ഇന്ത്യ–ഓസ്ട്രേലിയ ഭീകരവിരുദ്ധ സഹകരണം വിപുലമാക്കും; ആറു കരാറുകൾ ഒപ്പിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുള്ളും കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍.

ന്യൂഡൽഹി ∙ ഭീകരവിരുദ്ധ സഹകരണം വിപുലമാക്കാനുള്ളതടക്കം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ആറ് കരാറുകൾ ഒപ്പിട്ടു. ഭീകരസംഘടനകൾക്ക് അഭയവും സാമ്പത്തിക സഹായവും നൽകുന്നവർക്കെതിരെ ശക്തമായനടപടി വേണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.

എന്നാൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ (സിഇസിഎ) സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുള്ളും തമ്മിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടായില്ല. പ്രതിരോധം, വ്യാപാരം, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലമാക്കാൻ ധാരണമായി.

ഊർജമേഖലയിലെ സഹകരണത്തിന്റെ ഭാഗമായി ഓസ്ട്രേലിയ ഇന്ത്യയിലേക്കു യുറേനിയം കയറ്റുമതി എത്രയുംവേഗം ആരംഭിക്കുമെന്നു മാൽകം ടേൺബുൾ പറഞ്ഞു. രണ്ടരവർഷം മുൻപാണ് ഇരുരാജ്യങ്ങളും തമ്മിൽ സിവിൽ ആണവസഹകരണ കരാർ ഒപ്പിട്ടത്. ഓസ്ട്രേലിയൻ പാർലമെന്റിൽ ഇതുസംബന്ധിച്ച നിയമനിർമാണം ഉടനുണ്ടാകും.

ഓസ്ട്രേലിയയിലെ ഇന്ത്യൻ വിദ്യാർഥികളുടെ പ്രശ്നങ്ങളും ഇന്ത്യ–പസഫിക് മേഖലയിലെ സമുദ്രസുരക്ഷ ശക്തമാക്കാനുള്ള നടപടികളും ചർച്ചചെയ്തു. ആണവദാതാക്കളായ രാജ്യങ്ങളുടെ ഗ്രൂപ്പിൽ (എൻഎസ്‌ജി) ഇന്ത്യയുടെ അംഗത്വത്തിനായുള്ള ഓസ്ട്രേലിയയുടെ പിന്തുണയും ടേൺബുൾ ചൂണ്ടിക്കാട്ടി.

സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ഉദ്യോഗസ്ഥതല ചർച്ചകൾ തുടരുമെന്നും ഇരുപ്രധാനമന്ത്രിമാർ ചേർന്നു നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മെട്രോയിൽ യാത്രക്കാരനായ ടേൺബുൾ, കിഴക്കൻ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും സന്ദർശിച്ചു. നാലുദിവസ സന്ദർശനത്തിനാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഞായറാഴ്ച ഡൽഹിയിലെത്തിയത്.