രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്: ആരുടെയും പേര് പറയാതെ ബിജെപി സമിതിയുടെ ചർച്ച

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരുമായി രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച നടത്തിയ ബിജെപി സമിതി സ്‌ഥാനാർഥിയായി ആരുടെയും പേര് പറഞ്ഞില്ല. പകരം, പ്രതിപക്ഷത്തിന് ആരെയെങ്കിലും നിർദേശിക്കാനുണ്ടോയെന്നു ചോദിച്ച്, ഉത്തരം കിട്ടാതെ മടങ്ങി. ബിജെപി മന്ത്രിമാരും സിപിഐയുമായുള്ള കൂടിക്കാഴ്‌ച ഇന്നു രാത്രി നടക്കും.

ഇതിനിടെ, പ്രതിപക്ഷത്തിന്റെ സ്‌ഥാനാർഥിപ്പട്ടികയിൽ ഒന്നാമതുള്ള ഗോപാൽ കൃഷ്‌ണ ഗാന്ധി പ്രതിപക്ഷത്തെ വിവിധ നേതാക്കളുടെ പിന്തുണ തേടി. 

ബിജെപി അധ്യക്ഷൻ രൂപീകരിച്ച മൂന്നംഗ മന്ത്രിസമിതിയിലെ രാജ് നാഥ് സിങ്ങും എം.വെങ്കയ്യ നായിഡുവുമാണ് സോണിയ, യച്ചൂരി എന്നിവരുമായി ചർച്ച നടത്തിയത്. സമിതിയിലെ മൂന്നാമത്തെ അംഗമായ മന്ത്രി അരുൺ ജയ്‌റ്റ്‌ലി വിദേശത്താണ്. ആരുടെയെങ്കിലും പേര് പിന്നീടു നിർദേശിക്കുമോയെന്നുപോലും വ്യക്‌തമാക്കാതെയാണ് മന്ത്രിമാർ ചർച്ച അവസാനിപ്പിച്ചത്.

രാവിലെ 11 മണിക്ക് 10 ജനൻപഥിൽ സോണിയയുമായി മന്ത്രിമാർ നടത്തിയ ചർച്ചയിൽ ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ എന്നിവരും പങ്കെടുത്തു.ചർച്ച അരമണിക്കൂർ നീണ്ടു.സർക്കാരിന്റെ ഭാഗത്തുനിന്ന് പേരുകളൊന്നും മുന്നോട്ടുവച്ചില്ലെന്നും പ്രതിപക്ഷത്തിന് ആരെയെങ്കിലും നിർദേശിക്കാനുണ്ടോയെന്നു ചോദിച്ചെന്നും ഗുലാം നബി ആസാദ് പിന്നീടു പറഞ്ഞു.

പാർലമെന്റിൽ രാജ്‌നാഥിന്റെ മുറിയിൽ ചർച്ച നടത്താൻ വെങ്കയ്യ,യച്ചൂരിയെ ക്ഷണിച്ചു. പാർട്ടിയിലെ മറ്റു നേതാക്കളും പങ്കെടുക്കാൻ താൽപര്യപ്പെടുന്നുവെന്നും എകെജി ഭവനിലേക്കു വരണമെന്നും യച്ചൂരി വ്യക്‌തമാക്കി. ഉച്ചതിരിഞ്ഞു മൂന്നേകാലിന് മന്ത്രിമാർ എകെജി ഭവനിലെത്തി.പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും അരമണിക്കൂർ നീണ്ട ചർച്ചയിൽ പങ്കെടുത്തു.പ്രതിപക്ഷത്തിന്റേതായി പേരുകൾ വല്ലതുമുണ്ടോയെന്ന മന്ത്രിമാരുടെ ചോദ്യത്തിന് പേരുകൾ പലതും മാധ്യമങ്ങളിൽ വരുന്നുണ്ടെന്ന് സിപിഎം നേതാക്കൾ മറുപടി നൽകി.പബ്ലിക് റിലേഷൻസ് പരിപാടിയായിരുന്നു മന്ത്രിമാരുടേതെന്നും പേരുകളൊന്നും നിർദേശിച്ചില്ലെന്നും പിന്നീടു യച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു.സംശുദ്ധമായ മതനിരപേക്ഷ നിലപാടുള്ളയാളെ സ്‌ഥാനാർഥിയാക്കണമെന്നാണ് സിപിഎം നിലപാട്.

അഭിപ്രായ ഐക്യത്തിനു സർക്കാർ ശ്രമിച്ചുവെന്ന പ്രതീതി സൃഷ്‌ടിക്കാൻ ഉദ്ദേശിച്ചുള്ളതു മാത്രമാണ് മന്ത്രിമാർ തങ്ങളുമായി നടത്തുന്ന കൂടിക്കാഴ്‌ചകളെന്നാണ് പ്രതിപക്ഷത്തെ വിലയിരുത്തൽ.ബിജെപി പരിഗണിക്കുന്നത് ആരെയൊക്കെയെന്നു മന്ത്രിമാർക്കുപോലും അറിയാമെന്നു തോന്നുന്നില്ലെന്നും, ദൈവത്തിനും പ്രധാനമന്ത്രിക്കുമേ പേരുകളറിയാവൂ എന്നാണ് മന്ത്രിസഭയിലെ ചിലർ പറഞ്ഞതെന്നും പ്രതിപക്ഷത്തെ ഒരു നേതാവ് പറഞ്ഞു.

സർക്കാർ പേരുകളൊന്നും പറയാത്ത സ്‌ഥിതിക്ക്, പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ചർച്ചകൾ ഉടനെ പുനരാരംഭിക്കുമെന്നും 21നോ 22നോ സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നുമാണ് നേതാക്കൾ നൽകുന്ന സൂചന.ഗോപാൽ ഗാന്ധിയെ സ്‌ഥാനാർഥിയാക്കുന്നതിനോടു യോജിപ്പാണെന്ന് കഴിഞ്ഞ ദിവസം യച്ചൂരിയുമായി നടത്തിയ ചർച്ചയിൽ സോണിയ സൂചിപ്പിച്ചിട്ടുണ്ട്.മുൻ ലോക്‌സഭാ സ്‌പീക്കർ മീരാ കുമാറിനെ സ്‌ഥാനാർഥിയാക്കമെന്ന് കോൺഗ്രസ് ഇടയ്‌ക്ക് ആലോചിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷത്തെ എല്ലാവരും അതിനോടു യോജിക്കില്ലെന്ന വിലയിരുത്തലുണ്ടത്രേ.

‘ഗാന്ധി പൈതൃക’ത്തെ തള്ളിപ്പറയുക എളുപ്പമല്ലാത്തതിനാൽ ഗോപാൽ ഗാന്ധിയുടെ സ്‌ഥാനാർഥിത്വത്തെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് നിർബന്ധിതമാകുന്ന സ്‌ഥിതിയാണുള്ളത്.മഹാത്മാ ഗാന്ധിക്കൊപ്പം സി.രാജഗോപാലാചാരിയുടെയും ചെറുമകനായ ഗോപാൽ ഗാന്ധിയെ തള്ളിപ്പറയുക തമിഴ്‌നാടു പാർട്ടികൾക്കും എളുപ്പമല്ല.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാൾ ഉൾപ്പെടെ പ്രതിപക്ഷത്തെ പല നേതാക്കളുമായും കഴിഞ്ഞ ദിവസങ്ങളിൽ ഗോപാൽ ഗാന്ധി സംസാരിച്ചു. ഗോപാൽ ഗാന്ധിയെ പിന്തുണയ്‌ക്കുന്നതു ബഹുമതിയായി കരുതുമെന്നാണ് കേജ്‌രിവാൾ പറഞ്ഞത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് തുടങ്ങിയവരും അനുകുല നിലപാടാണു സൂചിപ്പിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ വൃത്തങ്ങൾ പറഞ്ഞു.