ഭരണരംഗത്ത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതകളെന്നു പ്രമുഖരുടെ കൂട്ടായ്മ

ന്യൂഡൽഹി ∙ രാജ്യഭരണരംഗത്തെ പ്രതിലോമകരമായ മാറ്റങ്ങൾ അസ്വസ്ഥതയുളവാക്കുന്നുവെന്നു വിവിധ അഖിലേന്ത്യാ സർവീസുകളിൽനിന്നു വിരമിച്ച പ്രമുഖരുടെ കൂട്ടായ്മ. മതപരവും ജാതീയവുമായ അസഹിഷ്ണുതകൾ പടരുന്നത്, വിധ്വംസക ജാഗ്രതാ സംഘങ്ങൾ വളരുന്നത്, സർ‌വകലാശാലകളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത്, ആശയാവിഷ്കാര സ്വാതന്ത്ര്യങ്ങൾ തടയുന്നത്, വിയോജിപ്പ് ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് 65 പ്രമുഖർ തുറന്ന കത്ത് സമൂഹത്തിനു മുന്നിൽ വച്ചിട്ടുള്ളത്.

1953 ഐഎഎസ് ബാച്ചിലെ തൊണ്ണൂറ്റൊന്നുകാരൻ ഹർമന്ദിർ സിങ് തുടങ്ങി മുൻ പ്ലാനിങ് കമ്മിഷൻ സെക്രട്ടറി ഡോ. എൻ.ജി. സക്സേന, പഞ്ചാബ് ഗവർണറുടെ മുൻ ഉപദേഷ്ടാവും മുൻ അംബാസഡറുമായ ജൂലിയോ റിബൈറോ, മുൻ അംബാസഡർ കെ.പി. ഫേബിയൻ, മുൻ ബംഗാൾ ചീഫ് സെക്രട്ടറി അർധേന്ദു സെൻ, ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി മുൻ ചെയർമാൻ ജെ. ഹരിനാരായണൻ, യുനിസെഫ് മുൻ റസിഡന്റ് റപ്രസന്റേറ്റീവ് ജി.ബാലഗോപാൽ, ബംഗാൾ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജി. ബാലചന്ദ്രൻ, മുൻ തമിഴ്നാട് ഡിജിപി എൻ.ബാലചന്ദ്രൻ എന്നിവരടക്കം 65 പേരുടേതാണു തുറന്ന കത്ത്.

പരോക്ഷമായ കശാപ്പു നിയന്ത്രണം ന്യൂനപക്ഷങ്ങൾക്കെതിരാണ്. അനേക ലക്ഷങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്നതുമാണ്. ഗോരക്ഷ എന്ന പേരിൽ സർക്കാർ സംവിധാനങ്ങളുടെ പ്രോത്സാഹനത്തോടെ അന്യായ പ്രവർത്തനങ്ങൾ നിർബാധം തുടരുന്നു. ജെഎൻയു, ഹൈദരാബാദ് യൂണിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളിൽ സ്വാതന്ത്ര്യവും നീതിയും സംബന്ധിച്ച ചോദ്യങ്ങളുയർത്തിയതിന്റെ പേരിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊക്കെ എതിരെ അക്രമങ്ങൾ ഉണ്ടായി.

സംവാദങ്ങളെയും വ്യത്യസ്ത ചിന്താധാരകളെയും ദേശവിരുദ്ധമെന്നു മുദ്ര കുത്തി തടയുന്നതു ജനാധിപത്യത്തെ കൊല ചെയ്യലാണ്. ഭരണഘടനയുടെ അന്തസ്സ് പുനഃസ്ഥാപിക്കണമെന്നും അത് ഉൾക്കൊള്ളണമെന്നും സമൂഹത്തോട്‌ ആഹ്വാനം ചെയ്യുന്ന കത്ത് അനാശാസ്യ പ്രവണതകൾ തടയാൻ പൊതു അധികാരികളും പൊതു സ്ഥാപനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിക്കുന്നു.