ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ തൃണമൂൽ നേതാവ് അറസ്റ്റിൽ

നിയമത്തിന്റെ വഴിയേ: കൊൽക്കത്തയിലെ സിബിഐ ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തുന്ന തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ. ചിത്രം: സലിൽ ബേറ

കൊൽക്കത്ത∙ റോസ്‌വാലി ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) മുതിർന്ന നേതാവും എംപിയുമായ സുദിപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റ് ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വലംകൈയും തൃണമൂലിന്റെ ലോക്‌സഭാ പാർലമെന്ററി പാർട്ടി നേതാവുമാണു സുദിപ്.

കഴിഞ്ഞ വെള്ളിയാഴ്ച തൃണമൂലിന്റെ മറ്റൊരു എംപിയായ തപസ്‌ പാലിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. രാവിലെ പതിനൊന്നോടെ സിബിഐ ഓഫിസിലെത്തിയ ബന്ദോപാധ്യായയെ നാലു മണിക്കൂറോളം ചോദ്യംചെയ്തശേഷമാണു അറസ്റ്റ് രേഖപ്പെടുത്തിയത്.

തപസ് പാൽ ഭുവനേശ്വറിൽ സിബിഐ കസ്റ്റഡിയിലാണുള്ളത്. അറസ്റ്റിനു പിന്നാലെ കൊൽക്കത്തയിലെ ബിജെപിയുടെ ആസ്ഥാന മന്ദിരത്തിനു നേരെ കല്ലേറുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യവുമായി നൂറു കണക്കിനു ടിഎംസി പ്രവർത്തകരാണു ബിജെപി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത്.

നോട്ട് അസാധുവാക്കലിനെതിരെ ശബ്ദമുയർത്തിയവരെ നരേന്ദ്ര മോദി ആദായനികുതി വകുപ്പിനെയും സിബിഐയെയും ഉപയോഗിച്ചു വേട്ടയാടുകയാണെന്നു മമത ബാനർജി കുറ്റപ്പെടുത്തി.

‘സുദിപിന്റെ അറസ്റ്റ് എന്നെ ഞെട്ടിച്ചു. എന്നാൽ എനിക്കു ഭയമില്ല. ഞങ്ങൾ എല്ലാവരെയും അറസ്റ്റ് ചെയ്യട്ടെ. എന്നെ അറസ്റ്റ് ചെയ്യാൻ ഞാൻ മോദിയെ വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന്റെ ചങ്കൂറ്റം കാണട്ടെ. മോദിക്കു മറ്റുള്ളവരുടെ വായ അടപ്പിക്കാനാകും. എന്നെ നിശ്ശബ്ദയാക്കാനാവില്ല. ജനങ്ങളുടെ ശബ്ദത്തെ ഞെരിച്ചമർത്താൻ അദ്ദേഹത്തിനു കഴിയില്ല’– മമത പറഞ്ഞു.

ബംഗാൾ ആസ്ഥാനമായ റോസ്‌വാലി ഗ്രൂപ്പിന്റെ ചിട്ടി ഫണ്ട് ബംഗാൾ, അസം, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ നിക്ഷേപകരെ വഞ്ചിച്ചു 17,000 കോടി രൂപ തട്ടിയെടുത്തുവെന്നാണു കേസ്. റോസ്‌വാലി ഗ്രൂപ്പിനെതിരെ മൂന്നും ശാരദ ഗ്രൂപ്പിനെതിരെ ഏഴും കേസുകളുണ്ട്.

ഡിസംബർ 31ന് അറസ്റ്റിലായ സിനിമാനടൻ കൂടിയായ തപസ് പാൽ റോസ്‌വാലിയുടെ രണ്ടു കമ്പനികളുടെ ഡയറക്ടറാണ്. 2015 മാർച്ചിൽ കമ്പനിയുടെ ചെയർമാൻ ഗൗതം കുണ്ടിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.