സുഷമ സ്വരാജ് സഭയിലെത്തി

ക്യാബിനറ്റ് യോഗത്തിനു ശേഷം വാഹനം കാത്ത് പാർലമെന്റ് ലൈബ്രറിക്കു മുൻപിൽ ഇരിക്കുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇന്നലെയാണ് സുഷമ ആദ്യമായി സഭയിലെത്തിയത്.

ന്യൂഡൽഹി∙ കഴിഞ്ഞ ഡിസംബർ 10നു നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി ലോക്‌സഭയിലെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനു കക്ഷിഭേദമെന്യേ അംഗങ്ങളുടെ ഊഷ്മള സ്വാഗതം. ചോദ്യവേളയിൽ ഭരണപക്ഷത്തിന്റെ മുൻനിരയിൽ സുഷമ സ്വരാജ് എത്തിയതോടെ അംഗങ്ങളെല്ലാം ഡസ്കിലടിച്ചു സ്വാഗതം ചെയ്യുകയായിരുന്നു.

കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയും സ്പീക്കർ സുമിത്ര മഹാജനും ആശംസകൾ നേർന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച വിജയം നേടിയശേഷം ആദ്യമായി സഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷി അംഗങ്ങൾ ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു.