പ്രധാനമന്ത്രിയെ ആക്ഷേപിച്ചു; മണിശങ്കർ അയ്യരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തു

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്‌ന്നവനെന്നു വിളിച്ചതിനു മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യരെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്നു സസ്‌പെൻഡ് ചെയ്‌തു. തന്നെ താഴ്‌ന്ന ജാതിക്കാരനെന്നാണു മണിശങ്കർ വിളിച്ചതെന്നും അതു ഗുജറാത്തിനെ അപമാനിക്കലാണെന്നും തിരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചു.

മണിശങ്കർ മാപ്പു പറയണമെന്നാണു തന്റെയും പാർട്ടിയുടെയും നിലപാടെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്‌തമാക്കി. തുടർന്നു താൻ എന്താണ് ഉദ്ദേശിച്ചതെന്നു വിശദീകരിച്ച മണിശങ്കർ മാപ്പും പറഞ്ഞു. എന്നാൽ, അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കാനും കാരണംകാണിക്കൽ നോട്ടിസ് നൽകാനും പാർട്ടി പിന്നീടു തീരുമാനിച്ചു.

പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെ മോശം വാക്കുകൾ പ്രയോഗിക്കുന്ന സ്വന്തം പാർട്ടിക്കാർക്കെതിരെ ഇത്തരത്തിലുള്ള നടപടികൾക്കു പ്രധാനമന്ത്രിക്കു ധൈര്യമുണ്ടോയെന്നു കോൺഗ്രസിന്റെ മുഖ്യവക്‌താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു.