ഇരിപ്പിടത്തെ ചൊല്ലി തൃണമൂൽ എംപിയുടെ പ്രതിഷേധം; വിമാനം വൈകി

ഡോള സെൻ എംപി

ന്യൂഡൽഹി ∙ ശിവസേനാ എംപി രവീന്ദ്ര ഗായ്ക്‌വാഡ് എയർ ഇന്ത്യ ജീവനക്കാരനെ മർദിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ തുടരുന്നതിനിടെ, തൃണമൂൽ കോൺഗ്രസിന്റെ വനിതാ എംപി സൃഷ്ടിച്ച പ്രതിഷേധത്തെ തുടർന്നു കൊൽക്കത്തയിലേക്കുള്ള എയർ ഇന്ത്യ വിമാനം 40 മിനിറ്റ് വൈകി. മുൻകൂട്ടി റിസർവ് ചെയ്ത സീറ്റ് കിട്ടാത്തതാണു ഡോള സെൻ എംപിയെ ചൊടിപ്പിച്ചത്.

വീൽചെയറിലായ അമ്മയോടൊപ്പം പോകാൻ അധിക നിരക്കു നൽകി മുൻനിരയിൽ റിസർവ് ചെയ്തിരുന്ന ഡോളയ്ക്കു ലഭിച്ചത് അടിയന്തര രക്ഷാവാതിലിനു സമീപമുള്ള സീറ്റുകളാണ്. ഈ ഭാഗത്തു വീൽചെയറിലെത്തുന്നവരെ ഇരുത്താൻ നിയമമില്ലെന്നുകൂടി ജീവനക്കാർ പറഞ്ഞതോടെ എംപിയുടെ നിയന്ത്രണം വിട്ടു.

തർക്കം നീണ്ടപ്പോൾ കോക്പിറ്റിൽനിന്നിറങ്ങിവന്ന പൈലറ്റ്, അമ്മയ്ക്കു ബിസിനസ് ക്ലാസ് ഇരിപ്പിടം നൽകാമെന്നു വാഗ്ദാനം ചെയ്തെങ്കിലും ഡോളയ്ക്കു സ്വീകാര്യമായില്ല. അമ്മ വീൽചെയറിലാണെന്ന വിവരം ടിക്കറ്റ് ബുക് ചെയ്തപ്പോൾ വ്യക്തമാക്കിയിരുന്നില്ലെന്ന് എയർ ഇന്ത്യ പറയുന്നു.