തൃണമൂൽ ഓഫിസിൽ അക്രമികളുടെ വെടിവയ്പ്: രണ്ടു മരണം

മിഡ്നാപ്പുർ ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫിസിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ രണ്ടുപേർ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. ഖരഗ്പുരിലെ പാർട്ടി ഓഫിസിലാണ് പാർട്ടി കൗൺസിലറുടെ ഭർത്താവ് അടക്കം രണ്ടു പേർ കൊല്ലപ്പെട്ടത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ എത്തിയ ആയുധധാരികളായ മുഖംമൂടി സംഘം ഓഫിസിനു മുന്നിൽ നാടൻ ബോംബ് പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ഓഫിസിനുള്ളിൽ തലങ്ങും വിലങ്ങും വെടിയുതിർത്തത്.

ഖരഗ്പുർ 18–ാം വാർഡ് കൗൺസിലർ പൂജാ നായിഡുവിന്റെ ഭർത്താവ് ശ്രീനിവാസ നായിഡു (27), ധർമ റാവു (25) എന്നിവരാണു കൊല്ലപ്പെട്ടത്. തലയിലും നെഞ്ചിലും വെടിയേറ്റ നായിഡു കൊൽക്കത്തയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച പൂജ പിന്നീട് തൃണമൂൽ കോൺഗ്രസിലേക്കു മാറുകയായിരുന്നു. ആഴ്ചകൾക്കു മുമ്പ് വധശ്രമമുണ്ടായെങ്കിലും നായിഡു പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നായിഡുവിനെതിരെ ഏതാനും പരാതികൾ നിലവിലുണ്ടെന്ന് പൊലീസ് കേന്ദ്രങ്ങൾ വെളിപ്പെടുത്തി.