ദലിത് പോർമുഖം തുറക്കാൻ തന്നെ പ്രതിപക്ഷ നീക്കം

ന്യൂഡൽഹി∙ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ റാം നാഥ് കോവിന്ദിനെതിരെ സ്‌ഥാനാർഥി വേണമെന്നതിൽ പ്രതിപക്ഷത്തെ മിക്ക പാർട്ടികൾക്കും സംശയമില്ല. സ്‌ഥാനാർഥി ദലിത് വിഭാഗത്തിൽനിന്നായിരിക്കണമെന്നും ധാരണയുണ്ട്. സംശയമുള്ളതും ധാരണയില്ലാത്തതും ഒരു കാര്യത്തിൽ മാത്രമാണ് – പ്രതിപക്ഷത്തെ എല്ലാ പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കാനാവുമോ?

ദലിതിനു പകരം ദലിത് എന്നത് ശരിയാണോയെന്ന് പ്രതിപക്ഷത്തുണ്ടായ സംശയത്തിന് അവർതന്നെ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ദലിതർക്കെതിരെ നടന്ന അക്രമങ്ങളിൽനിന്നു തലയൂരാനാണ് ബിജെപി ദലിതിനെ സ്‌ഥാനാർഥിയാക്കിയിരിക്കുന്നത്. അവരുടെ സ്‌ഥാനാർഥി ബിജെപി ദലിതാണ് – ന്യൂനപക്ഷ വിരുദ്ധതയുൾപ്പെടെ ബിജെപിയുടെ നിലപാടുകൾ പങ്കിടുന്നയാൾ. അപ്പോൾ മൽസരം ബിജെപി ദലിതും അല്ലാത്ത ദലിതും തമ്മിലാണ്.

പ്രതിപക്ഷ സ്‌ഥാനാർഥി ആരാണെങ്കിലും കോൺഗ്രസ്, സിപിഎം, സിപിഐ, ആർജെഡി, തൃണമൂൽ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി തുടങ്ങിയവയുടെ പിന്തുണ ഉറപ്പാണ്. സ്‌ഥാനാർഥിയെ തീരുമാനിക്കുന്നതിനുള്ള പ്രധാന ചർച്ച ഇപ്പോൾ കോൺഗ്രസും സിപിഎമ്മും തമ്മിലാണ്. ഇനിയും കൃത്യമായ നിലപാടില്ലാത്തത് ജനതാ ദൾ(യു), സമാജ് വാദി പാർട്ടി എന്നിവയ്‌ക്കാണ്. നാളെ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.

മുൻ ലോക്‌സഭാ സ്‌പീക്കർ മീരാ കുമാർ, മുൻ കേന്ദ്ര മന്ത്രി സുശീൽ കുമാർ ഷിൻഡെ, മുൻ ലോക്‌സഭാംഗം പ്രകാശ് അംബേദ്‌കർ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷത്തിന്റെ പട്ടികയിൽ മുകളിലുള്ളത്. പരിഗണിക്കപ്പെടുന്നതിൽ മിക്കവരും കോൺഗ്രസുകാരാണെന്നത് പ്രതിപക്ഷത്ത് ചില പാർട്ടികൾക്കു പ്രശ്‌നമാണ്. മഹാരാഷ്‌ട്രയിൽനിന്നുള്ള ദലിതാണെങ്കിൽ ശിവസേന ഇപ്പോഴത്തെ നിലപാട് പുനഃപരിശോധിച്ചേക്കുമെന്നും ആദിവാസിയാണെങ്കിൽ ബിജെപിയിലെ ആദിവാസി വോട്ടർമാരെ പിളർത്താമെന്നും പ്രതിപക്ഷത്തു പ്രതീക്ഷയുണ്ട്. ജെഡിയുവും സമാജ് വാദി പാർട്ടിയും നിലപാട് തീരുമാനിക്കാൻ ഇന്നു യോഗം ചേരുന്നുണ്ട്.