Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എൽഡിഎഫ് സർക്കാർ 28 മാസം തികയ്ക്കുമെന്ന് തോന്നുന്നില്ല’

o-rajagopal

ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ എൽഡിഎഫ് സർക്കാരിന്റെ ഒരു വർഷത്തെ വിലയിരുത്തുന്നു:

∙എൽഡിഎഫ് സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

എല്ലാം ശരിയാക്കും എന്നു പറഞ്ഞാണ് എൽഡിഎഫ് വോട്ടുകൾ സമാഹരിച്ചത്. അതിൽത്തന്നെ പ്രധാനപ്പെട്ടകാര്യം പക്ഷപാതമില്ലാതെ പ്രവർത്തിക്കും എന്നുള്ളതായിരുന്നു. അത് ലംഘിക്കപ്പെട്ടു. ജനാധിപത്യത്തിൽ ജനങ്ങൾ തിരഞ്ഞെടുത്തു ജനങ്ങൾക്കുവേ‌ണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ്. ഇവിടെ നേരെമറിച്ച് പാർട്ടിക്കു വേണ്ടി ജനങ്ങളുടെപേരു പറഞ്ഞു പാർട്ടി നടത്തുന്ന ഭരണമാണ്. ഭരണം പാർട്ടിക്കുവേണ്ടിയാണ്, ജനങ്ങൾക്കുവേണ്ടിയല്ല. എല്ലാ രംഗത്തും ഇതു കാണാം. 

ദേശീയ പാർട്ടിയായ ബിജെപിയെ ഉൻമൂലനം ചെയ്യുക എന്നസമീപനമാണ് കേരളത്തിൽ സിപിഎം സ്വീകരിച്ചിരിക്കുന്നത്. പ്രവർത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുക, അടിച്ചമർത്താൻ ഭരണം ദുരുപയോഗം ചെയ്യുക, ഇതാണ് നടക്കുന്നത്. പൊലീസ് പാർട്ടിക്കാരെ സംരക്ഷിക്കാൻ മാത്രമുള്ളതായി. സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരെ തിരഞ്ഞുപിടിച്ചു ആക്രമിക്കുകയാണ്. പൊലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുന്നു. ബിജെപിയെ ഇല്ലായ്മചെയ്യേണ്ടത് കോൺഗ്രസിന്റെ കൂടി ആവശ്യമാണ്. അതുകൊണ്ടു അവർ നിശബ്ദരായി ഇരിക്കുന്നു. ആർഎസ്എസ് ഒരു ദേശീയസംഘടനയാണ്. അതിന്റെ പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതെല്ലാം അവർ ചെയ്ത സത്യപ്രതിജ്ഞയ്ക്ക് കടകവിരുദ്ധമാണ്. ഇത്തരമൊരു പ്രവർത്തനശൈലി സിപിഎംസ്വീകരിക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നില്ല. സ്റ്റാലിൻഭക്തന്മാർ ഈ രീതിൽ പ്രവർത്തിക്കാതിരുന്നാലെ അത്ഭുതമുള്ളൂ.

∙വികസന,ക്ഷേമപ്രവർത്തനങ്ങളിൽ ഈ സർക്കാരിന്റെ പ്രവർത്തനം തൃപ്തികമാണോ?

വാഗ്ദാനം നൽകിയ ഏതു കാര്യമാണ് ഈ സർക്കാർ പരിഹരിച്ചിട്ടുള്ളത്? റേഷൻവിതരണം സ്തംഭിച്ചു. റേഷൻകാർഡ് കൊടുക്കാൻ സാധിച്ചിട്ടില്ല. ജനങ്ങൾക്കു വിതരണം ചെയ്യാനായി കേന്ദ്രം സബ്സിഡി കൊടുത്ത് എത്തിക്കുന്ന അരി എഫ്സിഐ ഗോഡൗണുകളിൽകെട്ടിക്കിടക്കുകയാണ്. കാരണം റേഷൻ കാർഡില്ല. അർഹരായവർക്ക് അരി ലഭിക്കാത്ത സാഹചര്യവുമുണ്ട്. പാർട്ടി അനുഭാവികളുടെയും മറ്റും ലിസ്റ്റുണ്ടാക്കും. അർഹരായ ആളുകളെ മാറ്റിനിർത്തും. എട്ടുമാസമായി വാർധക്യകാലപെൻഷൻ വിതരണം ചെയ്യുന്നില്ല. കേന്ദ്രസർക്കാർ മുൻവർഷങ്ങളിൽ നൽകിയതിനേക്കാൽ 18,000 കോടി രൂപയാണ് സംസ്ഥാനത്തിനു നൽകിയത്. അപ്പോൾ പണത്തിന് കുറവില്ല. പണം ആർഭാടത്തിനും പാർട്ടിയെ വളർത്താനുള്ള പരിപാടികൾക്കുമാണ് ഉപയോഗിക്കുന്നത്. എന്നിട്ട് എല്ലാത്തിനും കുറ്റം മോദിക്കാണ്. മുഖ്യമന്ത്രി സ്റ്റാലിനെപോലെയാണ് പെരുമാറുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും പേടിച്ചാണ് കഴിയുന്നത്. 

സർക്കാരിന്റെ അവകാശവാദം തങ്ങൾക്കെതിരെ അഴിമതി ആരോപണങ്ങൾ ഇല്ല എന്നാണ്. ശരിയാണ്, വലിയ അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടില്ല. മുൻ സർക്കാരിന്റെ കാലത്തുള്ളതുപോലുള്ള അഴിമതി ഇപ്പോഴില്ല. സാമ്പത്തിക അഴിമതി ഇല്ല,രാഷ്ട്രീയ അഴിമതിയാണ് കൂടുതൽ. ഭൂമി കയ്യേറ്റം തടയാൻ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തിനിന്ന് ഉണ്ടാകുന്നില്ല. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്. എത്ര ഭൂമിയാണ് ടാറ്റ കൈയ്യേറിയിരിക്കുന്നത്. അത് ഒഴിപ്പിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഒരു തുണ്ടു‌ഭൂമിപോലുമില്ലാത്ത ലക്ഷക്കണക്കിന് ആളുകളുണ്ട്. പ്രത്യേകിച്ച് ആദിവാസികൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ. അവർക്ക് ഭൂമി കൊടുക്കും. കയ്യേറ്റക്കാരെ കയ്യാമം വയ്പ്പിക്കണം എന്നതായിരുന്നല്ലോ സർക്കാർ നയം. എന്താണു പക്ഷേ നടക്കുന്നത്? മന്ത്രിമാർക്കും എംഎൽഎമാർക്കും മൂന്നാറിൽ കയ്യേറ്റഭൂമിയുണ്ട്. 

പിന്നെ മതപ്രീണനത്തിൽ സിപിഎം ഒട്ടും പിന്നിലല്ല. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കിടെ കുരിശായിരുന്നു പ്രധാന വിഷയം. കുരിശടക്കമുള്ള മതചിഹ്നങ്ങളെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്. അതിന്റെ പേരിൽ കയ്യേറ്റം പ്രോത്സാഹിപ്പിക്കരുത്. ആദ്യ കമ്യൂണിസ്റ്റ് സർക്കാർ 28 മാസം ഭരിച്ചു. ഈ സർക്കാർ അത്രയും പോകുമെന്നു തോന്നുന്നില്ല.

∙ ബിജെപിയുടെ കേരളത്തിലെ ആദ്യഎംഎൽഎയാണ്. ഒരു വർഷത്തെ പ്രവർത്തനം എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്. എന്തൊക്കെ വികസനപ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്താൻ കഴിഞ്ഞു?

വികസനത്തിന്റെ കാര്യത്തിൽ പരമാവധി കാര്യങ്ങൾ നേമം മണ്ഡലത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഒരു കാര്യം പ്രത്യേകം വ്യക്തമാക്കട്ടെ. എംഎൽഎ ഫണ്ട് ചെലഴിക്കുന്നതിനായി നിർദേശങ്ങൾ സർക്കാരിനു നൽകിയിരുന്നു. എംപിയായിരിക്കുമ്പോൾ ഒരു കടലാസ് നൽകിയാൽ മതിയായിരുന്നു, എല്ലാംനടക്കും. പക്ഷേ ‌ഇവിടെ അതല്ല. പദ്ധതി നിർദേശങ്ങൾ നൽകിയശേഷം ഓരോ ഓഫിസായി കയറി ഇറങ്ങണം. അഡ്മിനിസ്ട്രേറ്റീവ് സാങ്ഷൻ, ഫിനാൻഷ്യൽ സാങ്ഷൻ... ഇങ്ങനെ നീളുകയാണ്. നേരിട്ടു പോയി കണ്ടു പറഞ്ഞാലേ കടലാസ് നീങ്ങൂ. എന്റെ ഒരു സ്റ്റാഫിനെ ഇതിനായി മാത്രം നിയോഗിച്ചിരിക്കുകയാണ്. നേമം മണ്ഡലത്തിന്റെ  ഏതു കാര്യം വന്നാലും അധികൃതർ നീട്ടിവയ്ക്കുകയാണ്. നേമത്തിന്റെ കടലാസെല്ലാം ത‌ടഞ്ഞുവയ്ക്കും. കാരണം അവർ ആശയപരമായും താത്വികപരമായും ഒരു വിട്ടുവീ‌ഴ്ചയുമില്ലാതെ എതിർക്കുന്നത് ബിജെപിയെയാണ്. മറ്റുള്ളവർക്ക് എല്ലാം കൊടുക്കുന്നുണ്ട്. ഭരണം പാർട്ടിക്കാർക്ക് വേണ്ടി മാത്രമാകുകയാണ്. 

‌‌‌∙കണ്ണൂരിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ ‌ശോഭാസുരേന്ദ്രൻ രംഗത്തെത്തിയത് വിവാദമായിരുന്നു. പാർട്ടി നിലപാടാണോ ശോഭാസുരേന്ദ്രൻ പറഞ്ഞത്? 

പാർട്ടി അങ്ങനെ ചർച്ച ചെയ്ത് ആ നിലപാട് എടുത്തിട്ടില്ല. സർക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് തുറന്ന് പറയുകയും ചെയ്യും. അത് ജനാധിപത്യ അവകാശമാണ്. പാർട്ടിയെ വിമർശിക്കലല്ല ഗവർണറുടെ ജോലി. ഗവർണർക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. പരാതികളുണ്ടെങ്കിൽ ഗവർണറെ കാണാം. വിശദീകരണം നൽകാം. അതിൽ കൂടുതൽ പറയുന്നത് ശരിയല്ല. കമ്മ്യൂണിസ്റ്റ് ശൈലി എന്നത് ഹൈക്കോടതി ജഡ്ജിമാരെ ഉള്‍പ്പെടെ കുറ്റം പറയുന്നതാണ്. ആ രീതി നമ്മുടെ മാതൃകയല്ല.

∙ പാർട്ടിയിലെ ഏതെങ്കിലും ഒരു നേതാവിന്റെ പിന്തുണയില്ലാതെ ഇങ്ങനെ പറയാൻ കഴിയുമോ?

മറ്റേതെങ്കിലും നേതാവിന്റെ പിന്തുണയോടെയായിരുന്നു ശോഭാസുരേന്ദ്രൻറെ പരാമർശം എന്ന് തോന്നുന്നില്ല. പാർട്ടി മര്യാദകളെയും പാർലമെന്ററി ശൈലികളെയുംപറ്റി പരിചയമില്ലാത്തതുകൊണ്ടാണ് അങ്ങനെ ഉണ്ടായത്. പിന്നെ സാഹചര്യത്തിനനുസരിച്ചുള്ള അമിതാവേശവും ഉണ്ടായിട്ടുണ്ടാകും.