പ്രതിപക്ഷത്തിന്റെ ‘ഐക്യ കുമിള’ പൊട്ടി: ബിജെപി

രവിശങ്കർ പ്രസാദ്

ന്യൂഡൽഹി ∙ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷി യോഗത്തോടെ പ്രതിപക്ഷ ഐക്യ കുമിള പൊട്ടിയെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. പതിനാറു കക്ഷികളുടെ സഖ്യമെന്നു വിശേഷിപ്പിച്ച പ്രതിപക്ഷ കക്ഷിയോഗത്തിൽ പങ്കെടുത്തത് എട്ടു കക്ഷികൾ മാത്രമാണ്.

2ജി, ശാരദ ചിട്ടി ഫണ്ട്, കോമൺവെൽത്ത് ഗെയിംസ്, കൽക്കരിപ്പാടം അഴിമതികളിൽ ഉൾപ്പെട്ട കക്ഷികളുടെ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അണിനിരന്നതു സ്വാഭാവികമാണ്. അഴിമതിയെ എക്കാലവും പ്രോൽസാഹിപ്പിച്ചിരുന്ന കക്ഷികളാണ് ഒന്നിക്കുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പക്വതയില്ലെന്നു വെളിപ്പെടുത്തുന്നതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങൾ. യുപിഎ ഭരണകാലത്തെ 2ജി, കൽക്കരിപ്പാടം അഴിമതികളെ കുറിച്ചു രാഹുലിന് എന്തു വിശദീകരണമാണുള്ളതെന്നു രവിശങ്കർ പ്രസാദ് ചോദിച്ചു.

സ്വിസ് ബാങ്കിലെ നിക്ഷേപ വിവരങ്ങൾ പാർലമെന്റിൽ സമർപ്പിക്കണമെന്ന രാഹുലിന്റെ ആവശ്യം കള്ളപ്പണക്കാരെ സഹായിക്കാനാണ്. കുറ്റപത്രം ചുമത്തുന്നതിനു മുൻപ് അക്കൗണ്ട് പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ലെന്ന കരാർ വ്യവസ്ഥ ലംഘിച്ചാൽ തുടരന്വേഷണത്തോടു സ്വിറ്റ്സർലൻഡ് സഹകരിക്കില്ലെന്നു രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.

കറൻസി അസാധുവാക്കൽ നടപടി ഭീകരർ, മാവോയിസ്റ്റുകൾ, ലഹരിമരുന്നു മാഫിയ, ഹവാല ഇടപാടുകാർ തുടങ്ങിയവരുടെ നടുവൊടിച്ചതായി രവിശങ്കർ പ്രസാദ് അവകാശപ്പെട്ടു. രാജ്യവും ജനങ്ങളും നരേന്ദ്ര മോദിക്കൊപ്പം നിലയുറപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.