ചൂടുവാർത്ത; മോദി ചായ വിറ്റ സ്റ്റേഷൻ മോടിയാക്കാൻ എട്ടു കോടി

വഡനഗർ റയിൽവേ സ്റ്റേഷൻ

അഹമ്മദാബാദ് ∙ ഒറ്റയാൾ വിറ്റ ചായയാണു വഡനഗർ റയിൽവേ സ്റ്റേഷനെ ചരിത്രമാക്കിയത്. തന്റെ ജന്മനാടായ വഡനഗറിലെ റെയിൽവേ സ്റ്റേഷനിൽ ചെറുപ്പകാലത്തു ചായക്കാരനായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലാണു മെഹ്‌സാന ജില്ലയിലെ ഈ സ്റ്റേഷനെ ലോകമറിയുന്ന ചൂളംവിളിയാക്കിയത്. 

അന്നുമുതൽ, വാർത്തകളിൽ സ്ഥിരസാന്നിധ്യമായ സ്റ്റേഷൻ പുതുമോടിയിലാക്കാൻ എട്ടു കോടി രൂപ അനുവദിച്ചതാണു പുതിയ വാർത്ത. അച്‌ഛൻ ദാമോദർ ദാസ് നടത്തിയിരുന്ന കടയിൽ നിന്നുള്ള ചായയാണു മോദി ട്രെയിൻ യാത്രക്കാർക്കു വിറ്റിരുന്നത്. 

സ്റ്റേഷൻ നവീകരണത്തിനായി എട്ടുകോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി മനോജ് സിൻഹയാണ് അറിയിച്ചത്. പാത ബ്രോഡ്ഗേജ് ആക്കുമെന്നും അഹമ്മദാബാദ് സന്ദർശനത്തിനിടെ മന്ത്രി പറഞ്ഞു. 

വടനഗർ – മൊധേര – പത്താൻ വിനോദസഞ്ചാര ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായി സ്റ്റേഷന്റെ മുഖം മിനുക്കാൻ ടൂറിസം മന്ത്രാലയമാണു പണം അനുവദിച്ചത്. ഏകദേശം നൂറു കോടി രൂപയുടെ പദ്ധതിയാണിത്. വഡനഗർ നവീകരണപ്രക്രിയ ഈ വർഷംതന്നെ പൂർത്തിയാക്കുമെന്ന് അഹമ്മദാബാദ് ഡിവിഷനൽ റെയിൽവേ മാനേജർ ദിനേഷ് കുമാർ വെളിപ്പെടുത്തി. മെഹ്സാനയ്ക്കും തരംഗയ്ക്കും ഇടയിലെ 57.4 കിലോമീറ്റർ ദൂരം ബ്രോഡ്ഗേജാക്കാൻ മോദി സർക്കാർ കഴിഞ്ഞ വർഷം 414 കോടി രൂപ അനുവദിച്ചിരുന്നു.