അഡ്വാനിയെ ഒഴിവാക്കാൻ മോദിയുടെ തന്ത്രം: ലാലു

പട്‌ന∙ ബാബറി മസ്ജിദ് തകർത്ത കേസിലെ സുപ്രീം കോടതി ഉത്തരവ്, രാഷ്ട്രപതി സ്ഥാനാർഥി സ്ഥാനത്തുനിന്ന് എൽ.കെ.അഡ്വാനിയെ ഒഴിവാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ‘വിദഗ്ധമായി പദ്ധതിയിട്ട രാഷ്ട്രീയക്കളി’ ആണെന്ന് ആർജെഡി മേധാവി ലാലു പ്രസാദ് യാദവ് ആരോപിച്ചു.

‘സിബിഐ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനത്തിലാണ്. അത് സുപ്രീം കോടതിയിൽ ഹാജരായി അഡ്വാനി അടക്കമുള്ള നേതാക്കൾക്കെതിരെയുള്ള കേസിൽ വിചാരണ നടത്താൻ അനുമതി തേടി.

രാഷ്ട്രപതി സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവരുടെ കൂടെ അഡ്വാനിയുടെ പേരുമുള്ളതിനാൽ, വിദഗ്ധമായി പദ്ധതിയിട്ട രാഷ്ട്രീയക്കളിയിലൂടെ നരേന്ദ്രമോദി അദ്ദേഹത്തിന്റെ പേര് വെട്ടിനീക്കി’– ലാലു പ്രസാദ് പറഞ്ഞു.

മോദിക്കെതിരെ നിൽക്കുന്നുവെന്നു കരുതുന്ന ആർക്കെതിരെയും അപകടകരമായ രാഷ്ട്രീയം കളിക്കാൻ ബിജെപിക്കു മടിയില്ല. ഇക്കാര്യത്തിൽ സ്വന്തമെന്നോ മറ്റുള്ളവരെന്നോ വ്യത്യാസമില്ല. കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതാണു സിബിഐ ചെയ്യുക എന്ന് എല്ലാവർക്കും നന്നായി അറിയാമെന്നും ആർജെഡി മേധാവി കൂട്ടിച്ചേർത്തു.