നാരദ വെളിപ്പെടുത്തൽ: എംപിമാരും മന്ത്രിമാരുമടക്കം 12 തൃണമൂൽ നേതാക്കൾക്കെതിരെ കേസ്

ന്യൂഡൽഹി/കൊൽക്കത്ത∙ നാരദ ന്യൂസിന്റെ ഒളിക്യാമറ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിന്റെ എംപിമാരും മന്ത്രിമാരും അടക്കം 12 മുതിർന്ന നേതാക്കൾക്കെതിരെ സിബിഐ കേസെടുത്തു. കേസ് രാഷ്ട്രീയക്കളിയാണെന്നും രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.

കമ്പനി പ്രതിനിധികളെന്നു നടിച്ചെത്തിയവരിൽനിന്നു ടിഎംസി നേതാക്കൾ പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണു കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു നാരദ ന്യൂസ് പുറത്തുവിട്ടത്.

രാജ്യസഭാ എംപി മുകുൾ റോയ്, ലോക്സഭാ എംപിമാരായ സൗഗത റോയ്, അപാരുപ പോഡാർ, സുൽത്താൻ അഹമ്മദ്, പ്രസൂൺ ബാനർജി, കാകോലി ഘോഷ് ദസ്തിദർ എന്നിവർക്കു പുറമേ ബംഗാൾ നഗരവികസന മന്ത്രി ഫിർഹദ് ഹക്കീം, ഗതാഗതമന്ത്രി സുവേന്ദു അധികാരി, പരിസ്ഥിതി മന്ത്രി സോവാൻ ചാറ്റർജി, പഞ്ചായത്ത്–ഗ്രാമവികസന മന്ത്രി സുബദ്ര മുഖർജി തുടങ്ങിയ നേതാക്കൾക്കെതിരെയാണു സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്‌തത്.

നാരദ ന്യൂസിന്റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ചു പ്രാഥമികാന്വേഷണം നടത്താൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരുമാസത്തിനകം എഫ്ഐആർ റജിസ്റ്റർ ചെയ്യാനാണു കഴിഞ്ഞ മാർച്ച് 17നു സിബിഐയോടു സുപ്രീം കോടതി ആവശ്യപ്പെട്ടത്.

മലയാളി മാധ്യമപ്രവർത്തകൻ മാത്യൂസ് സാമുവലിന്റെ ചുമതലയിലുള്ള നാരദ ന്യൂസ് പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങൾ 2014ലേതാണെങ്കിലും 2016ലാണു പുറത്തുവിട്ടത്. ഇതു സംബന്ധിച്ചു സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചു സമർപ്പിക്കപ്പെട്ട മൂന്നു ഹർജികളിലാണു കൊൽക്കത്ത ഹൈക്കോടതി വിധിയുണ്ടായത്.