിക്കുകയും ചെയ്തു. 

ഇക്കുറിയും ഭാഗ്യം അകന്നുപോയതു വി.ഡി. സതീശനാണ്. സുധീരൻ പ്രസിഡന്റായ വേളയിലും രാഹുൽഗാന്ധി  ആദ്യപരിഗണന നൽകിയതു സതീശനായിരുന്നുവെങ്കിലും അന്തിമതീരുമാനം അനുകൂലമായില്ല. ഇപ്പോൾ ഹസനു പകരവും അദ്ദേഹത്തിന്റെ പേര് ആദ്യാവസാനമുണ്ടായി. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കു തന്നെ ദയവായി പരിഗണിക്കരുതെന്നു സതീശൻ രേഖാമൂലം തന്നെ അഭ്യർഥിച്ചു. പട്ടിക പ്രഖ്യാപിക്കുന്നതിനു മുമ്പായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ബന്ധപ്പെട്ട രാഹുൽഗാന്ധി സതീശനെ പിന്നീടു യുക്തമായ പദവിയിലേക്കു കൊണ്ടുവരുമെന്നറിയിച്ചിട്ടുണ്ട്. 

പ്രസിഡന്റും രണ്ട് വർക്കിങ് പ്രസിഡന്റുമാരും പ്രകടമായ ഗ്രൂപ്പുകളില്ലാത്തവരാണ്. മുല്ലപ്പള്ളി ഹൈക്കമാൻഡിന്റെ വക്താവായാണ് ഇവിടെ അറിയപ്പെടുന്നത്. ഐയുമായി ചേർന്നു നിൽക്കുമ്പോഴും ‍‍എംപിമാരുടെ കൂട്ടായ്മയിലെ  അവിഭാജ്യഘടകമെന്ന നിലയിലാണ് എം.ഐ. ഷാനവാസിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എയിലായിരുന്നുവെങ്കിലും ഇപ്പോൾ നേതൃത്വവുമായി അകന്നു. കെ. സുധാകരൻ ഐയുടെ ശക്തനായ പ്രതിനിധിയാണ്. എയുടെ മുൻനിര നേതാവായ ബെന്നി ബഹനാന്റെ പേരും കെപിസിസി പ്രസിഡന്റ് പട്ടികയിലേക്കു പറഞ്ഞുകേട്ടിരുന്നു. കെ. മുരളീധരനും നിലവിൽ പ്രകടമായ ഗ്രൂപ്പ് നിലപാടുകളില്ല. ഐയുമായി അകന്ന അദ്ദേഹം എയുമായി നല്ല ബന്ധത്തിലാണ്. യുഡിഎഫ് കൺവീനർ പദത്തിലേക്കു വരണമെന്നാണു മുരളി ആഗ്രഹിച്ചത്. എന്നാൽ കെ. കരുണാകരൻ തന്നെ ‘ക്രൗഡ് പുള്ളർ’ എന്നു വിശേഷിപ്പിച്ച മുരളി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവിഭാഗത്തിന് അമരക്കാരനാകുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ മുരളിയുടെ തിരിച്ചുവരവുകൂടിയാണിത്.

പരാതിയില്ലാതെ ഗ്രൂപ്പുകൾ 

പട്ടികയെക്കുറിച്ച് എ–ഐ ഗ്രൂപ്പുകൾക്കു കാര്യമായ പരാതികളുള്ളതായി സൂചനയില്ല. ഹസൻ മാറുമെന്നു വന്നതോടെ തീരുമാനം നീണ്ടുപോകുന്നതിന്റെ അനിശ്ചിതത്വമാണു നേതാക്കൾക്കുണ്ടായിരുന്നത്. കോൺഗ്രസും ബിജെപിയും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമ്പോൾ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകാത്തതിന്റെ ആശങ്ക പലവട്ടം നേതാക്കൾ ഡൽഹിയെ അറിയിച്ചു. രമേശ് ചെന്നിത്തലയെ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ബന്ധപ്പെട്ടു പുതിയ പട്ടികയുടെ വിവരം അറിയിച്ചുവെങ്കിലും ഈ സമയത്ത് ഉമ്മൻ ചാണ്ടി വിമാനത്തിലായിരുന്നതിനാൽ അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞില്ല. പ്രഖ്യാപനം രാത്രിയായത് അതുകൊണ്ടുകൂടിയാണ്. 

ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും നേരത്തെ രാഹുൽ ചർച്ച നടത്തിയിരുന്നു. മുല്ലപ്പള്ളിയുടെ കാര്യത്തിൽ വിസമ്മതമൊന്നും ഇരുവരും പറ‍ഞ്ഞിരുന്നില്ല. അതേസമയം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കും വരെ എം.എം. ഹസൻ തന്നെ തുടരട്ടെ എന്ന അഭിപ്രായക്കാരുമായിരുന്നു. ഒന്നരവർഷത്തോളം പാർട്ടിയെ കൂട്ടിയോജിപ്പിച്ചുനീങ്ങാൻ ശ്രമിച്ച ഹസൻ ആ ജോലി നിർവഹിച്ചു മാറിയിരിക്കുന്നു. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവരുടെ അഭിപ്രായങ്ങളും പട്ടികയിൽ നിഴലിക്കുന്നുണ്ട്. വർക്കിങ് പ്രസിഡന്റുമാരിൽ ഒരു വനിതയുണ്ടാകുമെന്ന സൂചന ശക്തമായിരുന്നുവെങ്കിലും ഷാനിമോൾ ഉസ്മാൻ പട്ടികയിൽ ഇടംപിടിച്ചില്ല. അനാരോഗ്യം വകവയ്ക്കാതെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് സജീവമാകാൻ ശ്രമിച്ച പി.പി. തങ്കച്ചനു പകരം എറണാകുളം ജില്ലയിൽനിന്നുതന്നെ മറ്റൊരാൾ വരികയാണ്. 

കൺവീനറായി ബെന്നിയെ ഇന്നലെ പ്രഖ്യാപിക്കാത്തത് ഇക്കാര്യത്തിൽ ഘടകകക്ഷികളുമായിക്കൂടി ആശയവിനിയമം വേണമെന്നതു കണക്കിലെടുത്താണ്. മുസ്‌ലിം ലീഗും കേരള കോൺഗ്രസും ഇക്കാര്യം കോൺഗ്രസിനോട് ഉന്നയിച്ചിരുന്നു. കോൺഗ്രസിൽനിന്നൊരാൾ തന്നെ കൺവീനറാകുന്നതിൽ എതിർപ്പില്ല, പക്ഷേ തങ്ങൾക്കുകൂടി സ്വീകാര്യനായ ഒരാൾ വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇന്നു പ്രഖ്യാപനമുണ്ടാകും. 

പുതിയ പ്രസിഡന്റുമായി ലോക്സഭാ തിരഞ്ഞെടുപ്പിനു കോൺഗ്രസും സജ്ജമാകുകയാണ്. മറ്റു ഭാരവാഹികളെ പ്രഖ്യാപിക്കുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. മുല്ലപ്പള്ളിയും മൂന്നു വർക്കിങ് പ്രസിഡന്റുമാരും ആ ദൗത്യത്തിലേക്ക് ഇനി നീങ്ങും.