ജമാൽ ഖഷോഗി വധം: ഉലയുമോ യുഎസ് – സൗദി സൗഹൃദം?

2017 മേയിൽ സൗദി സന്ദർശന വേളയിൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൽമാൻ രാജാവിനും (ഇടത്) സൗദി രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്കുമൊപ്പം പരമ്പരാഗത അറേബ്യൻ നൃത്തത്തിൽ പങ്കുചേർന്നപ്പോൾ.

യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ഡോണൾഡ് ട്രംപ് നടത്തിയ ആദ്യ ഔദ്യോഗിക വിദേശസന്ദർശനം സൗദി അറേബ്യയിലേക്കായിരുന്നു. ട്രംപിന്റെ കർക്കശ നിലപാടുകളും മൂർച്ചയേറിയ വാക്കുകളും കേട്ട് ഞെട്ടിയിരുന്ന ലോകത്തെ ഒന്നുകൂടി അമ്പരപ്പിക്കുന്നതായിരുന്നു ഈ യാത്ര. യുഎസിന്റെ വിശ്വസ്ത–സൗഹൃദപ്പട്ടികയിലെ ഒട്ടേറെ രാജ്യങ്ങളെ നിഷ്പ്രഭമാക്കി ട്രംപിന്റെ ഒന്നാം ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ടവരാണ് സൗദി അറേബ്യ. ആ വിസ്മയ ബന്ധത്തിൽ ജമാൽ ഖഷോഗി വധം വിള്ളൽ വീഴ്ത്തുമോ?

സംയമനത്തോടെ ട്രംപ്; വിമർശനവുമായി ലോകം

സൗദി പൗരനും യുഎസിൽ സ്ഥിരതാമസക്കാരനുമായിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി സൗദി അറേബ്യയുടെ തുർക്കി ഇസ്തംബുളിലെ കോൺസുലേറ്റിൽ കൊല്ലപ്പെട്ടുവെന്ന കാര്യം മൂന്നാഴ്ചത്തെ മൗനത്തിനു ശേഷമാണു സൗദി സമ്മതിച്ചത്. ട്രംപ് ഇക്കാര്യത്തിൽ കരുതലോടെയും സംയമനത്തോടെയുമാണ് സംസാരിക്കുന്നത്. സൗദി അറേബ്യയുടെ വിശദീകരണം സ്വീകാര്യവും തൃപ്തികരവുമാണെന്നും കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഖഷോഗി വധം യുഎസ്–സൗദി ബന്ധത്തെ ബാധിക്കാതിരിക്കാനുള്ള കരുതലിലാണ് ഇരുരാജ്യങ്ങളും. 

വിരുദ്ധ താൽപര്യങ്ങൾ; ഒരേ രാഷ്ട്രീയ തട്ടകം

ജീവിതരീതി, വസ്ത്രധാരണം തുടങ്ങി മിക്ക തലങ്ങളിലും ഒട്ടേറെ അന്തരങ്ങളുള്ള രാജ്യങ്ങളാണ് യുഎസും സൗദി അറേബ്യയും. പല കാര്യങ്ങളിലും ഇരുരാജ്യങ്ങളും വിപരീത ധ്രുവങ്ങളിലാണ്. എന്നിട്ടും, യുഎസും സൗദിയും ഏറ്റവും ശക്തമായ ബന്ധം തുടരുന്നതിനു പിന്നിൽ രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, മധ്യപൂർവദേശത്തെ താൽപര്യങ്ങൾ. രണ്ട്, വ്യാപാര, ആയുധക്കച്ചവട താൽപര്യങ്ങൾ.

സൗദി തലസ്ഥാനമായ റിയാദിൽ 2017 മേയിൽ എത്തിയ പ്രസിഡന്റ് ട്രംപ് അവിടെനിന്ന് മറ്റൊരു ചരിത്രയാത്രയാണു നടത്തിയത്. അത് ഇസ്രയേലിലേക്കായിരുന്നു. അങ്ങനെ, സൗദി അറേബ്യയിൽനിന്ന് ഇസ്രയേലിലേക്കു നേരിട്ടു പറക്കുന്ന ആദ്യ വിമാനമായി ട്രംപിന്റെ എയർഫോഴ്സ് വൺ. ഇസ്രയേലിലേക്ക് ഒരു വിമാനത്തിനു പറക്കാൻ സൗദിയുടെ വ്യോമപാത തുറന്നുകൊടുക്കുന്നതു ചരിത്രത്തിൽ ആദ്യമായിരുന്നു. (പിന്നീട് ആ നേട്ടം സ്വന്തമാക്കിയത് ഇന്ത്യയാണ്. എയർ ഇന്ത്യയുടെ ടെൽ അവീവ് യാത്രാവിമാനത്തിന് സൗദി അറേബ്യ വ്യോമപാത തുറന്നുതന്നു).

സൗദി വഴി ഇസ്രയേലിലേക്ക് ട്രംപ് നടത്തിയ ഈ യാത്രാവഴിയിൽ തന്നെ രാഷ്ട്രീയവും വ്യക്തമാണ്. മധ്യപൂർവദേശത്ത് യുഎസിന്റെയും ഇസ്രയേലിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സൗദി അറേബ്യയുടെ സഹകരണം വേണം. പകരം, സൗദിക്കും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യുഎസ് പിന്തുണ അനിവാര്യമാണ്. എല്ലാവരുടെയും മറുപക്ഷത്ത് ഇറാൻ ആണ്. ഷിയാ രാജ്യമായ ഇറാനെതിരെ സുന്നി ഭരണകൂടങ്ങളെ അണിനിരത്തുമ്പോൾ മുന്നിൽ സൗദി വേണം. മധ്യപൂർവദേശത്തെ രാഷ്ട്രീയത്തിൽ ഇറാൻ കൂടുതൽ പ്രസക്തമാകുന്നത് സൗദിക്കും സഹിക്കാവുന്നതല്ല. ഇറാനെ ഒറ്റപ്പെടുത്താൻ ഇസ്രയേലിനോടുള്ള കർക്കശ സമീപനം സൗദി ഉൾപ്പെടെ മയപ്പെടുത്തുകയും ചെയ്തു.

കരുത്തു പകരുന്നത് ആയുധക്കരാറുകൾ

കഴിഞ്ഞ വർഷം മേയിൽ സൗദിയിലെത്തിയപ്പോൾ ട്രംപിനു കണ്ണഞ്ചിപ്പിക്കുന്ന സ്വീകരണവും രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയും സൽമാൻ രാജാവ് നൽകി. ഒപ്പം, 10 വർഷത്തേക്ക് 11,000 കോടി ഡോളറിന്റെ (8.14 ലക്ഷം കോടി ഇന്ത്യൻ രൂപ) ആയുധക്കരാറും. യുഎസാണ് ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യം. യുഎസിൽനിന്ന് ഏറ്റവുമധികം ആയുധം ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയും. ഇതാണ് യുഎസ്–സൗദി ബന്ധത്തിന്റെ അന്തർധാര. ഒപ്പം, കണക്കുകൾക്കപ്പുറത്തെ ബിസിനസ് താൽപര്യങ്ങളുമുണ്ട്. നയതന്ത്രബന്ധങ്ങൾക്കപ്പുറത്തെ ഉരുക്കുചരടായി രണ്ടു രാജ്യത്തെയും കിരീടാവകാശികളായ രാജകുമാരന്മാരുടെ (യുഎസിൽ അങ്ങനെയൊരു പദവിയില്ലെങ്കിലും മരുമകൻ ജാറെദ് കഷ്‌നറെ ട്രംപ് പ്രതിഷ്ഠിച്ചിരിക്കുന്നത് ആ സാങ്കൽപിക കസേരയിലാണ്) വ്യക്തിപരവും കച്ചവടബന്ധിതവുമായ സൗഹൃദവുമുണ്ട്.

സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം 2017ൽ യുഎസിൽനിന്ന് ഏറ്റവുമധികം ആയുധം വാങ്ങിയത് സൗദി അറേബ്യയാണ് (342.50 കോടി ഡോളർ). രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയേക്കാൾ (117.20 കോടി ഡോളർ) മൂന്നു മടങ്ങോളം വരും ഇത്. ഒരു വർഷത്തെ മാത്രം കണക്കാണിത്. ആയുധവും മറ്റു നിക്ഷേപങ്ങളുമെല്ലാം ചേരുമ്പോൾ 45,000 കോടി ഡോളറിന്റെ (33.3 ലക്ഷം കോടി ഇന്ത്യൻ രൂപ) വ്യാപാരമാണ് യുഎസും സൗദിയും തമ്മിലുള്ളതെന്ന് ഇന്നലെയും ട്രംപ് എടുത്തുപറഞ്ഞു. ഖഷോഗി വധവും അനുബന്ധ സംഭവങ്ങളും കൈകാര്യം ചെയ്യുമ്പോഴും ഇക്കാര്യം മറന്നുകൂടാ എന്ന് ട്രംപ് ഓർമിപ്പിച്ചു.

രാജകുമാരൻമാരുടെ രാജ്യാന്തര ചങ്ങാത്തം

ട്രംപിന്റെ വ്യക്തിപരമായ ബിസിനസ് താൽപര്യങ്ങൾ വേറെയുമുണ്ട്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ജാറെദ് കഷ്നറും അടുത്ത സുഹൃത്തുക്കളും വ്യാപാര പങ്കാളികളുമാണ്. ‘കഷ്നർ എന്റെ പോക്കറ്റിലായിരുന്നു’ എന്ന മുഹമ്മദ് ബിൻ സൽമാന്റെ പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 1990കളിൽ ട്രംപിന്റെ ബിസിനസ് സംരംഭങ്ങൾ പ്രതിസന്ധിയിലാവുകയും പാപ്പരാകുന്ന ഘട്ടമെത്തുകയും ചെയ്തപ്പോൾ വസ്തുവകകൾ വാങ്ങി സഹായിച്ചത് സൗദി രാജകുടുംബാംഗം അൽവലീദ് ബിൻ തലാൽ ആണ്. ഇതുസംബന്ധിച്ച് നന്ദിയോടെയുള്ള വെളിപ്പെടുത്തലുകൾ ട്രംപ് നടത്തിയിട്ടുമുണ്ട്. എന്നാൽ, മുഹമ്മദ് ബിൻ സൽമാൻ സർവാധികാരിയായതിന്റെ സൂചകമായി രാജകുമാരന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തപ്പോൾ അതിലെ പ്രധാന ഇര വലീദ് ബിൻ തലാൽ ആയിരുന്നു. ട്രംപ് സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ അദ്ദേഹത്തിന്റെ ഹോട്ടലും ആഡംബരനൗകയുമെല്ലാം ചുരുങ്ങിയ വിലയ്ക്കാണ് വലീദ് ബിൻ തലാൽ വാങ്ങിയിരുന്നത്. സൗദിയിലെ പ്രവർത്തനങ്ങൾക്കായി എട്ടു സ്വന്തം കമ്പനികളാണ് 2015ൽ ട്രംപ് സ്ഥാപിച്ചത്.

ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാറെദ് കഷ്നർക്കൊപ്പം മുഹമ്മദ് ബിൻ സൽമാൻ.

തിരഞ്ഞെടുപ്പ് അരികിൽ; ട്രംപ് വേഷം മാറുമോ

ഒരാളുടെ ജീവന്റെ പേരിൽ ഒരു രാജ്യവുമായുള്ള ബന്ധവും ശതകോടികളുടെ വ്യാപാരവും കളയേണ്ടതില്ലെന്നതായിരിക്കും ട്രംപിന്റെ കണക്കുപുസ്തകത്തിലെ നയതന്ത്രം. പക്ഷേ, ആയുധക്കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയങ്ങോട്ട് യുഎസ് പാർലമെന്റ് എന്തു നിലപാടെടുക്കും എന്നതു നിർണായകമാകും. പാർട്ടികൾക്കതീതമായി പ്രശ്നങ്ങളുടെ പ്രാധാന്യവും പ്രസക്തിയുമനുസരിച്ച് നിലപാടെടുക്കുക എന്നതാണ് യുഎസ് കോൺഗ്രസിലെ അംഗങ്ങളുടെ സമീപനം.

രണ്ടാഴ്ചയ്ക്കപ്പുറം ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിനെ കാത്തിരിക്കുകയാണ്. നവംബർ ആറിനു നടക്കുന്ന യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിന്റെ ഫലം പ്രസിഡന്റിന്റെ അധികാരത്തെയോ കാലാവധിയെയോ ബാധിക്കില്ലെങ്കിലും അത് ട്രംപ് ഭരണത്തിന്റെ ‘ഹിതപരിശോധന’യായി വിലയിരുത്തപ്പെടും. മാത്രമല്ല, കോൺഗ്രസിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ പ്രസിഡന്റിന്റെ മുന്നോട്ടുള്ള തീരുമാനങ്ങളെ ബാധിക്കും. ഫലം, 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി മാറുകയും ചെയ്യും.

തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് വേഷം മാറാൻ ട്രംപിനെപ്പോലെ എളുപ്പത്തിൽ കഴിയുന്നവർ അധികമില്ല. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ സൗദി അറേബ്യയെ അതിരൂക്ഷമായി വിമർശിക്കുക മാത്രമല്ല, 9/11 ഭീകരാക്രമണത്തിന്റെ പേരിൽ സൗദിയെ പ്രതിസ്ഥാനത്തു നിർത്തുകയും ചെയ്തിട്ടുണ്ട് ട്രംപ്. അടുത്തമാസം ആറിനു നടക്കുന്ന തിരഞ്ഞെടുപ്പിലെ തിരിച്ചടി ഒഴിവാക്കാൻ, ട്രംപ് എന്തെങ്കിലും പറഞ്ഞേക്കാം. പക്ഷേ, ഒരു ഡയലോഗിനപ്പുറം അതു പോകാൻ സാധ്യതയില്ല.

നേട്ടം എർദൊഗാന്; നഷ്ടം മുഹമ്മദ് ബിൻ സൽമാന്

ഖഷോഗി സംഭവത്തിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ ആണ് ഏറ്റവും വലിയ രാഷ്ട്രീയനേട്ടമുണ്ടാക്കിയത്. എർദൊഗാന്റെ കർശനവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് സൗദിയെയും യുഎസിനെയും സമ്മർദത്തിലാക്കിയത്. ജനപ്രിയനായ നേതാവ് എന്നതിൽനിന്ന് ഏകാധിപത്യ സ്വഭാവത്തിലേക്ക് എർദൊഗാൻ മാറുന്നുവെന്ന വിമർശനം ഈയിടെ ഉയരുന്നുണ്ടായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും എർദൊഗാന്റെ പ്രതിച്ഛായ കുറഞ്ഞുവരികയായിരുന്നു. ഖഷോഗി സംഭവത്തിൽ എർദൊഗാൻ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത, സമ്മർദത്തിനു വഴങ്ങാത്ത ശക്തമായ നിലപാട് അദ്ദേഹത്തിനു യൂറോപ്പിലും പാശ്ചാത്യ ലോകത്തുമുള്ള പ്രതിച്ഛായ വർധിപ്പിച്ചു.

ഏറ്റവും വലിയ നഷ്ടം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്. സ്ത്രീകൾക്ക് ഡ്രൈവിങ് അവകാശവും രാജ്യത്തു സിനിമയും ഉൾപ്പെടെ വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ആധുനിക നായകൻ എന്ന പ്രതിച്ഛായ മുഹമ്മദ് ബിൻ സൽമാൻ സൃഷ്ടിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും വിമർശനങ്ങളെ അടിച്ചമർത്തുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നുണ്ടായിരുന്നെങ്കിലും അതിനപ്പുറമായിരുന്നു മുഹമ്മദ് ബിൻ സൽമാൻ ചുരുങ്ങിയ കാലം കൊണ്ട് സൃഷ്ടിച്ച ആവേശം. എന്നാൽ, ഖഷോഗി സംഭവം കൈവിട്ടുപോകുന്നുവെന്നു കണ്ടപ്പോൾ സൽമാൻ രാജാവ് തന്നെ നേരിട്ടു രംഗത്തെത്തി കാര്യങ്ങൾ ഏറ്റെടുത്തുവെന്നാണു റിപ്പോർട്ടുകൾ. മക്ക ഗവർണറും ഏറ്റവും വിശ്വസ്തനുമായ ഖാലിദ് അൽ ഫൈസലിനെയാണ് പ്രശ്നപരിഹാരത്തിനു രാജാവ് ഏർപ്പെടുത്തിയത്.