നോട്ടുനിരോധനം കേരളത്തെ തകർത്തു; ശമ്പളവും പെന്‍ഷനും ബാധ്യത: സാമ്പത്തിക സർവേ

തിരുവനന്തപുരം∙ ശമ്പളവും പെന്‍ഷനും സംസ്ഥാന സര്‍ക്കാരിനു വലിയ ബാധ്യതയാകുന്നതായി സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 6,411 കോടി രൂപയും സർക്കാരിന് അധികമായി കണ്ടെത്തേണ്ടി വന്നു. ശമ്പളവും പെന്‍ഷനും ചേര്‍ത്താല്‍ അഞ്ചു വര്‍ഷത്തിനിടെ അധികമായി കണ്ടെത്തേണ്ടി വന്നത് 17,109 കോടി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാനിരക്കു വര്‍ധിച്ചതായും സര്‍വേയില്‍ പറയുന്നു.

2012-13ല്‍ ശമ്പള ചെലവ് 17,257 കോടി രൂപയായിരുന്നു. 2016-17 വര്‍ഷത്തില്‍ 27,955 കോടിയായി ഉയര്‍ന്നു. പെന്‍ഷന്‍ ചെലവ് 2012-13 വര്‍ഷത്തില്‍ 8,866 കോടിരൂപയായിരുന്നത് 2016-17 വര്‍ഷത്തില്‍ 15,277 കോടിയായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ കടത്തില്‍ വലിയ വര്‍ധനയാണുള്ളതെന്നു സര്‍വേ വ്യക്തമാക്കുന്നു. 2010-11 വര്‍ഷത്തില്‍ ആഭ്യന്തരകടം 48,528 കോടിയിരുന്നെങ്കില്‍ 2014-15 വര്‍ഷത്തില്‍ 89,067 കോടിയായും 2017-18 വര്‍ഷത്തില്‍ 1,39,646 കോടിയായും ഉയര്‍ന്നു.

കടത്തിന്റെ വളര്‍ച്ചാനിരക്ക് 2012-13ല്‍ 11.90% ആയിരുന്നത് 2016-17ല്‍ 18.08% ആയി. ചെറുകിട സമ്പാദ്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ വളര്‍ച്ചാനിരക്ക് 2016-17ൽ 27.14% ആയിരുന്നത് 2017-18 വര്‍ഷത്തില്‍ -3.72 % ആയി കുറഞ്ഞു. കേന്ദ്രത്തില്‍നിന്നുള്ള വായ്പകളും മുന്‍കൂറുകളും വലിയതോതില്‍ വര്‍ധിച്ചതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളർച്ചാനിരക്കു ദേശീയ വളർച്ചാനിരക്കിനെക്കാൾ മുന്നിലാണ്. കേരളത്തിന്റേത് 7.4 % രാജ്യത്തിന്റേത് 7.1 %. 2015-16ൽ സംസ്ഥാനത്തിന്റെ വളർച്ച 6.6 % ആയിരുന്നെങ്കില്‍ രാജ്യത്തിന്റേത് 8% ആയിരുന്നു. നോട്ടുനിരോധനം സംസ്ഥാനത്തെ സാമ്പത്തിക രംഗം തകർത്തു താറുമാറാക്കിയതായും സര്‍വേ പറയുന്നു. നികുതി വരുമാനം താഴാനുള്ള മുഖ്യകാരണവും ഇതാണ്. 14.24% നികുതി വളർച്ചാനിരക്ക് പ്രതിക്ഷിച്ചിരുന്നതു 8.16 ശതമാനത്തിലേക്കു താഴ്ന്നു. 

രാജ്യത്തു റബർ ഉൽപാദനത്തിൽ 83,000 ടണ്ണിന്റെ കുറവുണ്ടായപ്പോൾ സംസ്ഥാനത്ത് 2015-16ൽ 4.38 ലക്ഷം മെട്രിക് ടൺ റബർ ഉൽപാദിപ്പിച്ചത് 2016-17ൽ 5.4 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. എന്നാൽ, റബറിനു തുടർച്ചായി വില കുറഞ്ഞുവന്നതു സാമ്പത്തിക രംഗത്തെ ദുർബലമാക്കി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 2015-16ലെ 113.81 ലക്ഷം കോടി രൂപയിൽ നിന്ന് 7.1% വളർച്ചയോടെ 2016-17ൽ 121.90 ലക്ഷം കോടിയിലെത്തിയെതായും സർവേ ചൂണ്ടിക്കാട്ടുന്നു.